രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുംവിധം കുതിച്ചുയരുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് സംഖ്യയിലേക്ക് ഉയരുകയാണ്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനിടെയാണ് രാജ്യത്ത് കണക്കുകള്‍ ഭയപ്പെടുത്തുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന കണക്കുകള്‍ കൂടുതല്‍.

24 മണിക്കൂറിനിനിടെ 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 8102 ആയി. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം 300-ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്താകെ 418919 പേരാണ് കൊവി‍ഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് മരണസംഖ്യ കൂടുതല്‍. 115130 പേരാണ് അമേരിക്കയില്‍ മരിച്ചത്. യുകെ (41128), ബ്രസീല്‍ (39797), ഇറ്റലി (34114) എന്നീ രാജ്യങ്ങലാണ് മരണക്കണക്കില്‍ ആദ്യ സ്ഥാനങ്ങളില്‍

ഒറ്റ ദിവസം 9996 കേസുകള്‍

രാജ്യത്ത് ദിവസങ്ങളായി പ്രതിദിനം പതിനായിരത്തോളം കൊവിഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 90000-നു മുകളില്‍ ആളുകള്‍ക്കാണ് ഓരോ ദിവസവും പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 9996 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 286579 പേരാണ് രോഗബാധിതരായത്. ഇതുവരെ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക (2066401), ബ്രസീല്‍ (775184), റഷ്യ (493657), ബ്രിട്ടന്‍ (290143), സ്‍പെയിന്‍ (287155) എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു