
തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രിയപ്പെട്ടവരെ,ഇന്ന് എല്ലാവരും അവരവരുടെ രാജാധികാരം രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേർന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ നമ്മൾ വിജയിക്കും. അറുപതിനായിരത്തോളം വോട്ടുകൾ തൃപ്പൂണിത്തുറയിൽ നേടുമെന്ന് തെരഞ്ഞെടുപ്പിൻ്റെ പകുതിയിൽ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ഞാനതിൽ ഉറച്ച് നിൽക്കുന്നു. തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.
കഴിഞ്ഞ ഒരുമാസമായി നമ്മളെല്ലാവരും ഒരു യുദ്ധമുഖത്തായിരുന്നു. പലതരത്തിലുള്ള അഗ്നിപരീക്ഷകളെയാണ് നമ്മള്‍ നേരിട്ടത്. ഈ അഗ്നിപരീക്ഷയെ ടീം സ്പിരിറ്റോടെ നേരിട്ടതിനാല്‍ തക്കതായ സന്തോഷഫലവും അതിനുണ്ടാകുമെന്ന് ഉറപ്പാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇന്ന് വരെ എല്ലാവരും ഒരുമയോടെ ഒന്നിച്ച് തോളോട് തോൾ ചേർന്ന് പ്രവര്‍ത്തിച്ചു. അതിന് ആദ്യം നന്ദി പറയേണ്ടത് മുന്നണിയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകരോടാണ്. എന്നോടൊപ്പം ഇടംവലം നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും റാലികളും സമ്മേളനങ്ങളും കുടുംബസംഗമങ്ങളും ഭവനസന്ദര്‍ശനങ്ങളുടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചും അഭ്യര്‍ത്ഥനയും പ്രകടന പത്രികയും ഓരോ വീടുകള്‍ കയറിയിറങ്ങി നല്‍കിയും വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് സ്ലിപ്പുകള്‍ കൊണ്ടെത്തിച്ചും വനിതകൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകരും കൂടെ നിന്നു. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ഓരോ പ്രവര്‍ത്തകനോടും എനിക്കുള്ളത്. എനിക്കായി വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഒരുക്കാന്‍ കാത്ത് നിന്ന പൊതുജനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയവര്‍, പോസ്റ്റർ ഒട്ടിച്ചവർ, ഭക്ഷണം നല്‍കിയവര്‍ അങ്ങനെ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സഹകരിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഈ അവസരത്തില്‍ നന്ദി പറയട്ടെ.
പ്രചാരണത്തിന്റെ തുടക്കത്തിൽ വലിയ ഓളമൊന്നും കൃത്രിമമായി സൃഷ്ടിക്കുവാൻ ഞാൻ ശ്രദ്ധിച്ചില്ല, അതിലൊന്നും താല്പര്യവുമുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയിലെ കോളനികൾ സന്ദർശിക്കുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിലുമാണ് ഞാൻ ശ്രദ്ധിച്ചത്. എന്നാൽ പ്രചാരണം അവസാനിക്കുമ്പോൾ വൻ ജനാവലി ആണ് എനിക്ക് പിന്നിൽ അണി നിരന്നത്. ഇത് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തിയെന്നത് ഇരുളിൻ്റെ മറവിലെ ചിലരുടെ പ്രവർത്തികളിൽ നിന്നും ജനം മനസ്സിലാക്കി.
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരിക്കണമെന്ന് നമുക്ക് വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു. അടിസ്ഥാന സൗകര്യമില്ലാതെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ ആദ്യം സന്ദര്‍ശനം നടത്തി പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ നഗരത്തില്‍ സജീവമാകുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം വന്‍വിജയമായി. അവസാന ദിവസങ്ങൾ ആവേശകരമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 16 മുതലാണ് നിയോജകമണ്ഡലത്തിലെ കോളനികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ 62 കോളനികളില്‍ സന്ദര്‍ശനം നടത്തി. കുമ്പളങ്ങിയിലെ കോളനിയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. കൂനംവീട്, ഫിഷര്‍മാന്‍, വേഴപ്പറമ്പ്, മാടവന, പള്ളിത്തോട്, കണിയാവള്ളി, കുന്നറ, തണ്ടാശ്ശേരി, കടക്കോടം, കാവുങ്കതറ, വിശ്വകര്‍മ്മ കോളനി, ചക്കാലമുട്ട് തുടങ്ങിയ വിവിധ കോളനികള്‍ പിന്നീട് സന്ദര്‍ശിച്ചു.
കുടിവെള്ള പ്രശ്‌നം, വൃത്തിഹീനമായ സാഹചര്യം, വേണ്ടത്ര സൗകര്യമില്ലാത്ത വീടുകള്‍, പൊട്ടിപ്പെളിഞ്ഞ റോഡുകള്‍ തുടങ്ങിയ ജനകീയ വിഷയങ്ങള്‍ കോളനിവാസികള്‍ എൻ്റെ മുന്നില്‍ അവതരിപ്പിച്ചു. ഈ കോളനികളിലെ എല്ലാ വീടുകളിലും കയറി വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കോളനികളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കി.അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തെ പോലെയാണ് കോളനിവാസികള്‍ ഇപ്പോഴും കഴിയുന്നത്. അവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. അത് നിറവേറ്റിക്കൊടുക്കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കായില്ലെന്നുള്ളത് അവരെ മനസ്സിലാക്കിക്കുവാൻ കഴിഞ്ഞു. കോളനികളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒരു ജനപ്രതിനിധി പോലും അങ്ങോട്ടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുള്ള കാര്യം മനസിലാകുന്നത്. മരിച്ച ഒരാളുടെ മൃതദേഹം പോലും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് മിക്ക കോളനികളിലുമുള്ളത്.താന്‍ എം.എല്‍.എ. ആയാല്‍ കോളനികളുടെ ശോച്യാവസ്ഥയ്ക്ക് ശ്വാശതമായ പരിഹാരം ഉണ്ടാകുമെന്ന് അവിടെയുള്ളവര്‍ക്ക് ഉറപ്പു നല്‍കി.
അവസാന ദിവസങ്ങളിൽ തൃപ്പൂണിത്തുറയുടെ നഗര പ്രദേശങ്ങൾ സന്ദർശിച്ചു. വീടിന് മുന്നിൽ നിലവിളക്ക് കത്തിച്ച് വച്ച് സ്വീകരിച്ച തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സ്ത്രീ ജനങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി. എന്നെ വിസ്മയപ്പെടുത്തിയ ഒന്നായിരുന്നു അത്.
ഇതിനിടെ ആദരണീയനായ അമിത് ഷാ ഉൾപ്പെടെയുള്ള നിരവധി എൻ. ഡി. എ. നേതാക്കൾ തൃപ്പൂണിത്തുറയിലെത്തി. എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
എന്റെ പാർട്ടി പ്രവർത്തകരോടൊപ്പം നിഷ്പക്ഷരായ നിരവധി പേർ എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുവാനും എന്നെ പിന്തുണക്കുവാനും കൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.
ഇനിയുള്ള ദിവസങ്ങളിലും ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ, നിങ്ങള്‍ക്ക് എന്ത് ആവശ്യത്തിനും എന്നെ സമീപിക്കാം. ചെയ്ത് നൽകാൻ കഴിയാവുന്ന സഹായങ്ങൾ, ഏത് നിമിഷവും ചെയ്തു തരുന്നതിൽ സന്തോഷമേ ഉള്ളൂ.
ഒരിയ്ക്കൽ കൂടി എല്ലാവർക്കും നന്ദി. മെയ് രണ്ടിന് നമ്മൾ വിജയം ആഘോഷിക്കും.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
എൻ ഡി എ സ്ഥാനാർത്ഥി
തൃപ്പൂണിത്തുറ നിയോജക മണ്ഡലം