ക്ഷമാശീലനായിരിക്കുക, കൂടുതൽ കാരുണ്യവാനായിരിക്കുക എന്നതാണു ജീവിതം എന്നെ പഠിപ്പിച്ചത്. മറിച്ചുള്ള സന്ദര്‍ഭങ്ങളിലൊക്കെയും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വന്നുഭവിച്ചിട്ടുണ്ട്.

Share News

🌿

ജീവിതവും ഗുരുദർശനങ്ങളും

എന്റെ ജീവിതംഅല്ലലില്ലാത്ത ലളിതമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. ഏറ്റക്കുറിച്ചിലുകളും താളപ്പിഴകളും സങ്കൽപ്പത്തിലുള്ള ആ ‘ലാളിത്യ’ത്തെ പലപ്പോഴും ഇല്ലാതാക്കുന്നുണ്ട്. ഭൗതികമായ നേട്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും മുന്നിട്ടു നിൽക്കുന്നു. ആഗ്രഹിക്കുന്നതു നേടണം.. അതിനായി പരിശ്രമിക്കണം എന്ന ചിന്ത പ്രബലമാണ്. ജീവിതം ചിലപ്പോഴൊക്കെയും മത്സരമായി മാറിയിട്ടുണ്ട്.ചിലതു നേടുമ്പോൾ.ആ വിജയങ്ങളിൽ ശൂന്യത തോന്നാറുണ്ട്. പ്രത്യേകിച്ച് ആ നേടലിനു മുൻപും പിന്നിലുമുള്ള മനോവ്യാപാരങ്ങൾ വിലയിരുത്തുമ്പോൾ. ‘ഒടുങ്ങാത്ത ആഗ്രഹങ്ങൾ മനുഷ്യർക്ക് അല്ലാതെ മറ്റൊരു മൃഗത്തിനും ഇല്ല അവൻ പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു’ എന്നു ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. എന്തിനുവേണ്ടിയായിരുന്നു കേവലമായ ഇത്തരം നേട്ടങ്ങൾക്കുവേണ്ടി അമിതപ്രാധാന്യം നൽകിയതെന്നു ചിന്തിച്ചിട്ടുണ്ട്. അത്തരം ചില തിരിച്ചറിവുകൾ സ്വയം താൻ ആരെന്ന അന്വേഷണത്തിലേക്കും കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. ഉള്ളാലെ കിട്ടുന്ന അറിവാണ് മനുഷ്യഗുണം. അറിവിനു വേണ്ടിയാണു ജീവിക്കേണ്ടത്. അറിവ് തന്നെത്തന്നെ ഉള്ളാലെ ഒരുവനെ ശുദ്ധീകരിക്കുന്നുണ്ട്.

🌿 എന്റെ നിലപാടുകൾ

തീർത്തും ‘മനുഷ്യത്വ’പരമായ ഒന്നിലാണ് എന്റെ വിശ്വാസങ്ങൾ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. മനുഷ്യനു സ്വന്തവും സ്ഥായിയുമായി ലഭിച്ചിരിക്കുന്ന ചില കഴിവുകൾ ഏതു മുറിവുകളെയും ഉണക്കുമെന്നു ഞാൻ കരുതുന്നു. കാലം ഉണക്കാത്ത മുറിവുകളില്ല എന്നു പൊതുവെ പറയാറുണ്ട്. പക്ഷേ അതിനായി കാത്തിരിക്കാൻ ക്ഷമയില്ലതാനും. എന്നെ ഉപദ്രവിക്കുന്നവനെ ശത്രുവോ അപരനോ ആയി കാണാൻ ഇപ്പോളെനിക്കു കഴിയാറില്ല. എന്തിന്റെയെങ്കിലും പേരിൽ പ്രതികാരത്തിനും ഇറങ്ങിപ്പുറപ്പെടാനാകുന്നില്ല. അതു കഴിവുകേടോ ശക്തിക്കുറവോ ദൗർബല്യമോ ആയി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. അങ്ങനെയല്ല. ശത്രു നമുക്കു മുന്നിലുണ്ട്. നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ഒരാളിൽ നിന്നും മറ്റൊരാളുടെ ഹൃദയത്തിലേക്കുള്ള ദൂരം വല്ലാതെ കൂടുമ്പോഴാണ് മനസ്സിലാക്കപ്പെടാതെ വരുന്നത്. മുൻപു സൂചിപ്പിച്ച ‘അറിവ്’ എന്ന ലേപനം മാത്രമാണ് ജീവിതത്തെ സ്വാസ്ഥ്യം നിറഞ്ഞ തണൽവഴികളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നത്.

🌿 ജീവിതം പഠിപ്പിച്ച വേദാന്തം

ക്ഷമാശീലനായിരിക്കുക, കൂടുതൽ കാരുണ്യവാനായിരിക്കുക എന്നതാണു ജീവിതം എന്നെ പഠിപ്പിച്ചത്. മറിച്ചുള്ള സന്ദര്‍ഭങ്ങളിലൊക്കെയും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വന്നുഭവിച്ചിട്ടുണ്ട്. ദേഷ്യപ്പെടുന്നവരോട്, ക്ഷോഭിക്കുന്നവരോട്, ഉപദ്രവിക്കുന്നവരോട്, പൊറുക്കപ്പെടാനാവാത്ത തെറ്റുകൾ ചെയ്യുന്നവരോട് അപ്പപ്പോള്‍ പ്രതികരിക്കണം എന്നു നിർബന്ധബുദ്ധിയുള്ളവർ കണ്ടേക്കാം. നിങ്ങൾ എന്തുകൊണ്ട് അപ്പോൾ അവർക്കൊരു മറുപടി കൊടുത്തില്ല, അല്ലങ്കിൽ തിരിച്ചൊന്നും പറയാതെ മിണ്ടാതെ നിന്നു കേട്ടതെന്തെന്നു ചോദിക്കുന്നവരുണ്ടാകാം. ചില മറുപടികൾ കാലം നൽകേണ്ടതാണ്. ചിലരോട് വിശദീകരണങ്ങൾ നൽകാൻ അധികം ശ്രമിക്കാതിരിക്കുന്നതാണു ചില സന്ദർഭങ്ങളിൽ നല്ലത്. കാരണം ചിലർ അവർക്കിഷ്ടപ്പെട്ടതുമാത്രം കാണാനും കേള്‍ക്കാനും ബോധപൂർവം ശ്രമം നടത്തുന്നവരാണ്.

🌿 ഗുരു എനിക്കാരാണ്?

മനുഷ്യനേയും ജീവിതത്തേയും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയും ലളിതമായി വ്യാഖ്യാനിച്ചവരില്ല. ഇങ്ങനെയൊരു ഗുരുവിന്റെ ശിഷ്യനായിരിക്കാൻ ഞാൻ കൊതിക്കുന്നു.. കുമാരനാശാൻ എന്നെ വിസ്മയിപ്പിച്ച കവിയാണ്. ഗുരുവിന്റെ കവിത അതിലും എത്രയോ ഉയരത്തിലാണ്. ആ ഗിരിശൃംഘത്തിലെത്തിച്ചേരുക അസാധ്യം. മനുഷ്യജീവിതം എല്ലാലത്തും അന്തസോടെ എങ്ങനെ മുന്നോട്ടു പോകണമെന്നു ഗുരു പറഞ്ഞു വയ്ക്കുന്നു.ഉദാഹരണത്തിനു തൊഴിലിനെപ്പറ്റിയുള്ള ഈ ഗുരുവചനം നോക്കൂ. : ‘ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ തൊഴിലുകൾ കൊടുക്കുന്നത് ഉത്തമമാണ്. ഭിക്ഷ വാങ്ങുന്നത് ദാരിദ്ര്യം വർദ്ധിപ്പിക്കും. ദാനം വാങ്ങുന്നത് അഭിമാനം നശിപ്പിക്കും.’എത്ര ചലനാത്മകമാണ് ഗുരുവിന്റെ വാക്കുകൾ.

🌿 ഗുരുത്വം എന്റെ ജീവിതത്തിൽ

‘ദൈവദശകം’ പ്രാർഥനയായി ചൊല്ലുമായിരുന്നു. സന്ധ്യാനേരങ്ങളിൽ ഈണത്തിൽ ചൊല്ലുന്നതു കേട്ടും പിന്നീടു ചൊല്ലിയും മുന്നേറിയപ്പോൾ ആ വരികളുടെ ആന്തരീകാർഥവും അർഥതലങ്ങളും ഒക്കെ മാറിമറിയുന്നത് അത്ഭുതാദരങ്ങളോടെ മനസ്സിലാക്കാനായിട്ടുണ്ട്. ദൈവദശകം കവിതയോ പ്രാർഥനയോ ആയി അല്ല ഇപ്പോൾ മനസ്സിലാക്കുന്നത്. ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തെന്നു പിടിതരാത്ത ഒരു മഹാസമുദ്രമമാണ് ആ രചന. നേരത്തെ സൂചിപ്പിച്ച ‘അറിവ്’ നേടിയ ഒരാൾക്കു മാത്രമേ അതു വഴങ്ങിത്തരികയുള്ളൂ. ആ സമുദ്രത്തിന്റെ അധിപതിയായ ഗുരുവിനെ പൂർണമായി മനസ്സിലാക്കുകയെന്നത് മനുഷ്യന് അസാധ്യമായ പ്രയത്നമാണ്..

🌿 ശ്രീനാരായണഗുരുവിൽ ഞാൻ കാണുന്നത് ‘പലമതസാരവുമേകം’ എന്നു ഗുരു പറഞ്ഞു. മനുഷ്യരിലും മതങ്ങളിലും മാത്രമല്ല പ്രകൃതിയിലും ഇക്കാണുന്ന അനേകകോടി സൗരയൂഥങ്ങളിലും ഈ ഏകത്വം ദർശിക്കുന്നയെന്നതും അതേ ഏകത്വത്തിൽ ചലിക്കുകയുമാണു വേണ്ടത്. ഗുരുവിന്റെ ദീർഘദർശിത്വം സിദ്ധിയല്ല. അത്തരമൊരു ഗുരുവിനെ ഞാൻ നമസ്കരിക്കുന്നു.

ടി ബി ലാൽ

Share News