ബോബിച്ചായാ നീ ഞങ്ങൾക്കായി ഓർമ്മകളുടെ ‘റോസ് ഗാർഡൻ’ ഒരുക്കി പെട്ടെന്നങ്ങ് പോയി…

Share News

സത്യത്തിൽ ഈയാഴ്ചയ്ക്ക് സൗന്ദര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ശൂന്യതകൾ പലതരത്തിൽ പലരിലൂടെ വ്യഥകളുണ്ടാക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എൻ്റെ ആത്മവിശ്വാസം തന്നെ തകർത്തു കളഞ്ഞ സംഭവം. വാക്കുകളുടെ അർത്ഥ ശൂന്യത. മന:സാക്ഷിയില്ലാത്ത വെട്ടലിൽ സത്യത്തിൽ വിറങ്ങലിച്ചു പോയി. വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട മിനിറ്റുകൾ. ആത്മാർത്ഥതയുടെ ആവശ്യമില്ലെന്നും വിശ്വസ്തതയ്ക്ക് വിലയില്ലെന്നും എന്നെ മനസ്സിലാക്കിയ മണിക്കൂറുകൾ. അപഹസിക്കപ്പെട്ട് വെറും അപരനായി, കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ വെട്ടിമുറിക്കപ്പെട്ടപ്പോഴുണ്ടായ ഒറ്റപ്പെടൽ.

അങ്ങനെയിരിക്കുമ്പോഴാണ് വ്യാഴാഴ്ച കൂനിന്മേൽ കുരു പോലെ തലയിലൊരു മര കമ്പ് വീഴുന്നത്. അങ്ങനെ ആശുപത്രിയിലെത്തുമ്പോൾ അതാ കോളജ് പഠന കാലത്ത് തന്നെ പരിചയമുള്ള ബന്ധുവിന് സീരിയസാണെന്ന വിളിയെത്തുന്നു, പിറ്റേന്ന് രാവിലെ മരണ വാർത്തയും. മണിക്കൂറുകൾക്കകം എറണാകുളത്ത് നിന്നും മറ്റൊരു സുഹൃത്തിൻ്റെ വിയോഗ വാർത്ത. അങ്ങനെ വെള്ളിയാഴ്ച കറുത്തതായി. അങ്ങനെ ഇലക്ഷൻ തിരക്കുകളുടെ ഒന്നര മാസവും തിങ്കളാഴ്ചയിലെ വെട്ടിമുറിയ്ക്കലും വെള്ളിയാഴ്ചയിലെ വിയോഗ വാർത്തകളും തലയിൽ കമ്പ് വീണുള്ള വേദനയും എല്ലാം കൂടി ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിൽ വെള്ളിയാഴ്ച രാത്രിയിൽ എൻ്റെ മനസ്സിൽ ഓടിയെത്തിയ രൂപം എൻ്റെ സുഹൃത്ത് ബോബിച്ചായൻ്റേതായിരുന്നു. തിങ്കളാഴ്ച ലഭിച്ച അടിയിൽ വിഷു ദിവസം തന്നെ ഔദ്യോഗിക കാര്യങ്ങൾക്ക് കുറേ നാളത്തേയ്ക്ക് ഞാൻ സുല്ലിടുന്നു എന്ന് എൻ്റെ കൂട്ടുകാരെ അറിയിച്ചിരുന്നു.

ശനിയാഴ്ച ബോബിയെ വിളിക്കുക, ഞായറാഴ്ച വൈകിട്ട് ബോബിയുടെ പീരുമേട്ടിലെ റോസ് ഗാർഡൻ റിസോർട്ടിലേക്ക് പോകുക എന്ന തീരുമാനത്തിൽ ഉറങ്ങിയെഴുന്നേറ്റ ഞാൻ രാവിലെ വായിക്കുന്നത് പ്രിയ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ചന്ദ്രകാന്തിൻ്റെ വാട്ട്സ്ആപ്പ് മെസ്സേജാണ് – ‘ബോബിക്ക് സീരിയസാണ്, പ്രാർത്ഥിക്കണം’. പക്ഷെ, പ്രാർത്ഥനകൾക്ക് ബോബിയെ പിടിച്ച് നിർത്താനായില്ല. ബോബി പോയി. കോവിഡ് ബോബിയെ കൂട്ടിക്കൊണ്ടു പോയി.

ബോബിയെ വിളിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിച്ചിരുന്നു. അവസാനം അവൻ കോവിഡ് പോസറ്റീവായി സ്വർഗീയ ഭവനത്തിലേയ്ക്ക് യാത്രയായി.

ബോബി എന്നും സഹൃദയനായിരുന്നു. കോട്ടയം പ്രസ് ക്ലബിൽ പത്രപ്രവർത്തനം പഠിക്കാനെത്തിയ 1997 ജൂലൈയിലാണ് ഞാൻ ബോബിയെ പരിചയപ്പെടുന്നത്. മലയാള മനോരമയുടെ സോഷ്യൽ മീഡിയ എഡിറ്റർ ടോണി കെ. ജോസ്, വനിതയുടെ എക്സിക്കുട്ടീവ് എഡിറ്റർ സീന സിറിയക്, മെട്രോ വാർത്ത ബിസിനസ് എഡിറ്റർ പി. ബി. ബാലു, മനോരമയിലെ ന്യൂസ് എഡിറ്റർ മാനുവൽ, ഊട്ടി ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ മുൻ ഡീൻ നീത, ഡോൺസി, മരിയ, വർഗീസ് ചെറിയാൻ, ഇന്ത്യ ടുഡേ മുൻ അസോസിയേറ്റ് എഡിറ്റർ ബിന്ദു രാജ് … ഇവർക്കൊക്കെ ഒപ്പം പോൾ മണലിൽ സാറിൻ്റെ അനേകം ശിഷ്യന്മാരിൽ ഒരുവൻ. അന്ന് മുതൽ ഇന്ന് വരെ ബോബി എൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു. മുണ്ടക്കയം, പീരുമേട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം മേഖലകളിൽ എന്താവശ്യത്തിനും വിളിക്കാം. ആ വഴി പോയാൽ റിസോർട്ടിൽ കയറാം. ‘നടക്കില്ല’, എന്ന വാക്ക് ബോബിയുടെ നിഘണ്ടുവിൽ ഒരിയ്ക്കലും ഇല്ലായിരുന്നു. അതായിരുന്നു ബോബിച്ചായൻ.

അവസാനമായി കാണാനും കഴിഞ്ഞില്ല. തലയിൽ കമ്പ് വീണ് ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ അതേ ഹോസ്പിറ്റലിൽ നീ മരണത്തോട് മല്ലടിക്കുന്നുവെന്ന വിവരം ഞാനും അറിഞ്ഞിരുന്നില്ല…എടാ ജലീഷേ… എന്നാ ഒണ്ട്… എന്ന വിളി ഇനി ഇല്ല.

ഒരു ഒളിച്ചോട്ടമായി ഞാൻ നിൻ്റെ അടുത്തേയ്ക്ക് വരാനിരിക്കുമ്പോൾ നീ റോസ് ഗാർഡനിൽ നിന്നും എന്നെന്നേയ്ക്കുമായി പോകുന്നു… ബോബിച്ചായാ നീ ഞങ്ങൾക്കായി ഓർമ്മകളുടെ ‘റോസ് ഗാർഡൻ’ ഒരുക്കി പെട്ടെന്നങ്ങ് പോയി…

Jaleesh Peter

Business Consultant/PR&Branding/Career Guidance@9447123075

Share News