
ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!
ഫ്രാൻസിൽ കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച ഒരു ലക്ഷം കടന്നപ്പോൾ അന്നാട്ടുകാരിയായ Julie Grasset, ആ ഒരു ലക്ഷത്തിലൊരാളായ തന്റെ അപ്പനെ ഓർത്തു.
2020 മാർച്ച് 25!
കോവിഡ് ബാധിച്ച് അപ്പൻ മരിച്ചെന്ന വാർത്ത കേട്ട് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്ന് പാഞ്ഞെത്തിയ മകളുടെ നേർക്ക് ഒരു പേടകത്തിലടച്ച ഒരു പിടി ചാരം വച്ചു നീട്ടി അവർ പറഞ്ഞു: “ഇതാ നിങ്ങളുടെ പിതാവ്!” ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല.
അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!കുടുംബാംഗങ്ങളിൽ ഒരാളുടെ പോലും സാന്നിദ്ധ്യമില്ലാതെ മരിച്ച അന്നു തന്നെ ആരോഗ്യ പ്രവർത്തകർ ശരീരം ദഹിപ്പിച്ചിരുന്നു. അങ്ങനെയേ അന്നു കഴിയുമായിരുന്നുള്ളൂ. കണക്കുകളിൽ അയാൾ ഒരു ലക്ഷത്തിലൊന്നു മാത്രമാണ്. പക്ഷെ ആ കുടുംബത്തിന് അയാൾ മറ്റാർക്കും പകരക്കാരനാവാൻ കഴിയാത്ത ഒരപ്പനാണ്.മരിച്ചവരൊക്കെ കണക്കുകളുടെ ഏതോ താളിലെ ഒരക്കം മാത്രമായി അപ്രസക്തരായിക്കഴിഞ്ഞു.
ഇന്ന് രോഗികളും അങ്ങനെ തന്നെ. വ്യാപനം ഇങ്ങനെ തുടർന്നാൽ ജീവിച്ചിരിക്കുന്നവരും ചിലപ്പോൾ വരും ദിനങ്ങളിൽ അങ്ങനെ തന്നെ എണ്ണപ്പെട്ടേക്കാം. തടഞ്ഞേ പറ്റൂ!

Fr. Sheen Palakkuzhy