
കർദിനാളിന് പിന്തുണ; ജീവവായു ഭരണഘടനാഅവകാശമാക്കണം: സിറിയക് ചാഴികാടൻ
മരണം വായുവിലെങ്ങും തങ്ങിനിൽക്കുമ്പോൾ കർദിനാൾ ആലഞ്ചേരി പിതാവിനെപ്പോലുള്ള ഇടയന്മാരുടെ വാക്കുകൾ ചെവിക്കൊള്ളാൻ വൈകിക്കൂടാ. ജീവവായു ജന്മാവകാശമായി പ്രഖ്യാപിക്കണമെന്ന കർദിനാളിന്റെ ആഹ്വാനം ഇന്നല്ലെങ്കിൽ നാളെ ജനങ്ങളുടെ പൊതു ആവശ്യമായി ഉയരും. ഭരണകൂടങ്ങൾക്ക് അത് അംഗീകരിക്കേണ്ടിയും വരും.

മെഡിക്കൽ ഓക്സിജന്റെ ക്ഷാമം കോവിഡ് ബാധിതരുടെ ജീവനെടുക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ പത്തുപേരുടെ ജീവിതം ഇങ്ങനെ ദയനീയമായി അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ദീർഘക്കാഴ്ചയോടെ പിണറായി സർക്കാർ ആരംഭിച്ച ഓക്സിജൻ പ്ലാന്റ് പോലെ, ജീവവായുവിന് നിലവിൽ ക്ഷാമം നേരിടേണ്ടി വരാനിടയില്ലാത്ത ശക്തമായ പൊതുജനാരോഗ്യശൃംഖല നിലവിലുള്ളതിന്റെ ആശ്വാസമുള്ളപ്പോഴും, ശ്വാസവായുവിന്റെ അഭാവംകൊണ്ട് മരണത്തിലേക്ക് നീങ്ങേണ്ടിവരുന്ന ദുരനുഭവം ഇവിടെയായാലും ആർക്കുമുണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയാൻ ധൈര്യം കിട്ടുന്നില്ല. നിലവിലെ മേന്മകളോടുള്ള അഭിപ്രായവ്യത്യാസമായല്ല, കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്കകൊണ്ട് പറഞ്ഞുപോകുന്നതാണ്.

പിതാവ് പറഞ്ഞതിനെക്കുറിച്ചുള്ള ആലോചനയിലേക്ക് വരട്ടെ:
പ്രായോഗികമായ സൗകര്യങ്ങൾ ജനങ്ങൾക്ക് ഉറപ്പാക്കുന്നതിനു പിന്നിലെല്ലാം പൊതുവായൊരു നീതിബോധത്തിന്റെ അടിസ്ഥാനമുണ്ടെന്ന് നമുക്കറിയാം. ഭക്ഷണവും വസ്ത്രവും പാർപ്പിടവും ജനങ്ങളുടെ അടിസ്ഥാന അവകാശമായി ലോകമാകെ അംഗീകരിക്കുന്നതും അത് നടപ്പാക്കാൻ എല്ലാ ഭരണകൂടങ്ങൾക്കും ബാദ്ധ്യത വന്നതും ഈ നീതിബോധത്തെ അംഗീകരിച്ചതുകൊണ്ടാണ്.
ചില ചുറ്റുപാടുകളിൽ നിലവിലെ നീതിബോധം തികയാതെ വരും. കൂടുതൽ മേഖലകളിലേക്ക് നമ്മുടെ നീതിബോധം വികസിപ്പിക്കേണ്ടി വരും. അപൂർവ്വമായി വരുന്നവയാണ് ഇത്തരം അവസരങ്ങൾ. നാം അഭിമുഖീകരിക്കുന്നത് അത്തരമൊന്നിനെയാണ്.
ആ കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കാൻ ജ്ഞാനികളായ ചിലർ ഉണ്ടാവുകയും വേണം. അഭിവന്ദ്യപിതാവ് കർദിനാൾ ജോർജ് ആലഞ്ചേരി നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രതിസന്ധിഘട്ടത്തിൽ ആ കടമ നിറവേറ്റുകയാണെന്ന് നന്ദിയോടെ നമുക്ക് മനസ്സിലാക്കാം.

ജീവവായു അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിക്കണമെന്ന കാഴ്ചപ്പാട് മാത്രമല്ല, ജീവവായുവിനെ കച്ചവടച്ചരക്ക് ആക്കരുതെന്ന് ഏറ്റവും സമയോചിതമായ ആവശ്യംകൂടി പിതാവ് മുന്നോട്ടുവച്ചിരിക്കുന്നത് പ്രത്യേകം കാണണം. സാധാരണയായി, ഭരണനിർവ്വഹണകാര്യങ്ങൾ അതാത് സർക്കാരുകളുടേതാണെന്നു കരുതുന്നവരാണ് സഭയും അതിന്റെ പിതാക്കന്മാരും. എന്നാൽ, ഭരണകർത്താക്കൾക്ക് വഴി തെറ്റുമ്പോൾ, അവർ കടമകൾ മറക്കുമ്പോൾ, കാലം ആവശ്യപ്പെടുന്ന നീതിബോധത്തിലേക്ക് ഉണരാതെ അവർ ജനജീവിതത്തിന് തടസ്സം നിൽക്കുമ്പോൾ, അവരെ തിരുത്താനും കൺതുറപ്പിക്കാനും ഉള്ളവരാണ് നല്ല ഇടയന്മാർ. അതാണ് പിതാവിന്റെ വാക്കുകളിൽ കാണാൻ പറ്റിയതെന്നും നന്ദിയോടെ നമുക്കോർക്കാം.
സ്വയം മുന്നോട്ടുവച്ച ഈ കാഴ്ചപ്പാട് ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്തതിന്റെ കുറവ് പ്രായോഗികമായി മനസ്സിലാക്കിത്തന്നെയാവും പിതാവിന്റെ ഇടപെടലെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. രോഗബാധിതർ പെരുകുകയും രോഗനിയന്ത്രണം കൈപ്പിടിയിൽനിന്ന് അകന്നകന്നു പോകുകയും ചെയ്യുമ്പോഴും, ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള രണ്ട് മനോഭാവങ്ങൾ നാം മനസ്സിലാക്കിയതിനേക്കാൾ ആഴത്തിൽ നല്ല ഇടയന്മാർക്ക് മനസ്സിലാവുമല്ലോ.
പിതാവു കൂടി നൽകുന്ന ആത്മധൈര്യത്തിൽ, മേൽപ്പറഞ്ഞ മനോഭാവങ്ങളെ തുറന്നുകാട്ടാൻ നാം ഓരോരുത്തരും രംഗത്തിറങ്ങാനുള്ള അവസരമായും ഇതിനെ മനസ്സിലാക്കണം.
ഒന്ന്, കേന്ദ്രഭരണകൂടം പുലർത്തുന്ന നിസ്സംഗതയും എന്തെങ്കിലും ചെയ്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന സംസ്ഥാനസർക്കാരുകളോടുള്ള ശത്രുതാ മനോഭാവവുമാണ്. കേരളത്തിന് അത് പരിചയംകൊണ്ട് അസ്വാഭാവികമല്ലാതായിത്തീർന്നിട്ടുണ്ട്.
എന്നാൽ, കേന്ദ്രഭരണാധികാരികളുടെ മൂക്കിനു താഴെയുള്ള ഡൽഹി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി താണുകേണ് ഓക്സിജൻപ്രതിസന്ധി പരിഹരിച്ചുതരാൻ അപേക്ഷിക്കുമ്പോഴും, കല്ലുപോലെ അലിയാതിരിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ നാമെല്ലാം കണ്ടിരുന്നുവല്ലോ. ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ പൊതുവിലുള്ള അലംഭാവം അതിൽ വ്യക്തമായിരുന്നു.
മറ്റൊന്ന്: പിതാവ് പറഞ്ഞതുപോലെ, ജീവവായു കച്ചവടവസ്തുവല്ലെന്ന് പറയാനും നമ്മെ ഓരോരുത്തരെയും നിർബന്ധിതരാക്കുന്ന സ്ഥിതിയാണ്. മഹാമാരിയിൽനിന്നും ലാഭംകൊയ്യാൻ പലർക്കും അവസരമൊരുക്കിക്കൊടുക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ഇതിനകംതന്നെ കുപ്രസിദ്ധമായിക്കഴിഞ്ഞിട്ടുണ്ട്.
വാക്സിൻ മരുന്നിന്റെ കാര്യത്തിൽ മരുന്നുഭീമന്മാരുടെ ലാഭതാല്പര്യത്തിനൊപ്പമാണ് ജനഹിതത്തേക്കാൾ ഇവർ നിൽക്കുന്നതെന്നത് ഇനിയാർക്കും കൂടുതൽ വ്യക്തമാകാനില്ല.
ഈ നിലയ്ക്കെല്ലാം, അഭിവന്ദ്യപിതാവ് മുന്നോട്ടുവച്ചിരിക്കുന്നത് നമ്മുടെ ഭാവിയ്ക്കുവേണ്ടിയുള്ള കാഴ്ചപ്പാടാണെന്ന് വ്യക്തമായി മനസ്സിലാക്കണം. ആപത്തിന്റെ സ്ഥിതി ദൈവസഹായത്താൽ ഇനി നീങ്ങിപ്പോയാലും, അദ്ദേഹത്തിന്റെ ദർശനം ഭരണകൂടങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ രാഷ്ട്രീയ-സാമൂഹികപ്രവർത്തകർ ഉത്തരവാദിത്തമെടുക്കണം.
എന്തുകൊണ്ടെന്നാൽ, ഇന്നത്തെയും ഭാവിയിലേയും ജനത ആ അവകാശം അർഹിക്കുന്നുണ്ട്. അവർക്കുവേണ്ടിയാണല്ലോ നാം പൊതുപ്രവർത്തകർ നിലകൊള്ളുന്നത്.
സിറിയക് ചാഴികാടൻ