നമ്മൾ പുതിയ ഒരു കോവിഡ് രോഗിയെ സൃഷ്ടിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മളുടെ ഉത്തരവാദിത്വവും കടമയുമാണ് അത് നിർവഹിക്കുക.
നേരത്തെ കേരളത്തിലെ മൊത്തം ഒരു ദിവസത്തെ രോഗികളുടെ കണക്കാണ് ഇന്ന് ഒരു ജില്ലയിൽ നിന്നും മാത്രം വരുന്നത്, ടെസ്റ്റ് കൂട്ടിയാൽ ഇത് ഇനിയും കൂടും, ഈ സമയത്ത് നമ്മൾ രാഷ്ട്രീയം പറയാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് കോവിഡിനെതിരെ പൊരുതുകയാണ് വേണ്ടത്, അല്ലെങ്കിൽ ന്യൂസ് ചാനലിൽ ഇരുന്നല്ല പരലോകത്ത് ഇരുന്ന് രാഷ്ട്രീയം പറയേണ്ടിവരും.
മുൻകരുതൽ എടുക്കേണ്ട പല കാര്യങ്ങളും ജനങ്ങളോട് പറഞ്ഞു, ആരും ഒന്നും അനുസരിച്ചില്ല, ഇനിയും കൂടിയാൽ അത്രയും രോഗികൾ ഒന്നിച്ച് ആശുപത്രിയിൽ എത്തിയാൽ ദൈവം തമ്പുരാനു പോലും ഒന്നും ചെയ്യാൻ കഴിയില്ല. നമ്മളെപ്പോലെ ജനസാന്ദ്രത കൂടിയ ഡൽഹി അതാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ കേരളം ഈ ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ പുരകത്തുമ്പോൾ വാഴ വെട്ടുന്ന ഇടപാടാണ് ഇവിടുത്തെ ചില സ്വകാര്യ ആശുപത്രികൾ ചെയ്യുന്നത്.
നിവൃത്തിയില്ലാതെ ഗുരുതര രോഗവുമായി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്ന ഒരു പാവപ്പെട്ട കുടുംബത്തെ പിഴിയുന്നത് ഇങ്ങനെ – രോഗി കാഷ്വാലിറ്റിയിൽ എത്തുമ്പോൾ തന്നെ ആന്റിജൻ ടെസ്റ്റ് 600 രൂപ, പിന്നീട് ആർ ടി പിസിആർ ടെസ്റ്റ് 1700 രൂപ, രോഗിക്ക് കൂട്ടു നിൽക്കുന്ന ആൾക്ക് ആർട്ടിപിസിആർ ടെസ്റ്റ് 1700 രൂപ വീണ്ടും, ഒരാൾ മാറി നിൽക്കണമെങ്കിൽ അയാൾക്കും ആർട്ടിപിസിആർ ടെസ്റ്റ് എടുക്കണം. ഓരോ ഏഴ് ദിവസത്തിലും ഇത് റിപ്പീറ്റ് ചെയ്യപ്പെടുന്നു. പുറത്ത് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഫ്രീ ആണെങ്കിൽ പോലും അവിടെ പോയി ചെയ്യാൻ ഇവർ സമ്മതിക്കില്ല.
ഒരു സാധാരണ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരുദിവസത്തെ റൂം വാടക 650 രൂപയാണ്, എന്നാൽ കോവിഡ് പ്രമാണിച്ച് അത് വെറും 5000 രൂപയായി ഉയർത്തിയിരിക്കുന്നു, ഇത് റൂം വാടക മാത്രം, പി പി ഇ കിറ്റ്, ഡോക്ടർ നേഴ്സ് വിസിറ്റിംഗ് ചാർജ്, മരുന്നുകൾ, മറ്റു ട്രീറ്റ്മെന്റ് കൾ, ഭക്ഷണം അങ്ങനെ പോകുന്നു കാര്യങ്ങൾ, ഇത് ഒരു പഞ്ചായത്ത് നിലവാരത്തിലുള്ള ഒരു ഹോസ്പിറ്റലിന്റെ ചാർജാണ്. നഗരപ്രദേശങ്ങളിൽ ഇത് 8000 മുതൽ 15000 രൂപ വരെയാണ്, സാധാരണ സമയങ്ങളിൽ 800 രൂപ മുതൽ 2500 വരെ മാത്രം വാടകയുള്ള സമയത്താണ് ഇത്.വെന്റിലേറ്ററിൽ കയറ്റിയാൽ പിന്നെ പറയുകയും വേണ്ട. സാമാന്യ നിരക്കിലുള്ള ഒരു വർദ്ധനവ് സമ്മതിച്ചു കൊടുക്കാം പക്ഷേ ഇത് കഴുത്തറപ്പൻ നടപടിയാണ്, സർക്കാർ സംവിധാനത്തിലുള്ള കോവിഡ് സെൻസറുകളും ഹോസ്പിറ്റലുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കാതെ സാധാരണക്കാർക്കുപോലും ഇനി ഗത്യന്തരമില്ല. നിങ്ങൾക്ക് നാട്ടിലെ ജനങ്ങളോട് യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ലേ? ഈ പകൽ കൊള്ളക്കെതിരെ നടപടി ഉണ്ടാവണം.
നമ്മൾ പുതിയ ഒരു കോവിഡ് രോഗിയെ സൃഷ്ടിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മളുടെ ഉത്തരവാദിത്വവും കടമയുമാണ് അത് നിർവഹിക്കുക.ശുഭദിനം
Vinod Panicker