വി.വി പ്രകാശിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…
The untimely demise of Malappuram DCC President & UDF Nilambur candidate V V Prakash Ji is extremely tragic. He will be remembered as an honest & hardworking member of Congress, always ready to offer help to the people. My heartfelt condolences to his family.
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ
പുലര്‍ച്ചെ ഞെട്ടലോടെയാണ് വി.വി പ്രകാശിന്റെ വിയോഗവാര്‍ത്ത അറിഞ്ഞത്. അര്‍പ്പണബോധത്തോടെ പ്രസ്ഥാനത്തിനുവേണ്ടി പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനെയാണ് വി.വി പ്രകാശിന്റെ അകാല വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു.
കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനാരംഗത്തു നിന്ന് കടന്നുവന്ന അദ്ദേഹത്തെ എനിക്ക് അടുത്തുനിന്ന് കാണാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായി നിറവേറ്റി. സഹപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും പ്രസ്ഥാനത്തോടും അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥത മാതൃകാപരമാണ്.
കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നു. വി.വി പ്രകാശിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…
മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോൺഗ്രസ്സിന്റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. എന്നും സാധാരണക്കാരന്റെ ശബ്ദമായിരുന്നു അദ്ദേഹം. ആദർശ ദീപ്തമായ ജീവിതമായിരുന്നു പ്രകാശിന്റേത്. ലാളിത്യമായിരുന്നു മുഖമുദ്ര. എല്ലാവരേയും വേർതിരിവില്ലാതെ ചേർത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവർത്തന ശൈലി. ഇന്നലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത ഡി.സി.സി അധ്യക്ഷൻമാരുടെ യോഗത്തിൽ പ്രകാശ് പങ്കെടുത്തിരുന്നു. ഞാൻ ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.അപ്രതീക്ഷിതമായ വിയോഗ വാർത്ത ഞെട്ടിക്കുന്നതാണ്. എനിക്ക് പ്രിയ സഹോദരനെ നഷ്ടമായതിന്റെ വേദനയാണ് ഉള്ളത്. കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
ആദരാജ്ഞലികൾ
അതിരാവിലെ ഞെട്ടലോടെയാണ് പ്രകാശിന്റെ വിയോഗ വാർത്ത കേട്ടത്. പ്രകാശ് നമ്മളെ വിട്ടുപോയെന്ന വാർത്ത കേട്ടതിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കെ എസ് യു പ്രവർത്തന കാലം മുതൽ ഒപ്പം നടന്ന ഒരു സഹപ്രവർത്തകൻ ഒരു വെളുപ്പിനെ ഇങ്ങനെ വിടപറഞ്ഞു പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 35 വർഷത്തോളമായി വ്യക്തിപരമായി ഏറ്റവും അടുപ്പമുണ്ട് പ്രകാശിനോട്. പ്രകാശിനെ കുറിച്ച് കാലമെത്ര കഴിഞ്ഞാലും മാഞ്ഞു പോകാത്ത ഒരു ചിത്രമുണ്ട് എൻ്റെ മനസ്സിൽ. 1989 ൽ നായനാർ സർക്കാരിന്റെ ഭരണകാലത്തു വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ കെ എസ് യു വിന്റെ സമരം നടക്കുന്നു. ഒരു പ്രകോപനവുമില്ലാതെ അതിക്രൂരമായ ലാത്തിചാർജാണ് പോലീസ് തുടങ്ങിവെച്ചത്. സെക്രെട്ടറിയേറ്റിനു മുൻപിലും ക്യാമ്പിലേക്ക് കൊണ്ടുപോയ വാഹനത്തിലും നന്ദാവനത്തെ പോലീസ്ക്യാമ്പിനുള്ളിലും വെച്ച് പോലീസ് അതിക്രൂരമായി ഞങ്ങളെ മർദിച്ചു.വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിനെതിരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ ഒരുവേള പ്രകാശ് പൊട്ടിത്തെറിച്ചു. ഞങ്ങളിൽ ഒരാളുടെ പോലും ശരീരത്തു തൊട്ടു പോകരുതെന്ന് അലറി കൊണ്ട് പ്രകാശ് പാഞ്ഞടുത്തു. രാഷ്ട്രീയ പകതീർക്കാൻ സർക്കാർ പറഞ്ഞതനുസരിച്ചു ഞങ്ങളെ മർദിച്ചാൽ അതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നു സി ഐ യുടെ മുഖത്ത് വിരൽ ചൂണ്ടി പ്രകാശ് പറഞ്ഞു. പൊതുവെ സൗമ്യനായ പ്രകാശിന്റെ വേറൊരു മുഖമായിരുന്നു അത്. പിന്നീടെത്രയോ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ഞങ്ങൾ ഒരുമിച്ചു നിന്നു പൊരുതി. പരമ്പരാഗത രാഷ്ട്രീയ ശൈലിക്കുമപ്പുറത് തന്റേതായ ഒരു ശൈലി പ്രകാശ് എന്നും കൂടെ കൊണ്ടുനടന്നു. സഹജീവികളോടും പരിസ്ഥിതിയോടും അനുകമ്പയുള്ള ഒരു പൊതുപ്രവർത്തകനായിരുന്നു എക്കാലത്തും
.ഇല്ലായ്മകളുടെ നടുവിൽ നിന്ന് വന്ന ഞങ്ങളൊക്കെ തമ്മിൽ ആദ്യകാലം മുതൽക്കേ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു . രാഷ്ട്രീയത്തിനതീതമായി വ്യകതിപരമായ പ്രയാസങ്ങൾപോലും പങ്കുവെച്ചിരുന്നത്ര വ്യക്തിബന്ധം എന്നുമുണ്ടായിരുന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ പ്രകാശ് ജനറൽ സെക്രട്ടറി എന്ന നിലയിൽ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. പാർട്ടിക്കുള്ളിലെ ചേരികളിൽ വത്യസ്ത പക്ഷങ്ങളിലായിരുന്നപ്പോൾ പോലും അത്തരം ഭിന്നതകൾ ഞങ്ങളുടെ വ്യക്തിബന്ധത്തെ ബാധിച്ചില്ല. ഇല്ലായ്മകൾ രൂപപ്പെടുത്തിയ പൊതുപ്രവർത്തകനായിരുന്നു പ്രകാശ്. ഏതൊരാൾക്കും എന്താവശ്യത്തിനും ധൈര്യമായി സമീപിക്കാവുന്ന ഒരു മാതൃകാ പൊതുപ്രവത്തകനായിരുന്നു. ഏൽപ്പിക്കുന്ന ചുമതലകളൊക്കെയും തികഞ്ഞ അർപ്പണ ബോധത്തോടെ നിറവേറ്റി എല്ലാവരുടെയും സ്നേഹവും അംഗീകാരവും പ്രകാശ് പിടിച്ചുപറ്റി. ആ കർത്തവ്യബോധമാണ് സംഘടന പരമായ ഒട്ടേറെ ചുമതലകളിലേക്കു അദ്ദേഹത്തെ നിയോഗിക്കാൻ പാർട്ടിക്ക് പ്രചോദനമായത്. എങ്കിലും പാർലമെൻററി രംഗത്തേക്ക് പ്രകാശിന് അവസരം വന്നത് ഏറെ വൈകി ഇപ്പോഴാണ് . ആ മത്സരത്തിന്റെ വിധിവരും മുൻപേ പ്രകാശ് പോയി എന്നത് ആ വേദനയുടെ ആഴം ഇരട്ടിയാക്കുന്നു.
ഡി സി സി പ്രസിഡന്റെന്ന നിലയിൽ മലപ്പുറം ജില്ലയിൽ രാഷ്ട്രീയ രംഗത്തെ അനിഷേധ്യമായ സാന്നിധ്യമായി പ്രകാശ് മാറിയത് തന്റേതായ, വേറിട്ട പ്രവർത്തന ശൈലികൊണ്ടായിരുന്നു .ഏതൊരു പ്രവർത്തകനും ആത്മവിശ്വാസം നൽകി സഹപ്രവർത്തകനെ പോലെ പ്രകാശ് അവരുടെ കൂടെ നിന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതൽ വീണ്ടും മുൻപത്തേക്കാളേറെ പ്രകാശുമായി അടുത്തിടപഴകാൻ അവസരമുണ്ടായി. മിക്ക ദിവസങ്ങളിലും സംഘടനാപരമായോ ഔദ്യോഗികമായോ ആയ കാര്യങ്ങൾക്കു വിളിക്കും. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം കൂടി ഉൾപ്പെട്ട മലപ്പുറം ജില്ലയുടെ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ പ്രശംസനീയമായ നിലയിലാണ് പ്രകാശ് എന്നും പ്രവർത്തിച്ചത്. പ്രളയമുണ്ടായപ്പോഴും കോവിഡ് പ്രതിരോധത്തിലും അടക്കം തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. ഇടപെടുന്നവരോടെല്ലാം ഒരു ആത്മബന്ധമുണ്ടാക്കാൻ കഴിഞ്ഞിരുന്ന പ്രകാശിന്റെ വ്യക്തിത്വത്തിലെ ശാന്തതയും സൗമ്യതയും കാര്യക്ഷമതയും രാഹുൽ ഗാന്ധിയിലും മതിപ്പുണ്ടാക്കി എന്നത് നേരിട്ടറിയാനിടവന്നിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് പ്രകാശിനോടുള്ള കരുതൽ മനസിലാക്കാനിടവന്ന ഒരു സാഹചര്യം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഉണ്ടായത്. അന്ന് പ്രചാരണം തീരേണ്ടത് നിലമ്പൂരിൽ ആയിരുന്നു. പക്ഷെ രാവിലെ മുതലേ വൈകിയാണ് പരിപാടികൾ നടന്നിരുന്നത്. രാത്രി ഒത്തിരി വൈകിയതിനാൽ സുരക്ഷാ കാരണങ്ങൾ മൂലം നിലമ്പൂരിലെ അവസാനത്തെ പരിപാടി ഉപേക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. നിലമ്പൂർ വനമേഖല കൂടി ആയതിനാൽ അവർക്കും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ അവർ എന്തൊക്കെ പറഞ്ഞിട്ടും രാഹുൽജി വഴങ്ങിയില്ല. എത്ര വൈകിയാലും പ്രകാശിന് വേണ്ടി പ്രചാരണം നടത്തിയശേഷം മാത്രമേ മടങ്ങുന്നുള്ളു എന്ന് രാഹുൽജി തറപ്പിച്ചു പറഞ്ഞു. അങ്ങനെ രാവേറെ വൈകി ഷെഡ്യൂളുകൾ എല്ലാം തെറ്റിച്ചാണ് പ്രകാശിന്റെ പ്രചാരണം കഴിഞ്ഞു രാഹുൽജി മടങ്ങിയത്.
ഒരു ദിവസം മുൻപ് ചൊവ്വാഴ്ച രാത്രി വൈകിയും പ്രകാശ് വിളിച്ചു. ഒത്തിരി നേരം സംസാരിച്ചു. തിരഞ്ഞെടുപ്പിനെ കുറിച്ചും പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുമൊക്കെ. ഞാൻ നിലമ്പൂർ സീറ്റുമായെ തിരുവനന്തപുരത്തേക്ക് വരുന്നുള്ളു കെ സി എന്നാണ് പറഞ്ഞത്. പക്ഷെ സീറ്റ് കിട്ടിയാലും പ്രകാശ് ഇനി വരില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപെടാനാവുന്നില്ല. കൂടുതൽ എഴുതാൻ വാക്കുകളില്ല.പാതിവഴിയിൽ പ്രതീക്ഷകൾ നഷ്‌ടമായ ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു.ആദരാഞ്ജലികൾ
രാഷ്ട്രീയ പ്രവർത്തകർക്കൊരു മാതൃകയാണ് പ്രകാശ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ആകസ്മിക അന്ത്യം സംഭവിച്ചത്. പ്രകാശുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. അങ്ങേയറ്റം സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയ പ്രകാശിൻ്റെ ആ സവിശേഷ സ്വഭാവമാണ് അദ്ദേഹവുമായി എന്നെ ഏറെ അടുപ്പിച്ചത്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റിയ പ്രകാശ് മികച്ച സംഘാടകനുമായിരുന്നു. ജനങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട പ്രകാശിൻ്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിയത്. വ്യക്തിപരമായി എനിക്കും. സഹോദരനിർവിശേഷമായ സ്നേഹത്തോടെ എന്നും എന്നോട് ഇടപഴകിയ പ്രിയപ്പെട്ട അനുജനായ പ്രകാശിന് അതീവ ദുഃഖത്തോടെ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.
പ്രിയ പ്രകാശ് വിട… വിട… വിട…എന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു വി വി പ്രകാശ്.
തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ വിജയ പ്രതീക്ഷ പങ്കുവെച്ചിരുന്നു. മിനിഞ്ഞാന്ന് പ്രകാശ് എന്നെ ഫോൺ വിളിച്ചിരുന്നു,
എന്നാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം,, പ്രതിഷേധമോ പരിഭവമോ ആവശ്യങ്ങളോ ആരോടും പറയാത്ത തികഞ്ഞ ഗാന്ധിയൻ. കുടുംബ ജീവിതത്തിലും പൊതുപ്രവർത്തനത്തിലും എളിമ മാത്രം കൈമുതലാക്കിയ നിലപാടുള്ള രാഷ്ട്രീയക്കാരൻ. പ്രകാശിന്റെ ഭാര്യ സ്മിതയും രണ്ട് പെൺകുഞ്ഞുങ്ങളും എനിക്ക് വളരെ അടുപ്പമുള്ളവരാണ്.
എന്റെ കാലിനു പ്ലാസ്റ്റർ ഇട്ടു എം എൽ എ ഹോസ്റ്റലിൽ കഴിഞ്ഞപ്പോൾ പ്രകാശ് എന്നെ കാണാൻ വന്നിരുന്നു മൂത്ത മകളെ LLB പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. തന്റെ അസാന്യധത്തിൽ കുടുംബം മാനേജ് ചെയ്ത ഭാര്യ സ്മിതയെ കുറിച്ച് അഭിമാനത്തോടെ പറയാൻ പ്രകാശ് മടിച്ചിരുന്നില്ല.
പ്രകാശിന്റെ പല സുഹൃത്തുക്കളും എന്റെയും സുഹൃത്തുക്കൾ ആയിരുന്നു. പ്രകാശിന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ ഞാനും കുടുംബവും പങ്കു ചേരുന്നു.
പ്രകാശിന്റെ സഹോദരൻ ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂർ.. അങ്ങനെ വേണ്ടപ്പെട്ട ഒരുപാട് പേരെ കണ്ണീരിലാഴ്ത്തി..
വടക്കൻ കേരളത്തിലെ ശക്തനായ കോൺഗ്രസ്സ് നേതാവ് വി.വി.പ്രകാശൻ്റെ വേർപാട് അവിശ്വസനീയമാണ്. മലപ്പുറം ഡി.സി.സി പ്രസിഡൻറായിരുന്ന പ്രകാശൻ നിയമസഭാ തിരഞ്ഞെടുപ്പിലെ നിലമ്പൂരിലെ യൂ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണം കോൺഗ്രസ്സ് പ്രസ്ഥാനത്തിനു കനത്ത നഷ്ടമാണ്. ഏറെ ദു:ഖത്തോടെ അനുശോചനം രേഖപ്പെടുത്തുന്നു.
Tony Chammany
മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം UDF സ്ഥാനാർത്ഥിയുമായ പ്രിയപ്പെട്ട വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു.ആദരാഞ്ജലികൾ
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ യുഡിഫ് സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ വി വി പ്രകാശിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചനുജൻ പ്രകാശാന്റെ പെട്ടെന്നുള്ള ദേഹവിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ല.. കോൺഗ്രസ് നേതാക്കളിൽ ഏറ്റവും സൗമ്യനും ശാന്ത സ്വഭാവക്കാരനും മലപ്പുറം ജില്ലയിലെ യുഡിഫിന്റെ ജനകീയനുമായ പ്രകാശിന്റെ വിയോഗം ഞങ്ങൾക്കെല്ലാം താങ്ങാൻ ആവുന്നതിലും അപ്പുറമാണ്. 20 വർഷത്തോളം പ്രകാശനുമായിട്ടുള്ള ആത്മബന്ധം നിലനിർത്തി പോരുന്ന എനിക്ക് എന്റെ കുടുംബത്തിലെ അംഗത്തിനെ നഷ്ടപ്പെട്ട പ്രതീതി ആണ്… കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ… കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട് പ്രകാശിന്റെ ആത്‌മാവിന് നിത്യശാന്തിക്ക് വേണ്ടി സർവശക്തനോട് പ്രാർത്ഥിക്കുന്നു…
Shocked to learn of the sudden and untimely demise of INC Kerala Assembly candidate in Nilambur, VV Prakash, whom I campaigned for personally and whose victory we had all been anticipating on May 2. A dedicated social and political worker, he was president of the DCC. Om Shanti.
മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂരിലെ യൂഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.വി.പ്രകാശൻ ഇന്ന് വെളുപ്പിന് അന്തരിച്ചു എന്ന വാർത്ത ദു:ഖകരമായി.എൻ്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു പ്രകാശൻ. പ്രകാശൻ്റെ നിര്യാണം കോൺഗ്രസ്സിനും യുഡിഎഫിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.
നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും. ഡി സി.സി. പ്രസിഡന്റുമായ വി.വി. പ്രകാശിന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
യാത്ര പറയാതെ പോയല്ലേ പ്രകാശ് ?വിദ്യാർത്ഥി യുവജന കാലത്തും കെ പി സി സി യിലും ഒരുമിച്ച് സമകാലികരായി പ്രവർത്തിച്ചവർ …. നിർവ്വചിക്കാനാകാത്ത ഹൃദയബന്ധം ….. മനസ്സു തുറന്നുള്ള ചർച്ചകൾ ….. നിരാശപ്പെടുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കൽ ….. ഇനി നിയമസഭാ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന വിശ്വാസം …. ഈ വിയോഗം അവിശ്വസനീയം !!കണ്ണീർ പ്രണാമം.
ആ പ്രകാശം പൊലിഞ്ഞുപോയ വാർത്തയാണ് ഇന്ന് പ്രഭാതം പൊട്ടി വിടരുമ്പോൾ തന്നെ കേട്ടത്. വല്ലാത്തൊരു ഞെട്ടലായിപ്പോയി. എന്റെ കോളേജ് പഠനം കഴിഞ്ഞ കാലം മുതലുള്ള സുഹൃത് ബന്ധമായിരുന്നു. ഇത്തവണ സ്ഥാനാർത്ഥിത്വം ഉറപ്പായ ഉടനെ മാജിക് പ്ലാനെറ്റിലേക്ക് വന്നിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളോടും അവരുടെ മാതാപിതാക്കളോടുമൊപ്പം കുറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്. ഒരു നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. ആദരാജ്ഞലികൾ…
വല്ലാത്ത സങ്കടം. രാവിലെ കേട്ട വാർത്ത പ്രിയ വി വി പ്രകാശ് (നിലമ്പൂരിലെ കൊണ്ഗ്രെസ്സ്/യൂ ഡി എഫ് സ്ഥാനാർഥി )പോയെന്നാണ്.ഹൃദയ സ്തംഭനം.ഇന്നലെ സങ്കട കടലിൽ ആയിരുന്നു. ഇന്ന് രാവിലെ വീണ്ടും സങ്കട വാർത്ത കേൾക്കുന്നത് എല്ലാം പ്രിയ പെട്ട വരുടെ മരണ വാർത്തകളാണ് മനുഷ്യൻ എത്ര ഉറച്ചു നിന്നാലും വെറും ശ്വാസമെത്ര എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന കാലത്തിലൂടെയാണ് പോകുന്നത്.
എറണാകുളത്ത് വി.വി എപ്പോഴെത്തിയാലും ഒരു ഫോൺ കോളിന് അപ്പുറം ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പ് കാലയളവിൽ മുളന്തുരുത്തി പഞ്ചായത്തിൽ ഒരു മാസകാലത്തോളം ഞങ്ങൾ ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞപൊലെ ഒരു തോന്നൽ… ഇന്ന് അതിരാവിലെ വി.വി വിടപറഞ്ഞു…നന്മനിറഞ്ഞ ആത്മമിത്രത്തിനു കണ്ണീരോടെ വിട.ആദരാഞ്ജലികൾ..
വി.വി പ്രകാശിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അർഹനായിരുന്നു വി.വി പ്രകാശ്. പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ ആത്മാർത്ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമാറ് ആകർഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. ജേഷ്ഠ തുല്യമായ സ്നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ (2011) തവനൂരിൽ UDF സ്ഥാനാർത്ഥിയായി എനിക്കെതിരെ മൽസരിച്ചത് വി.വി പ്രകാശായിരുന്നു. എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എൻ്റെ എതിർ സ്ഥാനാർത്ഥി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ അതിനുള്ളൂ, വി.വി പ്രകാശ്. കലുഷിതമായ രാഷ്ട്രീയ അരങ്ങത്തു നിന്ന് ഒട്ടും നിനക്കാത്ത നേരത്ത് ആരോടും ചൊല്ലാതെ കാലയവനികക്കുള്ളിൽ പൊയ്മറഞ്ഞ സുഹൃത്തേ, അങ്ങയുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
നിലമ്പൂർ യൂ ഡി എഫ് സ്ഥാനാർഥി അഡ്വ. വി വി പ്രകാശൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.. നിലമ്പൂരിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്ന അദ്ദേഹം സംശുദ്ധ രാഷ്ട്രിയത്തിന്റെ ഉത്തമ മാതൃക ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം കേരള രാഷ്ട്രീയത്തിനു നികത്താനാ കാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.പ്രിയ സുഹൃത്തിന്ആദരാജ്ഞലികൾ അർപ്പിക്കുന്നു.
കെ എസ് യു സംഘടനാ പ്രവർത്തനങ്ങളുമായി മലബാറിൽ എത്തിയിരുന്ന കാലത്താണ് വി വി പ്രകാശ് എന്നുള്ള വിദ്യാർത്ഥി നേതാവിനെ പരിചയപ്പെടുന്നത്, അവിടെനിന്ന് ഇങ്ങോട്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന വലിയ ഹൃദയബന്ധം പ്രകാശുമായി ഉണ്ട്. ആദർശധീരനായ ഒരു ചെറുപ്പക്കാരനായിരുന്നു പ്രകാശ്. വളരെ നീണ്ട കാത്തിരിപ്പിനുശേഷമാണ് നിലമ്പൂരിൽ ഇത്തവണ മത്സരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. ജനങ്ങൾ കലവറയില്ലാത്ത പിന്തുണയും പ്രകാശിന് നൽകി, ആ വിജയംകണ്ട് സന്തോഷിക്കുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. ഏറെ ഹൃദയഭേദകമായ ഒരു സാഹചര്യമാണ്, പ്രകാശിൻ്റെ കുടുംബത്തെ എങ്ങനെയാണ് ആശ്വസിപ്പിക്കുക എന്നറിയില്ല.. ഈ വലിയ ദുഃഖം നമ്മുടെയെല്ലാം ദുഃഖമാണ്.. പ്രകാശിൻ്റെ സ്നേഹംനിറഞ്ഞ ഓർമകൾക്ക്മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..
ആദരാഞ്ജലികൾ.
മലപ്പുറം ഡി.സി.സി പ്രസിഡന്റും,നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.വി പ്രകാശ് വിടവാങ്ങിയെന്ന വാർത്തയുടെ ഞെട്ടലിലാണിപ്പോഴും, കോൺഗ്രസിലെ സൗമ്യ സാന്നിധ്യമായിരുന്നു പ്രകാശ്. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ കരുത്ത് പകർന്ന് കൂടെ നിന്ന സഹപ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു.ആദരാഞ്ജലികൾ.
KSU സംഘടനാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് വിജയിച്ച് സംസ്ഥാനക്കമ്മിറ്റിയിൽ എത്തിയ കാലം മുതൽ വി.വി. പ്രകാശ് ഹൃദയത്തോട് അടുത്ത സഹപ്രവർത്തകനായിരുന്നു. കോട്ടയത്തുനിന്നും ഞാനും എത്തി .സൗമ്യമായ പെരുമാറ്റം.. എന്നാൽ അഭിപ്രായ പ്രകടനങ്ങളിൽ തീവ്രത . തിരിച്ചും അതേ തീവ്രത പ്രകടിപ്പിച്ചപ്പോഴോക്കെയും സൗഹൃദം വെടിയാതെ പോകുവാൻ ശ്രദ്ധാലു ആയിരുന്നു അദ്ദഹം.ഗ്രൂപ്പിനു വേണ്ടി കമ്മിറ്റികളിൽ എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിൽ എന്നും മുമ്പിലായിരുന്നുവെങ്കിലുംശ്രീ. കെ.സി വേണുഗോപാൽ ഏവരേയും ഒരുമിപ്പിക്കുന്ന നേതാവ് എന്ന നിലയിൽ പ്രകാശിനെ പോലെയുള്ള സഹപ്രവർത്തകരെ ഉൾക്കൊണ്ടു ചേർത്തു നിർത്തിയതിനാൽ കമ്മറ്റിയും ഒറ്റക്കെട്ടായി നീങ്ങി. സഹന സമരങ്ങളുടെ പെരുമഴ തന്നെ ആ കാലഘട്ടത്തിലുണ്ടായി. ഇടതുദുർഭരണത്തിനെതിരെ .സംഘടനാ പ്രവർത്തനത്തിന് മലപ്പുറം എത്തിയാൽ പ്രകാശനെ ഒന്നു വിളിക്കാതെ മടങ്ങിയിട്ടില്ലാ ഒരിക്കൽ പോലും ..ആത്മാർഥമായ പെരുമാറ്റം അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷതയായിരുന്നു.ഒരിക്കൽ അവസരം നഷ്ടപ്പെട്ടുവെങ്കിലും കഠിനമായ പ്രയത്നത്തിലൂടെ നിയമസഭാ സാമാജികത്വം കൺമുമ്പിലെത്തി നിൽക്കുമ്പോൾ ഇത്ര അപ്രതീക്ഷിതമായിപ്പോയല്ലോ പ്രകാശിന്റെ വേർപാട്പ്രിയ സഹപ്രവർത്തകനെ സ്നേഹാദരവുകളോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടം താങ്ങാനുള്ള കരുത്ത് കൊടുക്കുവാൻ സംഘടനയ്ക്കു ബാധ്യതയുണ്ട്. വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള നഷ്ടത്തിനു മുമ്പിൽ ശിരസ്സു നമിക്കുന്നു.പ്രണാമം…
തന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാകണം എന്ന് നിർബന്ധം ഉള്ള ആളായിരുന്നു നിലമ്പൂരിന്റെ പ്രിയപ്പെട്ട പ്രകാശേട്ടൻ.നിലമ്പൂരിന്റെ പ്രകാശം , അത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് , സിദ്ധിക്കിനെ പോലെയുള്ള നേതാക്കന്മാരെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു ഉയർത്തിയതും പ്രകാശേട്ടനാണ് അങ്ങനെ ഒരുപാട് ആളുകളെ, പിൻഗാമികളെ സൃഷ്ടിച്ചുകൊണ്ട് നടന്നു മറഞ്ഞ ഒരാൾ..നിലമ്പൂരിൽ വലിയ വിജയ പ്രതീക്ഷയാണ് ഐക്യ ജനാധിപത്യ മുന്നണി പ്രകാശേട്ടനിലൂടെ കാണുന്നത്.. എതിരാളികൾ പോലും സമ്മതിക്കുന്ന യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ..അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നഷ്ടമാണ് ഒപ്പം അദ്ദേഹം ഒരു മാതൃകയുമാണ് പക്ഷേപതമില്ലാതെ ഏവരെയും ഒരുമിച്ച് കൊണ്ടുപോകാൻ നമ്മെ പഠിപ്പിക്കുന്ന നല്ല അധ്യായം!നിലമ്പൂരിൽ അദ്ദേഹം വിജയിക്കുമ്പോൾ അതിനു കാരണവും പ്രകാശൻ എന്ന വ്യക്തിയുടെ വിജയം തന്നെ ആയിരിക്കും..
ഇടതു സ്വതന്ത്രൻ പിവി അൻവർ അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്ത നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ച ദൗത്യം പൂർത്തിയാക്കി ഫലമറിയാൻ കാത്തുനിൽക്കാതെയാണ് മലപ്പുറം കോൺഗ്രസിലെ ജനകീയമുഖം വിവി പ്രകാശ് മടങ്ങുന്നത്. ജില്ലയിൽ യുഡിഎഫ് സംവിധാനത്തെയും കോൺഗ്രസ് പാർട്ടിയെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മുന്നിൽനിന്നു നയിച്ചു സർവസമ്മതി നേടിയ വിവി പ്രകാശിന് കണ്ണീരിൽ കുതിർന്ന പ്രണാമം….
ദീർഘനാളത്തെ ആത്മബന്ധമാണ് പ്രകാശേട്ടനുമായി ഉണ്ടായിരുന്നത്. കെ എസ് യു കാലഘട്ടം മുതൽ ഒരു ജ്യേഷ്ഠൻ്റെ സ്ഥാനത്തു നിന്ന് ഉപദേശങ്ങളും പ്രാത്സാഹനങ്ങളും നൽകിയയാളാണ്. സൗമ്യനായല്ലാതെ ഇന്നുവരെ പ്രകാശേട്ടനെ കണ്ടിട്ടില്ല. രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ കടന്നു വരുന്ന ദുഃഖവും നിരാശയും രോഷവുമടക്കമുള്ള വികാരങ്ങളെ അചിന്തനീയമായ പക്വതയോടെ കൈകാര്യം ചെയ്യുന്നത് നേരിൽ കണ്ടിട്ടുണ്ട്.ഡൽഹിയിലും തിരുവനന്തപുരത്തും നടന്ന പല തെരഞ്ഞെടുപ്പുകളിലെയും സീറ്റ് ചർച്ചകളിലെ അവസാന സമയങ്ങളിൽ ഒരേ അവസ്ഥയിലായിരിക്കുമ്പോൾ, കൈകോർത്തു പിടിക്കുന്നതിനേക്കാളേറെ ഹൃദയം കൊണ്ട് ചേർത്തുനിർത്തി പ്രകാശേട്ടൻ ആശ്വസിപ്പിച്ചത് മറക്കാനാവില്ല. ഇത്തവണ അദ്ദേഹത്തിന് സീറ്റ് ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷമാണുണ്ടായത്. രാഷ്ട്രീയത്തിൽ എനിക്ക് നഷ്ടമായത് ഒരു ജ്യേഷ്ഠനെ തന്നെയാണ്. ഒരുപാട് ദുഃഖവും നിരാശയും തോന്നുന്നു.പ്രകാശേട്ടൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.ആദരാഞ്ജലികൾ…
ജ്യേഷ്ഠ സഹോദരൻ.എല്ലാ നിലയ്ക്കും.തൽക്കാലം ഇത്രയേ പറയാനുള്ളൂ.വിട!
അഡ്വ .ഡാൽബി ഇമ്മാനുവൽ,നിലമ്പുർ