പ്രിയപ്പെട്ട പാലാക്കാര്‍ക്ക് നന്ദി|മാണി സി കാപ്പൻ
എപ്പോഴും പറയുന്നതു പോലെ എന്റെ ചങ്കാണ് പാലാ. ഒപ്പം നിന്ന, എന്നില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു.
എടുത്ത രാഷ്ട്രീയ നിലപാടുകളെ എന്റെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രായഭേദമെന്യേ ജനങ്ങള്‍ കാണിച്ച സ്നേഹം മറക്കാനാവില്ല.
കൊടുംചൂടും മഴയും വകവയ്ക്കാതെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. പ്രവർത്തനങ്ങളിലുടനീളം ആഹോരാത്രം കൂടെ നിന്ന യു.ഡി.ഫ് പ്രവർത്തകർ,പിന്തുണ നൽകിയ വിവിധ കൂട്ടായ്മകൾ, കക്ഷി രാഷ്ട്രീയാധീതതമായി സ്നേഹവത്സല്യങ്ങൾ നൽകി ചേർത്തുനിർത്തിയ കുടുംബ സദസ്സുകൾ തുടങ്ങി എല്ലാവരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കഴിഞ്ഞ 16 മാസക്കാലം എംഎല്‍എ എന്ന നിലയില്‍ പാലാക്കാരോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാല്‍ കഴിയുന്ന വിധം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് പാലായില്‍ തന്നെ തീര്‍പ്പുണ്ടാക്കുന്നതിനും കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
എംഎല്‍എ എന്ന നിലയില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെ നിന്ന പ്രവര്‍ത്തകരെ ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നു. ഇനിയും പൂര്‍വ്വാധികം ശക്തിയോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും. പാര്‍ട്ടിഭേദമെന്യേ ഏതൊരാള്‍ക്കും തങ്ങളുടെ അര്‍ഹമായ വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുകയില്ല എന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. പാലാനഗരത്തിനും മലയോരമേഖലയ്ക്കും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഞാന്‍ മുന്നിലുണ്ടാവും. പൂര്‍ത്തിയാക്കുവാനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. പാലായ്ക്കായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇനിയും മുന്നിലുണ്ടാവും.
എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി.
മാണി സി കാപ്പൻ