കോവിഡിൽ അപ്പനമ്മമാരെ ഒരുമിച്ച് നഷ്ടപ്പെട്ട്, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം ആലംബമായി ബാക്കിയായ, കുറുപ്പന്തറയിലെ നാല് പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ് ഞങ്ങളേവരുടെയും ഇന്നത്തെ സന്തോഷം.

Share News

മുപ്പതുവർഷംമുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ആർപ്പൂക്കര വാര്യമുട്ടത്ത് പാടത്തിനു നടുവിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് ബാബു ചാഴികാടനെന്ന ഞങ്ങളുടെ ബാബുച്ചായന്റെ ജീവൻ ഒരു മിന്നൽപ്പിണറിൽ അവസാനിച്ചത്. ഒന്നിച്ച് ഒരേസമയം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാസ്ഥാനാർത്ഥിയായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന ബാബുച്ചായൻ.

ബാബുച്ചായനെക്കുറിച്ചുള്ള ഓർമ്മകൾക്ക് മുപ്പത് വയസ്. ഓർമ്മകൾക് മരണമില്ല

ദുരന്തം ബാബുച്ചായന്റെ ജീവനെടുത്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും, ബാബുച്ചായൻ ഉറങ്ങുന്ന അരീക്കര സെന്റ് റോക്കീസ് പള്ളി കല്ലറയിലെ പ്രാർത്ഥനയും പതിവുപോലെ നടന്നു. ഒപ്പം, ഞങ്ങൾ കുടുംബാംഗങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും ബാബുച്ചായന്റെ പഴയ സൗഹൃദങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഏറെ ചാരിതാർത്ഥ്യം നൽകിയ തീരുമാനംകൂടി ഈ വിശേഷദിനത്തിൽ കൈക്കൊള്ളാനായി.

കോവിഡിൽ അപ്പനമ്മമാരെ ഒരുമിച്ച് നഷ്ടപ്പെട്ട്, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം ആലംബമായി ബാക്കിയായ, കുറുപ്പന്തറയിലെ നാല് പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ് ഞങ്ങളേവരുടെയും ഇന്നത്തെ സന്തോഷം.

കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു – ജോളി ദമ്പതികളുടെ മക്കളെയാണ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്. പത്തുസെന്റിൽ മൺകട്ടകൊണ്ട് ചുമരുമറച്ച് കഴിയുകയായിരുന്ന ഈ ദമ്പതിമാരുടെ ദുരിതജീവിതം അവരിരുവരും പരസ്പരം യാത്രപോലും പറയാനാവാതെ ലോകംവിട്ടുപോയ ദിവസങ്ങളിൽ മാധ്യമങ്ങളെല്ലാം എഴുതിയതാണ്; അതിവിടെ ആവർത്തിച്ച് ഭൂമിയിലവർ ബാക്കിവച്ചുപോയവരുടെ സങ്കടം കൂട്ടുന്നതിൽ ഒരർത്ഥവുമില്ല. പകരം, ഏറ്റവും മനുഷ്യത്വം നിറഞ്ഞ ഒരു കർത്തവ്യം ഞങ്ങൾ ഏറ്റെടുത്തതു മാത്രമേ ഇവിടെ പറയാനുള്ളൂ.

ഫിസിയോ തെറാപ്പി പഠിക്കുന്ന ചിഞ്ചു, ജനറൽ നഴ്സിംഗ് പഠിക്കുന്ന ദിയ, പ്ലസ്ടുവിന് പഠിക്കുന്ന അഞ്ജു, ഒമ്പതാംക്ലാസിലുള്ള റിയ എന്നിവരുടെ ഭാവി സുരക്ഷിതമായിക്കാണുകയെന്ന മൺമറഞ്ഞ രക്ഷിതാക്കളുടെ സ്വപ്നം ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഉത്തരവാദിത്തമായി ശിരസ്സേറ്റിരിക്കുകയാണ്. ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി ഇക്കാര്യത്തിലെ ആലോചനകളും തീരുമാനങ്ങളും അവരുടെ കുടുംബത്തെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയും ചെയ്തു.

കുട്ടികൾക്ക് രക്ഷിതാവായി ബാക്കിയുള്ള പിതൃസഹോദരി ഷൈബിയ്ക്ക് ജോലി ലഭ്യമാക്കുകയെന്നതാണ് ഇതിലൊന്ന്. ഒപ്പം, കടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ വീട് പുനർനിർമ്മിച്ച് നൽകാനും ബാബു ചാഴികാടൻ ഫൗണ്ടേഷൻ നടപടികളെടുക്കും..

ഞങ്ങളുടെ തലമുറ ആദർശവ്യക്തിത്വമായി കണ്ട് ആദരിച്ച ബാബുച്ചായനെന്ന പൊതുപ്രവർത്തകന് ഈ ദുരിതകാലത്ത് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണ് ഈ തീരുമാനങ്ങൾ. അതിൽ എളിയ നിലയ്ക്ക് പങ്കാളിയാവാൻ കഴിഞ്ഞത് ദുരന്തം നമ്മെയൊക്കെ ഉലച്ചുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ഹൃദയത്തിന് നൽകുന്ന സമാധാനം പറയാൻവയ്യ.

ഈ തീരുമാനങ്ങൾക്ക് മുൻനിന്നു പ്രവർത്തിച്ച കോട്ടയം എം പി കൂടിയായ ടോമിച്ചായനെയും ഫൗണ്ടേഷൻ അംഗങ്ങളെയും മറ്റെല്ലാവരെയും ഹൃദയത്തോട് ചേർത്ത് സന്തോഷവും സമാധാനവും പങ്കിടുന്നു.

ഇന്ന് ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സാർ ഉത്‌ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി, ശ്രീ റോഷി അഗസ്റ്റിൻ എം എൽ എ, എൻ ജയരാജ്‌ എം എൽ എ, അഡ്വക്കറ്റ് ജോബ് മൈക്കിൾ എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം എൽ എ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു

സിറിയക്ക് ചാഴികാടൻ

Share News