![](https://nammudenaadu.com/wp-content/uploads/2021/05/187065883_3833928936729606_5099352115811940072_n.jpg)
കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്.|കെ സി വേണുഗോപാൽ
കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ പോരാളിയായിരുന്നു രാജീവ്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജ്ജം പ്രസരിപ്പിക്കുന്ന, ആരെയും പ്രചോദിപ്പിക്കുന്ന ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ രാജീവ് കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്നു.
![](https://nammudenaadu.com/wp-content/uploads/2021/05/187163495_3834856349970198_3295059292654642058_n.jpg)
എന്ത് വിഷയം കണ്ടാലും കേട്ടാലും അതിനെ അങ്ങേയറ്റം ഗൗരവമായി കാണുകയും അതിന്റെ നാനാവശങ്ങളും അതീവ സൂക്ഷ്മതയോടെ വിലയിരുത്തുകയും ചെയ്യുന്ന പക്വതയാർന്ന ആ വ്യക്തിത്വമാണ് 46 വയസ്സിനുള്ളിൽ എം. എൽ. എ യും, എം.പി യും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമൊക്കെയാകാൻ രാജീവിന് തുണയായത്. രാജ്യത്തെമ്പാടുമുള്ള യുവനിരയെ കോൺഗ്രസിൻ്റെ ഭാവിക്കായി വാർത്തെടുത്ത യുവനേതാവായിരുന്നു രാജീവ് സതവ്. കേരളത്തിലടക്കം വിശാലമായ സൗഹൃദബന്ധം സൃഷ്ടിക്കാനും, പ്രചോദനമാകാനും രാജീവിന് കഴിഞ്ഞത് ഈ അർപ്പണബോധമായിരുന്നു
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിൽ മുൻപേ പരിചയമുണ്ടെങ്കിലും 2014 ൽ രാജീവ് ലോക്സഭയിലെത്തിയതോടെയാണ് ഞങ്ങളുടെ സൗഹൃദത്തിനു ഊഷ്മളത കൂടിയത്. ലോക്സഭയിൽ ബിജെപിക്കെതിരെ പടനയിച്ച പ്രതിപക്ഷ നിരയുടെ മുന്നണിയിൽ തന്നെ രാജീവ് ഞങ്ങൾക്കൊപ്പം നിന്നു. സഭക്കുള്ളിൽ കേന്ദ്രസർക്കാരിനെ പ്രതികൂട്ടിൽ നിർത്താനുള്ള ഒരവസരം പോലും പാഴാക്കിയില്ല. മുദ്രാവാക്യം വിളിക്കാനും പ്രതിഷേധിക്കാനും സഭക്ക് പുറത്തു ധർണ്ണ സംഘടിപ്പിക്കാനും രാജീവ് മുൻപന്തിയിൽ നിന്നു. രാവേറെ വൈകി ആസൂത്രണം ചെയ്യുന്ന പ്രതിഷേധ പരിപാടികൾക്ക് ആവശ്യമായ പോസ്റ്ററുകളും ബാനറുകളും സംഘടിപ്പിക്കാൻ തുടങ്ങി പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ രൂപീകരിക്കാൻ വരെ സജീവമായി രാജീവുണ്ടായിരുന്നു.
ഈ കാലത്താണ് ഞങ്ങൾക്കിടയിൽ ഒരു സാഹോദര്യ ബന്ധം ഉടലെടുത്തത്. എം.പി എന്നതിന് പുറമെ പിന്നീട് പാർട്ടിയുടെ ഗുജറാത്ത് ഇൻചാർജ് എന്ന നിലയിൽ കൂടി ഔദ്യോഗികമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സഹപ്രവർത്തകൻ എന്നതിലുപരി ദൈനംദിനം കാണുകയും കുടുംബ കാര്യങ്ങൾ വരെ ചർച്ച ചെയ്യുന്ന നിലയിലേക്കും സൗഹൃദം വളരാൻ അധിക കാലമൊന്നും വേണ്ടിവന്നില്ല. പ്രായത്തേക്കാൾ കവിഞ്ഞ പക്വതയും വിശാലമായ രാഷ്ട്രീയ ബോധവും തീക്ഷ്ണമായ ബുദ്ധിയും സംഘടനാ പാടവവും രാജീവിനെ പുതുതലമുറ നേതാക്കളിൽ നിന്നും വത്യസ്തനാക്കി. പാർട്ടിയിലെ ഏറ്റവും മുതിർന്ന അശോക് ഗെഹ്ലോട് മുതൽ എൻ എസ് യു പ്രസിഡന്റ് നീരജ് കുന്ദൻ വരെയുള്ള വിപുലമായ സൗഹൃദശ്രേണി പാർട്ടിക്കപ്പുറത്തേക്കും വളർന്നു പന്തലിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും ഞങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കും. ഡെൽഹിയിലാണെങ്കിൽ മിക്കപ്പോഴും നേരിൽ കാണും. തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ രാജീവിന്റെ വിളിയെത്തും. സന്ദർശകർ ഒഴിഞ്ഞാൽ വരാമെന്നു പറയും. എപ്പോൾ വന്നാലും ഒരു ഭക്ഷണ പൊതി ഉറപ്പാണ്. ഒന്നുകിൽ ഗുജറാത്തിൽ നിന്നും കൊണ്ടുവന്ന മധുരമില്ലാത്ത പലഹാരങ്ങൾ, അല്ലെങ്കിൽ തനി മറാത്ത സ്റ്റൈൽ ലഘു ഭക്ഷണം. ഇടക്ക് എന്റെ ഫ്ളാറ്റിലെ അടുക്കളയിൽ കയറി കേരളാ വിഭവങ്ങൾ ഒക്കെ ചോദിച്ചു വാങ്ങി കഴിക്കും. തിരക്കില്ലെങ്കിൽ മണിക്കൂറുകൾ നീണ്ട സംഭാഷണങ്ങളാണ്. ചർച്ചകളിൽ കോൺഗ്രസിന്റെ ഭൂതവും ഭാവിയും നിറയും. അന്നന്നത്തെ വാർത്തകൾ, നേതാക്കളുടെ വിശേഷങ്ങൾ, മറ്റു പാർട്ടികളിലെ സംഭവ വികാസങ്ങൾ അങ്ങനെ പോകും. സങ്കീർണ്ണമായ പ്രശ്നങ്ങൾ വരുമ്പോൾ യുക്തമായ അഭിപ്രായം പറയും.
കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയപ്പോൾ മുതൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു രാജീവ്. പല പ്രമുഖ ഡോക്ടർമാരെയും ആരോഗ്യ വിദഗ്ധരെയും വിളിച്ചു അഭിപ്രായങ്ങൾ തേടും. അതൊക്കെ പങ്കുവെക്കും. പ്രതിരോധമരുന്നുകളും വിവിധതരം മാസ്കുകളും ഒക്കെ എനിക്കും വാങ്ങി കൊണ്ടുവരും. പ്രതിരോധത്തിനായി തയ്യാറാക്കേണ്ട ഔഷധ പാനീയങ്ങളും ഹോമിയോ പ്രതിരോധ മരുന്നുമൊക്കെ വാങ്ങി കൊടുത്തയക്കും. കഴിഞ്ഞ നവംബറിൽ എന്റെ അമ്മ കോവിഡ് ബാധിച്ചു ആശുപത്രിയിലായിരുന്നപ്പോൾ വിവരമറിഞ്ഞു രാജീവ് കണ്ണൂരിലെത്തി. അമ്മയുടെ മരണ സമയം എന്നെ ആശ്വസിപ്പിച്ചു കൂടെത്തന്നെയുണ്ടായിരുന്നു.
രാജ്യസഭയിലേക്ക് ഞങ്ങൾ ഒരേ സമയത്താണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒന്നിച്ചാണ് പാർലമെന്റിലേക്ക് പോയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഡ്രൈവറെ ഒഴിവാക്കി എന്നെയും കയറ്റി രാജീവ് കാറോടിച്ചു പാർലമെൻ്റിലേക്കെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. എം പി എന്ന നിലയിൽ മഹാരാഷ്ട്രക്കുവേണ്ടി ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങൾ മനസ്സിൽ പ്ലാൻ ചെയ്തു പറയുമായിരുന്നു. സാദാ സേവന സന്നദ്ധനായിരുന്നു രാജീവ്. കഴിഞ്ഞ കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി. ലോക്ക് ഡൌൺ മാസങ്ങളിൽ മലയാളികളെ ഉൾപ്പെടെ ഒട്ടേറെ പേരെ നാട്ടിലെത്താനും മരുന്നിനും ഭക്ഷണത്തിനുമൊക്കെ സഹായിച്ചിരുന്നു.
എനിക്ക് സഹോദര തുല്യനായിരുന്നു രാജീവ്. ഉപദേശിക്കാനും വിമർശിക്കാനും ഒക്കെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരാളാണ് പോയത് എന്നത് എന്റെ ഉള്ളുലയ്ക്കുന്നു. കോവിഡ് വന്നു ആരോഗ്യം വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. രണ്ടാഴ്ചയിലേറെ വെന്റിലേറ്ററിൽ ചികിത്സകൾ തുടരുന്നതിനിടെ ഇടക്ക് ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ആശുപത്രി കിടക്കയിൽ നിന്ന് വിളിച്ചിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു വീഡിയോകോളിലാണ് മൂന്നു ദിവസം മുൻപ് വിളിച്ചത്. ചെറിയ ചിരിയോടെ ഞാൻ തിരിച്ചുവരുമെന്ന് ആംഗ്യ ഭാഷയിൽ സൂചിപ്പിച്ചു. ധൈര്യമായിരിക്കാനും ഞങ്ങളുടെയെല്ലാം പ്രാർത്ഥനകൾ ഉണ്ടെന്നും രാജീവിനോട് പറഞ്ഞു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും ആശയ വിനിമയം നടത്തിയാണ് ഫോൺ വെച്ചത്.
രോഗത്തെ അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു കാത്തിരുന്നതിനിടയിലാണ് വീണ്ടും അണുബാധ ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്ഥിതിഗതികൾ വഷളായി. എല്ലാ പ്രാർത്ഥനകളും വിഫലമാക്കി രാജീവ് ഇന്ന് വെളുപ്പിന് വിടപറഞ്ഞു. കാലം കാത്തുവെച്ച ഒട്ടേറെ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും ബാക്കിയാക്കിയാണ് അകാലത്തിൽ ഈ മടക്കയാത്ര. ഈ ദുഃഖം താങ്ങാൻ അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിനും ഭാര്യക്കും മക്കൾക്കും ദൈവം ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സുഹൃത്തിന്റെ ആത്‌മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
![](https://nammudenaadu.com/wp-content/uploads/2021/05/152963788_3607620782693757_4592830613881274224_n.jpg)
കെ സി വേണുഗോപാൽ
Member of Parliament, Rajyasabha, AICC General Secretary Incharge of Organisation and Karnataka, Former MoS for Power & Civil Aviation, Govt of India, Former Tourism & Devaswom Minister, Govt of Kerala.