എല്ലാ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം|ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഇതിനോടകം സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി ഏറ്റെടുത്തത് ഉചിതമായ തീരുമാനമെന്ന് സിബിസിഐ യെല്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

എല്ലാ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ കടുത്ത വിവേചനമാണ് ക്രൈസ്തവര്‍ ഇക്കാലമത്രയും അനുഭവിച്ചത്.

80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിന്റെ നീതീകരണമില്ലാത്ത ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ക്രൈസ്തവ സമൂഹം നിരന്തരം സര്‍ക്കാരിന്റെ മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവരുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും കാര്‍ഷിക മേഖലയിലേതുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങളും പഠിച്ച് ക്ഷേമ പദ്ധതികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. പിന്നോക്കാവസ്ഥ മാത്രമായിരിക്കരുത് ക്ഷേമ പദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളെയാണ് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി സര്‍ക്കാരുകള്‍ സംരക്ഷിക്കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Share News