
കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന ജനാധിപത്യ വ്യവസ്ഥിതി ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട കാലം കഴിഞ്ഞു.
പ്രതിപക്ഷം “നിഴൽ മന്ത്രിസഭ”രൂപീകരിക്കണം, അടുത്ത തവണയെങ്കിലും രക്ഷപ്പെട്ടേക്കും
ന്യൂനപക്ഷ ക്ഷേമവകപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു എന്ന സന്തോഷവാർത്തയ്ക്കു തുല്യമാണ് പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ എന്ന കറകളഞ്ഞ കോൺഗ്രസ് നേതാവ് വന്നു എന്നറിഞ്ഞതും. പതിറ്റാണ്ടുകളായി രാഷ്ട്രീയ ഗോഥയിൽ അവിശ്രമം പോരാടി തളർന്നുപോയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം രാഷ്ട്രീയരംഗവേദിയുടെ പിന്നാമ്പുറത്തിരുന്ന് ഇനി അൽപം വിശ്രമിക്കന്നത് എന്തുകൊണ്ടും അവർക്ക് നല്ലതാണ്. നാടിനു വേണ്ടി നിങ്ങൾ ചെയ്ത എല്ലാ നന്മകൾക്കും നന്ദി!
കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന ജനാധിപത്യ വ്യവസ്ഥിതി ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട കാലം കഴിഞ്ഞു. പ്രതിപക്ഷം എന്നു കേട്ടാൽ ഉടൻ ഓർമ വരുന്നത് നിയമസഭയിൽ അങ്കക്കലിപൂണ്ട് വിളയാടുന്ന ശിവൻകുട്ടി സാറിനെയാണ്. അദ്ദേഹം ഇന്ന് വിദ്യാഭ്യസ മന്ത്രിയായിരിക്കുന്നു; കലികാലം എന്നല്ലാതെ എന്തു പറയാൻ! ശിവൻകുട്ടിയുടെ നിയമസഭയിലെ വിളയാട്ടരംഗം അദ്ദേഹത്തിൻ്റെ സ്ഥാനലബ്ദിക്കൊപ്പം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. നിയമസഭയിലെ തൻ്റെ ഗുണ്ടാവിളയാട്ടത്തിന് അദ്ദേഹം ക്ഷമ ചോദിക്കണമായിരുന്നു. എങ്കിൽ വിദ്യാഭ്യസ മന്ത്രി സ്ഥാനം എത്രയോ മഹത്തരമാകുമായിരുന്നു!
വിദ്യാഭ്യാസ മന്ത്രി എന്ന സ്ഥാനത്ത് ഇന്നൊരു കുറ്റിച്ചൂലിനെ ഇരുത്തിയാലും നമ്മുടെ കുട്ടികൾ റാങ്കുകാരാകും; അതിന് കാരണം വിദ്യാഭ്യാസവും സാംസ്കാരിക ബോധവുമുള്ള അധ്യാപകരാണ് അവരെ പരിശീലിപ്പിക്കുന്നത് എന്നതാണ്. വാസ്തവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിൽ ഇന്ന് ആരും ഇരിക്കണമെന്നു പോലും നിർബന്ധമില്ല. ഇന്നത്തെ വിദ്യാഭ്യാസം ഇവരേയൊന്നും ആശ്രയിച്ചോ മാതൃകയാക്കിയോ അല്ലല്ലോ നിലനിൽക്കുന്നത്. അറിവിൻ്റെ ഭണ്ഡാരമായ Socal Media യും Google ഉം ആണ് അവർക്ക് വഴികാട്ടി. അതിനാൽ വിദ്യാഭ്യാസ മന്ത്രി ആരെന്നത് വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്നുറപ്പ്.
ശ്രീ വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കാലികമായ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കും എന്നു പ്രതീക്ഷിക്കാം. പ്രതിപക്ഷ സംവിധാനം ശക്തമാക്കാൻ ബ്രിട്ടീഷ് പാർലമെൻ്റിൽ പ്രതിപക്ഷം പിൻപറ്റുന്ന ”ഷാഡോ കാബിനറ്റ്” സിസ്റ്റം കേരളത്തില UDF പ്രതിപക്ഷത്തിനു വളരെ ഗുണകരമായിരിക്കും എന്നു കരുതുന്നു. ഭരണപക്ഷത്തിലെ മുഖ്യമന്ത്രിയുടെ എതിരാളിയായി പ്രതിപക്ഷനേതാവും ഓരോ മന്ത്രിമാർക്കും മിനിസ്ട്രികൾക്കും ബദലായി പ്രതിപക്ഷ MLA മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരും ഉൾപെടുന്ന ”നിഴൽ മന്ത്രിസഭ” നിലയുറപ്പിക്കുക, ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും ബലാബലത്തിൽ സഭയിൽ പ്രവർത്തിക്കാൻ കഴിയും. അപ്പോൾ എല്ലാ വിഷയങ്ങൾക്കും പ്രതിപക്ഷത്തെ എല്ലാവരും സഭയിൽ അലമുറയിടേണ്ടി വരില്ല. പ്രതിപക്ഷങ്ങളുടെ പതിവ് കലാപരിപാടികളായ “ശിവൻകുട്ടി താണ്ഡവങ്ങളും” കാടടച്ച് വെടിവയ്ക്കുന്നു പതിവു ശൈലികളും അടിസ്ഥാനരഹിതമായി ഭരണപക്ഷത്തിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ച് പ്രതിപക്ഷ രാഷ്ട്രീയം കൂടുതൽ ക്രിയാത്മകമാക്കാൻ “ഷാഡോ കാബിനറ്റി”നു കഴിയും.
സതീശാ, പ്രതിപക്ഷ നേതാവിന് തലമുറമാറ്റം സംഭവിക്കണമെന്ന വാദം അനേകർ ഉന്നയിച്ചതിൻ്റെ ഭാഗമായിട്ടാണ് അങ്ങ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ എല്ലാ രംഗങ്ങളിലും മാറിച്ചിന്തിക്കുന്ന തലമുറയുടെ കാലത്താണ് അങ്ങ് പ്രവർത്തിക്കുന്നത് എന്ന് ഓർമിക്കുക; എല്ലാ നന്മകളും നേരുന്നു!

മാത്യൂ ചെമ്പുകണ്ടത്തിൽ
