ആരോഗ്യരംഗം ഏറെ കലുഷിതമായിരിക്കുന്ന ഒരവസരത്തിലാണ് ശ്രീമതി വീണ ജോർജ് കേരളത്തിന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. |ഡോ ജോർജ് തയ്യിൽ

Share News

ചിലരങ്ങിനെയാണ്, കാലമവരെ രണ്ടു കൈകളും ചേർത്തുപിടിച്ചു ഭദ്രമായി മുന്നോട്ടുകൊണ്ടുപോകും. ജീവിതശുദ്ധിയും ആത്മധൈര്യവും നിശ്ചയദാർഢ്യവും നൈതികസമ്പന്നതയും മാത്രം കൈമുതലായി ഉണ്ടായാൽ മതി, പിന്നെ ഒന്നുമറിയേണ്ട കാലം അവരെ സ്വർണച്ചെപ്പു തുറന്ന് ഉയർച്ചയിൽനിന്നു ഉയർച്ചയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും. പ്രതിയോഗികളുടെ ക്രൂരവിനോദങ്ങൾക്കൊന്നും ഇരയാകാൻ കാലം അവരെ വിട്ടുകൊടുക്കില്ല. ചുരുക്കത്തിൽ, സർവ ഗ്രാഹിയായ കാലം വരച്ച വരികളിലൂടെ സുധീരം അവർ നടന്നുകയറും, പടികളും പടികളും ചവിട്ടി വിജയങ്ങളിലേക്ക്.

ഞാൻ പറഞ്ഞുവരുന്നത് നമ്മുടെ ഇപ്പോഴത്തെ ബഹു. ആരോഗ്യമന്ത്രി വീണ ജോർജിനെപ്പറ്റിയാണ്. ബഹുമുഖപ്രതിഭയുള്ള വ്യക്തി, സ്കൂൾകലോത്സവങ്ങളിൽ കലാതിലകം, ഊർജതന്ത്രത്തിൽ മാസ്റ്റർബിരുദവും ബി എഡും റാങ്കോടെ, പിന്നീട് കോളേജ് അദ്ധ്യാപിക, അതിനുശേഷമാണ് മാധ്യമരംഗത്തേക്കുള്ള പ്രവേശനം. കൈരളി, മനോരമ, ഇന്ത്യാവിഷൻ, റിപ്പോർട്ടർ, ടീവി ന്യൂ എന്നിവിടങ്ങളിൽ പ്രഗത്ഭയായ ന്യൂസ് മോഡറേറ്ററും സീനിയർ എഡിറ്ററും. സജീവവും സാർത്ഥകവുമായ ദൃശ്യമാധ്യമ പ്രവർത്തനങ്ങൾക്കൊടുവിൽ രാഷ്ട്രീയത്തിലേക്ക്. പിന്നെയുള്ളത് ചരിത്രമാണ്. തെരഞ്ഞെടുപ്പിൽ ആറമ്മുളയിൽനിന്നു രണ്ടുപ്രാവശ്യം വൻഭൂരിപക്ഷത്തോടെ വിജയം, ഇപ്പോൾ ശക്തനായ ശ്രീ പിണറായി വിജയൻറെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി.

ശ്രീമതി വീണ ജോർജ് ഇന്ത്യാവിഷനിൽ മോഡറേറ്ററായി പ്രവർത്തിക്കുമ്പോഴാണ് ഞാൻ അടുത്ത് പരിചയപ്പെടുന്നത്. ഞാനന്ന് സ്ഥിരമായി ഇന്ത്യാവിഷനിൽ മെഡിക്കൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തായ ശ്രീ എം വി നികേഷ്‌കുമാറാണ് അന്ന് ഇന്ത്യാവിഷന്റെ സാരഥി. വാർത്തകളുടെ ഊഷ്മളത സാവിശേഷ അവതരണശൈലിയിലൂടെ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നതാണ് ഒരു യഥാർഥ മാദ്ധ്യമപ്രവർത്തകയുടെ കർമമെന്നു വീണ ജോർജ് അന്ന് തെളിയിച്ചു. ജീവസ്സുറ്റ റിപ്പോർട്ടുകളിലൂടെയും ചടുലമായ പ്രഭാഷണങ്ങളിലൂടെയും ശ്രദ്ധേയയായി അവർ.

2014 ലെ ലോകഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയിലെ വിപുലമായ അവബോധപരിപാടികളോടനുബന്ധിച്ചു പ്രസിദ്ധീകരണത്തിന് തയ്യാറായ എന്റെ അഞ്ചാമത്തെ പുസ്തകം, ” ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ” പ്രകാശനം ചെയ്യാൻ ഞാൻ കണ്ടെത്തിയത് മറ്റാരെയുമല്ല, വീണ ജോർജിനെ. അന്ന് സംസ്ഥാനമന്ത്രി അനൂപ് ജേക്കബും വീണ ജോർജും കൂടി എന്റെ ഗ്രന്ഥം പ്രകാശനം ചെയ്തു. അവരുടെ കൈപ്പുണ്യമെന്നിരിക്കട്ടെ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകം പിന്നീട് ഒരു ബെസ്റ്റ് സെല്ലറായി.

ആരോഗ്യരംഗം ഏറെ കലുഷിതമായിരിക്കുന്ന ഒരവസരത്തിലാണ് ശ്രീമതി വീണ ജോർജ് കേരളത്തിന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. അതും ശൈലജടീച്ചർ സമർഥമായി നയിച്ചുകൊണ്ടുപോന്ന ഒരു സംരംഭത്തിന്റെ തുടർച്ചക്കാരി എന്നനിലക്ക്. ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്താൻ വീണ ജോർജ് ഏറെ കഷ്ടപ്പെടുകതന്നെ വേണം. ഒന്നര വർഷത്തിലേറെയായി വിനാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി പിടിയിലൊതുക്കുന്നതിൽ ലോകരാഷ്ട്രങ്ങൾപോലും പരാജയപ്പെടുന്നു. കോവിഡിനെതിരായ വാക്‌സിനേഷന്റെ കാര്യത്തിൽ കേരളം ഇപ്പോഴും ഏറെ പിന്നിൽ. കേരളത്തെ പനി കിടക്കയിലാക്കാൻ ഇപ്പോൾ മൺസൂൺ വരുന്നു. നിപ്പ, ഡെങ്കി, എലിപ്പനി, എച് 1 എൻ 1 , ഇതര ശ്വാസകോശരോഗങ്ങൾ കൂടാതെ ഇപ്പോൾ ഭീഷണമാകുന്ന ബ്ലാക്ക് ഫങ്കസ് ഉം. മാത്രമല്ല കേരളം ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിലും അപകടരേഖകൾ കടന്നുകഴിഞ്ഞു. ഹാർട്ടറ്റാക്കും സ്‌ട്രോക്കും പ്രമേഹവും പ്രഷറുമൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറി. എത്രയായാലും ശ്രീമതി വീണ ജോർജ് സർവശക്തിയും സംഭരിച്ചു ഏറെ വെല്ലുവിളികളെ നേരിടാൻ തയ്യാറായിരിക്കണം. തീർച്ചയായും ബഹു. ആരോഗ്യമന്ത്രിക്ക് ശക്തമായ തുണയായി ഞാനുൾപ്പെടുന്ന കേരളത്തിലെ ആരോഗ്യപ്രവർത്തകർ തികഞ്ഞ ആത്മാർഥതയോടെയും ജാഗ്രതയോടെയും ഒപ്പം കാണും.

നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ

Share News