അഞ്ചുകിലോ കപ്പയും ഒരു കോഴിയും അടങ്ങുന്ന കിറ്റ് : തിരുമാറാടി ഇടവകയുടെ വികാരിയച്ചൻ മുൻകൈയ്യെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്ത സ്നേഹസമ്മാനം ഇങ്ങനെ
ഇടവകയിലെ ജനങ്ങൾ പളളിവക പറമ്പിൽ വിളയിച്ച ഭക്ഷ്യ വിഭവങ്ങൾ, ഈ പ്രതികൂല സാഹചര്യത്തിൽ അവർക്ക് തന്നെ നല്കേണ്ടത് സ്വന്തം കടമയെന്ന തിരുമാറാടി ഇടവക പള്ളി വികാരിയുടെ തിരിച്ചറിവാണ് ജനങ്ങൾക്ക് അത്യുഗ്രൻ കിറ്റിന് വഴിയൊരുക്കിയത്. ഇടവകയിലെ അംഗങ്ങളായ കുടുംബങ്ങൾക്ക് മാത്രമല്ല, മറ്റ് ക്രൈസ്തവ, അക്രൈസ്തവ കുടുംബങ്ങളെയും, ക്യാറൻ്റയിനിൽ കഴിയുന്നവർ എന്നിങ്ങനെ ഇടവക അതിർത്തിയിൽപ്പെടുന്ന എല്ലാവരെയും തേടിയെത്തിയത് അഞ്ച് കിലോ കപ്പയും ഒരു കോഴിയും അടങ്ങുന്ന കിറ്റാണ്.
പങ്കുവെക്കൽ ആണ് യഥാർത്ഥ ക്രൈസ്തവ സന്ദേശം എന്ന ആശയത്തിലൂന്നി തിരുമാറാടി പള്ളിയിലെ പ്രിയങ്കരനായ വികാരിയച്ചൻ മുൻകൈയെടുത്ത് നടത്തിയ ഈ പരിശ്രമത്തിന് സഹായസഹകരണങ്ങൾ വാഗ്ദാനംചെയ്ത് ഇടവകയിലെ നല്ലവരായ ജനങ്ങളും അണിനിരന്നു. മഹാമാരിയുടെ കാലത്തെ അതിജീവിക്കുവാൻ പങ്കുവെക്കലും പരസ്പരമുള്ള കരുതലും അനിവാര്യമാണെന്ന് ജനങ്ങൾക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നാണ് ഈ കൂട്ടായ്മ വ്യക്തമാക്കുന്നത്. മറ്റുള്ളവരും ഈ സന്ദേശം ഏറ്റെടുത്താൽ അതിജീവനം സുഗമമാകും എന്ന ചിന്തയാണ് ഇവർക്കുള്ളത്. തിരുമാറാടി ഇടവകയുടെ സ്നേഹ സമ്മാനം വിതരണ ഉദ്ഘാടനം കുടുംബ കൂട്ടായ്മ പ്രസിഡന്റ് ശ്രീ. ജോഷി ഇഞ്ച ത്താനത്ത് , കൈക്കാരൻ ശ്രീ. ജോയി പുന്നമറ്റം എന്നിവർ വികാരി ബഹു. മാത്യു പുളിക്കപ്പറമ്പിലിന്റെ സാന്നിധ്യത്തിൽ മദർ സുപ്പീരിയർ സി.സിസിയയ്ക്കു നല്കി നിർവ്വഹിച്ചു.