
“എല്ലാ അന്ധകാരങ്ങൾക്കിടയിലും വെളിച്ചമുണ്ടെന്ന ഓർമപ്പെടുത്തലാണ് പ്രത്യാശ “
ദിഗ് വിജയിയായ അലക്‌സാണ്ടർ ചക്രവർത്തി തന്റെ പിതാവ് ഫിലിപ്പ് രാജാവിന്റെ മരണത്തെ തുടർന്നു ഇരുപതാം വയസ്സിൽ രാജ്യഭാരം ഏറ്റെടുത്തപ്പോൾ പൈതൃകമായി തനിക്കു ലഭിച്ച ഭൂമി മുഴുവനും സുഹൃത്തുക്കൾക്കായി വീതിച്ചു നൽകി.
‘അങ്ങേക്കുവേണ്ടി എന്താണ് നീക്കി വെച്ചിരിക്കുന്നത് ‘ എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മഹാനായ ആ ചക്രവർത്തിയുടെ മറുപടി കാലദേശങ്ങൾക്കപ്പുറം ഇന്നും പ്രസക്തമാണ് . “ഏറ്റവും വലിയ സ്വത്തായ പ്രത്യാശയാണ് മുന്നോട്ടുള്ള യാത്രക്കുള്ള എന്റെ കരുതൽ ” ഈ മനോഭാവമാണ് മാസിഡോണിയയിലെ അലക്‌സാണ്ടറെ മഹാനായ അലക്‌സാണ്ടറാക്കി മാറ്റുന്നത്. നഷ്ടങ്ങളുടെ തടവറകളിൽ സ്വയം ശപിച്ചു സമയം കളയാതെ നേട്ടങ്ങളുടെ പുറകെ വിശ്രമമില്ലാതെ യാത്ര ചെയ്യുവാൻ പ്രത്യാശ മനുഷ്യനെ പ്രാപ്തനാക്കുന്നു.
“എല്ലാ അന്ധകാരങ്ങൾക്കിടയിലും വെളിച്ചമുണ്ടെന്ന ഓർമപ്പെടുത്തലാണ് പ്രത്യാശ “നോബൽ സമ്മാന ജേതാവായ ഡെസ്മണ്ട് ടുട്ടുവിന്റെ ഓർമ്മപ്പെടുത്തൽ നമ്മോടു ഓരോരുത്തരോടും കൂടിയാണ് .
ഇരുൾ വീണ ജീവിത യാത്രയിൽ പ്രത്യാശയുടെ ഈ ഒരു നേർത്ത വെളിച്ചമായിരിക്കും നമ്മെ മുന്നോട്ടു നയിക്കുക. എന്നാൽ
മനുഷ്യൻ പലപ്പോഴും ഇന്നലകളുടെ തടവറയിൽ ഉഴലുകയാണ്. ചെറിയ പരാജയങ്ങൾ പോലും അവനു താങ്ങാവുന്നതിലും അപ്പുറമാണ്. ചുറ്റുപാടിലും സംഭവിക്കുന്ന ദുരന്തങ്ങൾ അവനെ കൂടുതൽ അസ്വസ്ഥനാക്കുകയാണ്. ഫലമോ നിരാശയും തോൽവിയും.
“ഭൂതകാലത്തിൽ നിന്ന് പഠിക്കുക, വർത്തമാന കാലത്ത് ജീവിക്കുക, നാളെയെകുറിച്ച് പ്രത്യാശയുള്ളവരായിരിക്കുക എന്ന ഐൻസ്റ്റീന്റെ വിജയമന്ത്രം ഇത്തരുണത്തിൽ നമുക്കോർക്കാം.
കവി വാക്യം കൂട്ടി ചേർക്കട്ടെ
” എനിക്കീ പേക്കിനാവ് നിറഞ്ഞ ഉറക്കം മതിയായി…
വെളിച്ചം കെട്ട നെരിപ്പോടില്‍ ഒരു തീപ്പൊരിയെങ്കിലും
ബാക്കിയാവുമെന്നു ഞാന്‍ ആശിക്കട്ടെ…
പ്രത്യാശയുടെ ആ നുറുങ്ങു വെട്ടം
ഒരു കുഞ്ഞു മാലഖയ്ക്ക് വഴി കാണിക്കും ….
അതു വരെ ഞാന്‍ ഉണര്‍ന്നിരിക്കാം.”
പ്രിയരേ,
പ്രത്യാശയുടെ നുറുങ്ങു വെട്ടവുമായി കടന്നു വരുന്ന ആ കുഞ്ഞു മാലാഖക്കായി നമുക്ക് കാത്തിരിക്കാം.
ഒത്തിരി സ്നേഹത്തോടെ ,

സെമിച്ചൻ ജോസഫ്
അസി: പ്രഫസർ
സാമൂഹ്യ പ്രവർത്തക വിഭാഗം
ഭാരത മാതാ കോളേജ് , തൃക്കാക്കര