
സിഎഎ ഉടന്‍ നടപ്പാകും: വിജ്ഞാപനമിറക്കി ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സിഎഎ) ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. ഇതിനുമുന്നോടിയായി രാജ്യത്തെ മുസ്ലിം ഇതര അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല.
മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുക. 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള മതിയായ യാത്രാരേഖകള്‍ ഇല്ലെങ്കില്‍പ്പോലും പൗരത്വത്തിന് അപേക്ഷിക്കാം. ഇവരുടെ കാര്യത്തില്‍ പൗരത്വം ലഭിക്കാന്‍ 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചിരിക്കണം എന്ന വ്യവസ്ഥ അഞ്ചുവര്‍ഷമായി കുറച്ചിട്ടുണ്ട്.
2019ല്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞവര്‍ഷം വ്യാപകപ്രക്ഷോഭമാണ് രാജ്യമൊട്ടാകെ അരങ്ങേറിയത്. മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ലെന്ന നയം വിവേചനമാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെട്ടവരായതിനാലാണ് ഇതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.