![](https://nammudenaadu.com/wp-content/uploads/2021/06/197714619_1712447805608913_6066442831249058592_n.jpg)
ഇന്ന് പരിസ്ഥിതി ദിനം.അറിയുക, വിസ്‌മൃതിയിലായിക്കൊണ്ടിരിക്കുന്ന എരുമേലിയിലെ രഹസ്യ തപോവനത്തെ..
എരുമേലിക്കടുത്ത് വിഴിക്കത്തോട് മണിമലയാറിൻറ്റെ തീരത്താണ് രണ്ടര ഏക്കറിലെ ഔഷധ തപോവനം. അധികമാർക്കുമറിയില്ല ഈ സ്വകാര്യ വനത്തെ. ഏതാനും വർഷം മുമ്പ് വരെ ഗവേഷക വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെ എത്തുമായിരുന്നു. അപൂർവ ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ സ്വകാര്യ വനം. ഇപ്പോൾ പരിചരണം നിലച്ചതോടെ പലതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു
വാസനദ്രവ്യമായ അത്തറ് ലഭിക്കുന്ന ഔദ് മരങ്ങളും പരിമളം പടർത്തുന്ന അഖിലും രുദ്രാക്ഷക്കായകൾ നിറഞ്ഞ രുദ്രാക്ഷ മരങ്ങളും ആവോളം ശുദ്ധ വായു സമ്മാനിക്കുന്ന വിവിധ തരം ആൽ മരങ്ങളും ഒരിക്കലും ചിതലെടുക്കാത്ത കടുപ്പമേറിയ തമ്പകവും ചന്ദനം, രക്ത ചന്ദനം,ഇല്ലി, മുള, വാക, ഈട്ടി, കരിവീട്ടി, കരിങ്ങോട്ട, മയില, അമൃത്, കാട്ടമൃത്, ചിറ്റമൃത്, ഇലവ്, മന്ദാരം, കൂവളം, പാരിജാതം, തിപ്പലി, കറുകപ്പട്ട, അണലിവേഗം, മഞ്ചാടി, പാരിജാതം, നെല്ലി, കീഴാർ നെല്ലി, സീതപ്പഴം, അത്തി, മല്ലിക മാവ്, ഹിമ വസന്ത മാവ്, കീരികിഴങ്ങ്, കണിക്കൊന്ന, പൂജാപുഷ്പങ്ങൾ, പ്ലാവുകൾ, മഹർഷിമാർ വസ്ത്രമായി മരത്തിൻറ്റെ തോൽ ധരിച്ചിരുന്ന മരവുരി മരം, പോലിസുകാരുടെ ലാത്തിക്ക് ഉപയോഗിക്കുന്ന ലാത്തി മുള, അങ്ങനെ അപൂർവമായ കാഴ്ചകൾ ഏറെയുണ്ടായിരുന്നു തപോവനത്തിൽ.
തപോവനത്തിന്റെ ആരംഭം 20 വർഷം മുമ്പാണ്.
.അന്ന് റബർ വില കുതിച്ചുയരുമ്പോൾ എരുമേലിയിലെത്തി രണ്ടര ഏക്കർ റബർ തോട്ടം വാങ്ങി മുഴുവൻ റബർ മരങ്ങളും ഒന്നൊഴിയാതെ ചുവടെ വെട്ടിമുറിച്ചു മാറ്റി സുരേഷ് ബാബു എന്ന വ്യവസായപ്രമുഖൻ. . മുന്തിയ വില കിട്ടുന്ന സമയത്ത് വളർച്ച പൂർണമാകാത്ത റബർ മരങ്ങൾ ചുവടെ വെട്ടിക്കളഞ്ഞത് അദ്ദേഹത്തിന് വട്ടാണെന്ന് വരെ പറഞ്ഞ് പലരും അതിശയം പ്രകടിപ്പിച്ചു. പക്ഷെ, ഹോട്ടൽ രംഗത്തെ പ്രമുഖ വ്യവസായിയായ അദ്ദേഹത്തിന് വേണ്ടത് എകാന്തമായി ധ്യാനനിരതമാകാനും വനത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ് പാട്ടും കച്ചേരിയും ഒക്കെ ആസ്വദിക്കാൻ പറ്റുന്ന ശുദ്ധമായ ഒരു വനമായിരുന്നു. അതായത് തപോവനം. റബർ വെട്ടിമാറ്റിയ സ്ഥലത്ത് വേരുകൾ ഉൾപ്പെടെ മണ്ണ് ഇളക്കി മാറ്റി. ചാണകം നിറഞ്ഞ വളവുമായി പിന്നെ മണ്ണിനെ വളക്കൂറാക്കി. തുടർന്ന് ഔഷധ മരങ്ങളും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളും അപൂർവമായ ഫല വൃക്ഷങ്ങളും കൊണ്ടുവന്ന് നടാൻ തുടങ്ങി.
മരങ്ങൾ വളർന്ന് വനത്തിന്റെ പ്രതീതിയിലെത്തിയപ്പോൾ ആരും അതിശയിച്ചു പോകുന്ന വിധം തപോവനമായി . മാമുനികൾ തപസ് ചെയ്തിരുന്ന പുരാണകഥകളിലെ ഔഷധക്കനികൾ നിറഞ്ഞ തപോവനമായി അത് യാഥാർത്ഥ്യമാക്കാൻ കാടുകൾ കയറിയിറങ്ങി സുരേഷ് ശേഖരിച്ചുകൂട്ടിയത് അമൂല്യങ്ങളും അപൂർവ്വങ്ങളുമായ നൂറുകണക്കിന് ഔഷധ സസ്യങ്ങളുംഫലവൃക്ഷങ്ങളുടെയും തണൽ മരങ്ങളുടെയും തൈകളായിരുന്നു. അതിനായി ഏറെ പ്രയത്നം ചെലവിടെണ്ടിയും വന്നു. അണലിയും മൂർഖനും കീരിയും കാട്ടുമുയലും കാട്ടുപൂച്ചയും പൂമ്പാറ്റകളും വാനമ്പാടികളും മയിലും പെരുച്ചാഴിയും പരുന്തും പക്ഷിക്കൂട്ടങ്ങളുടെ താവളങ്ങളുമൊക്കെ ആ വനത്തിനുളളിലുണ്ടായിരുന്നു
ഒപ്പം ഒരുഗ്രൻ നാടകശാലയുംഅവിടെ നിർമിച്ചിരുന്നു.
പാട്ടും ഗസലും കച്ചേരിയും നൃത്തവും ഒക്കെ ആ നാടകശാലയിലെ വേദിയിൽ വനഭംഗിയുടെ ശാന്തതയായ രൗദ്രതക്കൊപ്പം ആസ്വദിക്കുമായിരുന്നു സുരേഷ്. എണ്ണിയാൽ തീരാത്തത്ര നാനാതരം മരങ്ങളായിരുന്നു തപോവനത്തിലെ ആകർഷണീയത.സൂക്ഷിപ്പുകാരെ കാവലിന് നിയോഗിച്ച് സുരേഷ് വിദേശത്ത് താമസമായതോടെ കാര്യമായ പരിചരണം പിന്നെ ഉണ്ടായില്ല. അതോടെ തപോവനം വിസ്‌മൃതിയിലേക്ക് എത്തുകയായിരുന്നു.
![](https://nammudenaadu.com/wp-content/uploads/2021/06/92430273_1365792256941138_50770503463337984_n-1.jpg)