
അന്താരാഷ്ട്രതലത്തിൽ നിരവധി പദവികളിലേക്ക് ക്ഷണംലഭിച്ചിട്ടും ഈ കൊച്ചുകേരളത്തിൽ തന്റെ സ്വപ്നപദ്ധതിയുമായി തങ്ങിയ കുര്യൻ നാടിന്റെ നന്ദി അർഹിക്കുന്നു.
കുര്യന്റെ വിജയഗാഥ
ശ്രീ വി ജെ കുര്യൻ പടിയിറങ്ങുകയാണ്. വെറും 9 വർഷത്തെ സർവീസ് മാത്രമുള്ള യുവ ഐ എ എസ് ഉദ്യോഗസ്ഥനായി 1993ൽ ചുമതലയേറ്റ കുര്യൻ നീണ്ട 19വർഷമാണ് കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിനെ നയിച്ചത്.അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച കുര്യന് 5 വർഷംകൂടി നീട്ടിനൽകുകയായിരുന്നു.

രാജ്യത്തുതന്നെ പല റെക്കോഡ്കളും സൃഷ്ടിച്ച പദ്ധതിയാണ് കൊച്ചി വിമാനത്താവളം.ജനപങ്കാളിത്തത്തോടെയുള്ള വമ്പൻ പദ്ധതികൾ അന്ന് കേട്ടുകേൾവി പോലുമില്ലായിരുന്നു.
1994ൽ കമ്പനി രജിസ്റ്റർചെയ്യാൻ 20000 രൂപ സംഭാവനചെയ്ത ജർമ്മനിയിലെ വിദേശമലയാളി ജോസ് മാളിയേക്കലിന്റെ കൈ പൊലിച്ചു. വെറും 300 കോടി രൂപ ചിലവിൽ 1999 മെയ് 25ന് രാഷ്‌ട്രപതി കെ ആർ നാരായണൻ പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉത്ഘാടനംചെയ്തു.
ദമാം കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റ് ആണ് ആദ്യം ലാൻഡ് ചെയ്തത്.ഓഹരി വിൽക്കാൻ ലോകംമുഴുവൻ മലയാളികളുടെ അടുത്ത് തെണ്ടിനടന്ന കഥ കുര്യൻ പറഞ്ഞിട്ടുണ്ട്.
നാട്ടിലെ വികസനങ്ങളുടെ അപര്യാപ്‌തയെക്കുറിച്ചു വാചാലനാകുന്ന മലയാളി ചെറിയ തുകകൾപോലും നിക്ഷേപിക്കാൻ വിമുഖത കാണിച്ചു. സി വി ജേക്കബ്, എം എ യൂസഫലി, പി മുഹമ്മദാലി (ഗൾഫാർ ), ഈ എം ബാബു എരുമല, എന്നീ നാലുപേർ മാത്രമാണ് 25 ലക്ഷം രൂപ മുടക്കാൻ തയാറായത് എന്ന് അറിയുമ്പോൾ അത്ഭുതംതോന്നും. ഗൾഫിൽ ബിസിനസുകാരനായ ജോർജ് നെരേപ്പറമ്പിൽ 1കോടി രൂപയുടെ ഷെയർ വാങ്ങി മാതൃകയായി.
വെറും പാടമായിരുന്ന നെടുമ്പാശേരിയിലെ സ്ഥലമുടമകൾക്ക് മാർക്കറ്റ് വില നൽകുകമാത്രമല്ല വ്യാപാരസാധ്യതയുള്ള 6 സെന്റ് സ്ഥലം വികസിപ്പിച്ചു തിരിച്ചുനൽകാം എന്ന കുര്യന്റെ പദ്ധതി വിജയിച്ചു.
എയർപോർട്ട് ടാക്സി ഉൾപ്പെടെ ജോലികളും ഉറപ്പാക്കി.സമയബന്ധിതമായി പണികൾ തീർക്കുന്നതിൽ കുര്യന്റെ പിന്നിൽ ആർജവമുള്ള ഒരു ടീം ഉണ്ടായിരുന്നു. പ്രൊജക്റ്റ് എഞ്ചിനീയർ എബ്രഹാം ജോസഫ്, ഫിനാൻസ് ചീഫ് അലക്സ് വർഗീസ് തുടങ്ങിയവർ നാടിന്റെ കൃതജ്ഞത അർഹിക്കുന്നവരാണ്.
ലോകത്ത് ആദ്യമായി ആവശ്യത്തിനുള്ള മുഴുവൻ വൈദ്യുതിയും സോളാർ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന വിമാനത്താവളം കൊച്ചിയാണ്.
ഇന്ന് ഹർവാർഡും ഐ ഐ എമ്മുകളും ഉൾപ്പെടെ ലോകമെങ്ങും കൊച്ചി പദ്ധതിയുടെ വിജയം പഠനവിഷയമാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ അവാർഡ് 2018ൽ കൊച്ചിക്ക് ലഭിച്ചു. കൺവെൻഷൻ സെന്റർ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഗോൾഫ് ക്ലബ് എന്നിങ്ങനെ നിരവധി അനുബന്ധപദ്ധതികളും പൂർത്തീകരിച്ചിട്ടാണ് വി ജെ കുര്യൻ വിരമിക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ നിരവധി പദവികളിലേക്ക് ക്ഷണംലഭിച്ചിട്ടും ഈ കൊച്ചുകേരളത്തിൽ തന്റെ സ്വപ്നപദ്ധതിയുമായി തങ്ങിയ കുര്യൻ നാടിന്റെ നന്ദി അർഹിക്കുന്നു.
പാലാ ഇടമറ്റം വട്ടവയലിൽ വക്കീലിന്റെ മകൻ നാട്ടുകാരൻ ആണെങ്കിലും മൂവാറ്റുപുഴ സബ്കളക്ടർ ആയി എത്തിയപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. മുനിസിപ്പൽ ചെയർമാന്റെ ജോലികൂടി ചെയ്യേണ്ടിയിരുന്ന വി ജെ കുര്യൻ എന്ന മാനേജ്മെന്റ് വിദഗ്ധന്റെ കഴിവുകൾ അന്നേ വ്യക്തമായിരുന്നു.

കുര്യന്റെ വിജയഗാഥ ലോകമെങ്ങും അറിയേണ്ടതുണ്ട്.
അഭിനന്ദനങ്ങൾ, ആശംസകൾ.