
ഒരു സിനിമയ്ക്ക് പറ്റിയ കഥ – ചങ്കൂറ്റമുള്ള സിനിമാക്കാർക്ക് പരിഗണിക്കാം..
ദൂരെ ദൂരെ ഒരു ഗ്രാമ പ്രദേശത്ത് പരിസരവാസികളുടെ മുഴുവൻ ആരോഗ്യത്തിന് ഭീഷണിയായി മാറിയ ഒരു മാലിന്യപ്ലാന്റും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റു ചില പ്രസ്ഥാനങ്ങളും.

പ്രാദേശിക ഭരണകൂടങ്ങളും അധികാരികളും അവരുടെ പക്ഷത്തായിരുന്നു.ജീവിതം വഴിമുട്ടി നിവൃത്തിയില്ലാതെ അതിനെതിരായി കഴിഞ്ഞ ചില വർഷങ്ങളായി കുറേ പേർ സന്ധിയില്ലാ സമരത്തിലാണ്.
അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ആരംഭ ഘട്ടം മുതൽ ഉണ്ടായിട്ടും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് നേതൃത്വം ഉൾപ്പെടെ പലരും എല്ലായ്പ്പോഴും മറുപക്ഷത്ത് നിലകൊണ്ടു.
കഥാനായകൻ ജൻമനാലേ തീവ്ര ഇടതുപക്ഷ അനുഭാവിയും, സ്വന്തം സ്ഥലം വർഷങ്ങൾക്ക് മുമ്പേ പാർട്ടി സ്മാരകത്തിനുവേണ്ടി എഴുതി കൊടുത്തിട്ടുള്ള ആളുമാണ്. സർവ്വോപരി അദ്ദേഹം ഒരു കലാകാരനും ജനസമ്മതനുമാണ്. 57 വയസുള്ള അദ്ദേഹത്തിന് മക്കളില്ല.
കഥാനായകന്റെ ജ്യേഷ്ഠനും പ്രസ്തുത സമരത്തിന്റെ പ്രധാന പോരാളിയുമായിരുന്ന വ്യക്തി ഏതാനും മാസങ്ങളായി ഇതേ മലിനീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾകൊണ്ട് രോഗിയായി മാറുകയും സമീപ കാലത്ത് മരിക്കുകയും ചെയ്തു.
സഹോദരന്റെ മരണത്തോടെ പൂർവ്വാധികം ശക്തമായി കഥാനായകൻ രംഗത്തിറങ്ങി. നാടുമുഴുവൻ അഭിമുഖീകരിക്കുന്ന വലിയ ഭീഷണിക്ക് പരിഹാരമുണ്ടാക്കാനായി അയാൾ അധികാരികൾക്ക് മുന്നിൽ നിരന്തരം കയറിയിറങ്ങി.
പതിവുപോലെ എല്ലാവരും കണ്ണടച്ചു.ഒടുവിൽ മറ്റു മാർഗങ്ങളൊന്നും കാണാത്ത അയാൾ തന്റെ പരാതികളും തെളിവുകളും മുഴുവൻ ഒരുദിവസം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് പിറ്റേദിവസം വെളുപ്പിന് പരാതികളുടെ കോപ്പികളും തെളിവുകളും എല്ലാം മാലയായി കഴുത്തിലണിഞ്ഞ് താൻ പരാതിയുമായി ഏറ്റവുമധികം കയറിയിറങ്ങിയ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ വച്ച് സ്വന്തം പിറന്നാൾ ദിവസം തന്നെ കഴുത്തിൽ കയറ് കുരുക്കി ജീവിതം അവസാനിപ്പിച്ചു.
പക്ഷെ, അത് നിരാശകൊണ്ട് ചെയ്ത ഒരു സാധാരണ ആത്മഹത്യയായിരുന്നില്ല. തന്റെ മരണംകൊണ്ടെങ്കിലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയായിരുന്നു.

ഈ ആത്മഹത്യ നടന്നത് ഇന്ന് രാവിലെയാണ്.. സ്ഥലം, മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്ത് ഓഫീസ്. ആത്മഹത്യ ചെയ്തയാളുടെ പേര്: റസാഖ് പയേമ്പ്രോട്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇതേ പേര് ഫേസ്ബുക്കിൽ തിരഞ്ഞാൽ മതിയാവും. എല്ലാ തെളിവുകളും രേഖകളും അദ്ദേഹം അവിടെ ബാക്കിവച്ചിട്ടുണ്ട്..

Vinod Nellackal
