ഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

Share News

ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം.

അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം.

ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ അവിടെനിന്ന് അപേക്ഷ ഡൽഹി RNI ഓഫീസിലേയ്ക്ക് ഫോർവേർഡ് ചെയ്യും.

RNI ഓഫീസിൽ പ്രസ്തുത അപേക്ഷ കിട്ടിയാൽ ടൈറ്റിൽ വെരിഫിക്കേഷനുള്ള നടപടികൾ ആരംഭിക്കും. കൊടുത്തിരിക്കുന്ന ടൈറ്റിൽ അവർക്ക് ബോധ്യപ്പെട്ടാൽ ഗ്രീൻ സിഗ്നൽ കിട്ടും, പദ്ധതിയുമായി മുന്നോട്ടു പോകാം. റെഡ് സിഗ്നൽ ആണെങ്കിൽ പുതിയ പേരുമായി നടപടികൾ ആരംഭം മുതൽ വീണ്ടും തുടങ്ങാം.

മേൽപ്പറഞ്ഞ നടപടികൾ ആറുമാസംകൊണ്ടെങ്കിലും അവസാനിച്ചു കിട്ടണമെങ്കിൽ പോലും കളക്ടറേറ്റിൽ മുതൽ കേന്ദ്രത്തിൽ വരെ പിടി വേണം. ലക്ഷങ്ങൾ കൈക്കൂലി കൊടുക്കാമെന്നുണ്ടെങ്കിൽ വലിയ തട്ടുമുട്ടുകൾ ഇല്ലാതെ കാര്യം നടക്കും. നേരെ വഴിയേ പോയാൽ ഒരു വർഷം കഴിയുമ്പോഴായിരിക്കും ടൈറ്റിൽ അംഗീകരിച്ചോ തള്ളിയോ എന്നുപോലും അറിയാൻ കഴയുന്നത്.

രണ്ടായിരമോ പതിനായിരമോ കോപ്പി പ്രിന്റ് ചെയ്തേക്കാവുന്ന പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ കാര്യമാണ് ഇപ്പറഞ്ഞത്.ഇനി, ഒരു ചാനൽ തുടങ്ങണമെങ്കിൽ… അവിടെ വേറൊരു കടമ്പ കൂടിയുണ്ട്. എന്റർടെയിൻമെന്റ് ചാനലാണെങ്കിൽ അപേക്ഷ ലൈസൻസിന് സമർപ്പിക്കുന്ന കമ്പനിക്ക് 5 കോടി രൂപയെങ്കിലും ആസ്തി ഉണ്ടായിരിക്കണം. ന്യൂസ് ചാനലാണെങ്കിൽ 20 കൊടിയും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ രാജ്യത്ത് ഒരു ന്യൂസ് പോർട്ടലോ ഓൺലൈൻ ചാനലോ തുടങ്ങാൻ യാതൊരുവിധ ലൈസൻസിന്റെയും ആവശ്യമില്ല. ഇന്ന് തീരുമാനിച്ചാൽ നാളെ തുടങ്ങാം. അങ്ങനെ തുടങ്ങി പത്രസ്ഥാപനങ്ങളെക്കാൾ വലിയ ഓഫീസുമായി മുന്നോട്ടു പോകുന്ന സ്ഥാപനങ്ങൾ പലതുണ്ട്.

മുഖ്യധാരാ മാധ്യമങ്ങളിൽ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ കൊടുക്കുന്നവരുമുണ്ട്. ഇതൊന്നും മോശമായ കാര്യമാണെന്ന അഭിപ്രായം എനിക്കില്ല. മറിച്ച്, പത്രങ്ങളും മാസികകളും ചാനലുകളും മറ്റും തുടങ്ങാനുള്ള ഫോർമാലിറ്റികൾ അൽപ്പമൊന്ന് ലഘൂകരിച്ചു കിട്ടിയാൽ നല്ലതാണെന്ന അഭിപ്രായമേയുള്ളൂ.

പ്രശ്നം അവിടെയല്ല. രജിസ്‌ട്രേഷൻ പോലുള്ള ഫോർമാലിറ്റികളും ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ട് എന്ന അവസ്ഥയും എന്തുകൊണ്ടും നല്ലതാണ്. വായിൽവരുന്നതെന്തും ആർക്കെതിരെയും വിളിച്ചുപറയാമെന്നുള്ള ധൈര്യം അപകടകരമാണ്.

ഇവിടെ ചില ഓൺലൈൻ ചാനലുകളും അവരുടെ സോഷ്യൽമീഡിയ വിഭാഗവും ചെയ്തുകൂട്ടിയിട്ടുള്ള അക്രമങ്ങൾക്ക് കയ്യുംകണക്കുമില്ല എന്ന് ബോധമുള്ള മലയാളികൾക്ക് മുഴുവനറിയാം. എത്രമാത്രം ബിസിനസ് തകർച്ചകളും കുടുംബ തകർച്ചകളും ആത്മഹത്യകളും ഇക്കൂട്ടർ വഴിയായി ഉണ്ടായിട്ടുണ്ട് എന്നുള്ളത് കണക്കെടുക്കുക എളുപ്പമല്ല. പരസ്യ പ്രതികരണങ്ങൾക്കോ കേസുകൾക്കോ അപ്പുറം അത്തരത്തിൽ കുറെ മനുഷ്യരുടെ കണ്ണീർ വീഴ്ത്താൻ കാരണമായിട്ടുള്ള വ്യക്തികളും ബെല്ലും ബ്രെയ്ക്കുമില്ലാത്ത അവരുടെ പ്രസ്ഥാനങ്ങളും ഇന്നല്ലെങ്കിൽ നാളെ അതിനുള്ള കൂലി എണ്ണി മേടിക്കുമെന്ന് ഉറപ്പാണ്.

സോഷ്യൽമീഡിയയിൽ റീച്ചും ക്ലിക്കും കിട്ടാൻ അഴുകിയതും ചീഞ്ഞതും മാത്രം തപ്പിപ്പെറുക്കിയും ഗോസിപ്പുകൾ സൃഷ്ടിച്ചും വാസ്തവവിരുദ്ധമായ ഉള്ളടക്കവും തലക്കെട്ടുകളും തലതിരിഞ്ഞ വ്യാഖ്യാനങ്ങളും നൽകിയും ഓൺലൈൻ മഞ്ഞ മാധ്യമപ്രവർത്തനത്തിൽ സജീവമായിരിക്കുന്ന സകലർക്കും പാഠമായി ഒരു അനുഭവമെങ്കിലും ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. “മറുനാടൻ മലയാളിയുടെ മാധ്യമപ്രവർത്തനം ശരിയായ മാധ്യമപ്രവർത്തനമല്ല” എന്ന കേരളഹൈക്കോടതിയുടെ നിരീക്ഷണത്തോട് എന്തുകൊണ്ടും യോജിക്കുന്നു.

പലരും ആരോപിക്കുന്നതുപോലെ ഒരു രാഷ്ട്രീയ അജണ്ട ഇപ്പോൾ നടക്കുന്നതിനെല്ലാം പിന്നിലുണ്ടെങ്കിൽ അത്തരം നീക്കങ്ങളോട് യോജിപ്പില്ല. പക്ഷെ, ചില തിരുത്തലുകളും ചില ഷോക്ക് ട്രീറ്റ്മെന്റുകളും കേരളത്തിന്റെ നല്ല ഭാവിക്ക് ആവശ്യമാണ്.

Vinod Nellackal

Share News