എം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

Share News

എം ടി ക്ക് നവതി !

മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ്‌ ജനിച്ചത്.

അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു.

പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ.

കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ കീറിമുറിച്ചു അപഗ്രഥിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ കുറച്ചൊന്നുമല്ല എന്നെ ആവാഹിച്ചാർദ്രമാക്കിയത്.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആരംഭിച്ച എന്റെ വായനാജീവിതത്തിൽ കൂടുതലും എം ടി യുടെ പുസ്തകങ്ങൾ തന്നെ.നാലുകെട്ട് (1958 ), അസുരവിത്ത്‌ (1962 ), കാലം (1969 ) എന്നീ ഗ്രന്ഥങ്ങൾ അന്ന് വായിച്ചതെത്ര പ്രാവശ്യമെന്നു ഓർമ്മിക്കാനാവുന്നില്ല. പാഠപുസ്തകങ്ങളെക്കാൾ കൂടുതലായി അവ വായിച്ചുകൊണ്ടിരുന്നു. ആ ഗ്രന്ഥങ്ങളിലെ വാക്കുകളും വാചകങ്ങളും കാണാപാഠം പഠിച്ചു. എന്നെ ഒരെഴുത്തുകാരനാക്കുന്നതിനു പിന്നിൽ കൂടുതലും പ്രചോദലഹരിയായത് ആദ്യകാലത്തു വായിച്ച എം ടി യുടെ ഈ രചനാവിസ്മയങ്ങൾ തന്നെ.

മലയാള അക്ഷരമാലയിലെ സങ്കീർണ്ണങ്ങാളായ വർണ്ണങ്ങളും ലിപികളും അക്ഷരങ്ങളും ഇത്ര മനോഹരമായി സമ്മേളിപ്പിച്ചു വാക്കുകളും വാചകങ്ങളുമുണ്ടാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു വ്യക്തിപ്രഭാവം.

handwriting-and-memory

കുറുപ്പന്തറയിലെ വീടിനടുത്തുള്ള പഴയ ഒരുമുറി കെട്ടിടത്തിലെ ലൈബ്രറിയിൽ എം ടി യുടെ നോവലുകൾ തിരയും. പിന്നീട് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ എല്ലാ കൃതികളും തന്നെ പലപ്രാവശ്യം വായിച്ചു. ഒരുപക്ഷെ കഥാതന്തുവിന്റെയോ കൂടിക്കുഴഞ്ഞു കിടക്കുന്ന വാക്കുകളുടെയോ വാക്കുകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന സ്വാരസ്യത്തിന്റെയോ അർത്ഥവും പൊരുളും മനസ്സിലാക്കാനായിരിക്കാം പലവട്ടം വായിക്കേണ്ടിവന്നത്.

ആന്തരികജീവിതത്തിന്റെ ഭുമിസ്വർഗ്ഗനരകങ്ങളും വിഭ്രാന്തിയുമെല്ലാം തന്മയത്വത്തോടെ ഇണക്കിച്ചേർത്തു, കാലം ബാക്കിവച്ച ഒരുപാട് ഓർമ്മകളും ആചാരങ്ങൾകൊണ്ട് വരിഞ്ഞുകെട്ടിയ മലീമസമായ ഒരു സമൂഹത്തിന്റെ പൊള്ളയായ കീഴ്‌വഴക്കങ്ങളും, സന്താപഭരിതമായി അവശേഷിക്കുന്ന ജീവിതങ്ങളുടെ ഗദ്ഗദങ്ങളും ഒക്കെ എം ടി മലയാളികളുടെ മനസ്സുകളിൽ കോറിയിട്ടു. ആ കഥകൾ വായിച്ചും വായിച്ചും മലയാളികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കഥകളുടെ ഒരു മഹാപ്രപഞ്ചം.

വൈചിത്ര്യമാർന്ന മനുഷ്യജീവിതത്തിന്റെ നഗ്നമായ പ്രബോധനങ്ങളെ മലയാളികൾ നെഞ്ചോടുചേർത്തുവച്ചു. മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

“സാഹിത്യമാണ് എന്റെ നിലവിളക്ക്; ഈ ജീവിതത്തിൽ ഞാൻ തൃപ്തനാണ്” എന്ന് നവതിയുടെ സാഫല്യത്തിൽ അദ്ദേഹം പറയുന്നു. അതെ ഞങ്ങളും തൃപ്തരാണ് ഗുരോ, അങ്ങ് ഞങ്ങളെ സാഹിത്യമെന്തെന്നു പഠിപ്പിച്ചതിന്!

എളിമയോടെ അങ്ങറിയാത്ത അങ്ങയുടെ ഒരു ശിഷ്യൻ

ഡോ ജോർജ് തയ്യിൽ

Dr-George Thayil

Share News