സ്വന്തം ജീവൻ കവരാൻ സാധ്യതയുണ്ടെന്ന് കാണുന്ന തിരമാലകളെ പോലും അത്യധികം വാശിയോടെ മാത്രം നേരിടുന്ന മത്സ്യതൊഴിളി സമൂഹത്തിന് ഈ പ്രതികരണങ്ങളിൽ അതുപോലെതന്നെ തിരിച്ചു പ്രതികരിക്കാനേ അറിയൂ…

Share News

കേരളത്തിലെ ആരാലും തിരസ്കരിക്കപ്പെട്ട ഒരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളി എന്നുള്ള തോന്നൽ ആ ജനത്തിനുണ്ട്. പതിറ്റാണ്ടുകളായി പ്രസംഗങ്ങളിൽ ഒഴുകുന്ന തേനൊഴുകുന്ന വാക്കുകൾക്കപ്പുറം പ്രവർത്തി പദത്തിൽ എത്തുമ്പോൾ അവരെ ശത്രുക്കളും അനാവശ്യ വൈകാരികത പ്രകടിപ്പിക്കുന്ന നികൃഷ്ടരുമായി കാണുന്ന ഭരണകർത്താക്കളെയാണ് അവർ കണ്ടിട്ടുള്ളത്.

ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കൾ പോലെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പോലും തൂത്തെറിയപ്പെടുന്നു എന്ന യാഥാർത്ഥ്യത്തെ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. വികാരത്തിന് അടിമപ്പെടാറുള്ളത് സ്വാഭാവികമാണ്.

അതിനവരെ മാത്രം എങ്ങനെ കുറ്റം പറയാൻ ആകും. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗമായി മത്സ്യത്തൊഴിലാളി അവശേഷിക്കുന്നു എന്ന് പറയുന്നത് തന്നെ മാറി മാറിവന്ന ഭരണകർത്താക്കൾക്ക് അവരോടുള്ള സമീപനത്തെ വ്യക്തമാക്കുന്നതാണ്.

നിർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ ജനവിഭാഗത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന അധികാരത്തിന്റെ ആൾരൂപങ്ങൾ ഒക്കെ തന്നെയും വളരെ ധാർഷ്ട്യത്തോടും അഹങ്കാരത്തോടും കൂടിയാണ് അവരെ സമീപിച്ച് കാണുന്നത്.

സ്വന്തം ജീവൻ കവരാൻ സാധ്യതയുണ്ടെന്ന് കാണുന്ന തിരമാലകളെ പോലും അത്യധികം വാശിയോടെ മാത്രം നേരിടുന്ന മത്സ്യതൊഴിളി സമൂഹത്തിന് ഈ പ്രതികരണങ്ങളിൽ അതുപോലെതന്നെ തിരിച്ചു പ്രതികരിക്കാനേ അറിയൂ…

അവരത് മാത്രമേ ചെയ്യൂ. അതവരുടെ അഹങ്കാരമായും കലാപമായും കാണുന്ന ഭരണവർഗത്തിന്റെ സമീപനം തികച്ചും ഫാസിസം ആണെന്ന് പറയാതിരിക്കാൻ കഴിയില്ല.

തങ്ങളാൽ ഭരിക്കപ്പെടുന്ന ജനതയുടെ മാനസിക വൈകാരിക തലങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഭരണകർത്താക്കൾ ബുദ്ധിശൂരാണെന്നും പറയേണ്ടിവരും.

സ്വന്തം സഹോദരങ്ങൾ കൺമുന്നിൽ കടലിന്റെ ആഴങ്ങളിലേക്ക് ചേതനയേറ്റ് താണു പോകുന്നത് നേർക്ക് നേർ കണ്ടു നിൽക്കേണ്ടി വരുന്ന മനുഷ്യന്റെ മാനസിക നില പോലും പരിഗണിക്കാൻ കഴിയാത്ത നേതാക്കളെ അവിടേക്ക് അയച്ച ഭരണനേതൃ മികവാണ് ഇവിടെ സംശയത്തിന്റെ നിഴലാക്കേണ്ടത്.

വന്നുപോയ പാകപിഴ തിരുത്തുന്നതിന് പകരം ആ പാവപ്പെട്ട മനുഷ്യർക്കെതിരെയും അവരെ സ്വാന്തനിപ്പിക്കാനും സമാധാനിപ്പിക്കാനും എന്നും അവരോടൊപ്പം നിൽക്കുന്ന വൈദികർക്ക് എതിരെയും കള്ള കേസുകൾ ഉണ്ടാക്കി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ഉപകരിക്കും എന്നുള്ളത് ഭരണകർത്താക്കൾ മനസ്സിലാക്കണം.

മുതലപ്പൊഴി ഹാർബറിൽ ആ ഹാർബറിന്റെ നിർമ്മാണത്തിന് ശേഷം പൊലിഞ്ഞു പോയിട്ടുള്ള ജീവനുകളുടെ എണ്ണം, അതുവഴി അനാഥമാക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം സർക്കാരിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ….

തീരത്ത് കൂടിയ ആ പാവപ്പെട്ട മനുഷ്യരും അതുതന്നെയല്ലേ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. അതിന് അറുതി വരുത്തണമെന്നല്ലേ അവർ ആവശ്യപ്പെട്ടത്.

അതിന്റെ പേരിൽ അവരോട് ഷോ കാണിക്കരുത് എന്ന് പറഞ്ഞ് അവരെ പ്രകോപിപ്പിച്ച മന്ത്രി പുംഗവന്മാരുടെ ബുദ്ധി പരിശോധിക്കുകയാണ് മുഖ്യമന്ത്രിയും ഭരണകൂടവും ഈ കാര്യത്തിൽ ചെയ്യേണ്ടത്.

നിരപരാധികളായ മത്സ്യത്തൊഴിലാളികൾക്കെതിരെയും വൈദികർക്കെതിരെയും എടുത്ത കേസുകൾ അടിയന്തരമായി പിൻവലിക്കണം. തെറ്റുകൾ ഏറ്റു പറയുന്നത് ഭരണവീഴ്ചയായി കാണുന്ന ആളുകൾ അത് ചെയ്യില്ല എന്നറിയാം.

എങ്കിലും ഈ ജനത നിങ്ങളുടെ വിളിപ്പുറത്ത് നിങ്ങളോട് ഒപ്പം രക്ഷകരായി നിന്നിട്ടുള്ള സമൂഹമാണെന്ന ഓർമ്മ നിങ്ങൾക്കുണ്ടെങ്കിൽ അത് ചെയ്യുക തന്നെ വേണം…

. അനിൽ ജോൺ

KLCA സംസ്ഥാന ഫോറം കൺവീനർ

Share News