
പുതുപ്പള്ളിയിലെ ജനനായകൻ: ‘കേരളത്തിന്റെ കുഞ്ഞൂഞ്ഞ്’|ജനമനസിൽ എന്നും പ്രോജ്ജ്വലമായ താരകമായ നിലനിൽക്കുന്ന പ്രിയ ഉമ്മൻ ചാണ്ടിക്ക് വിട.
തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു.
ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും എതിരാളികളും ഒരേപോലെ വിളിച്ചത്, കൈയകലത്തിൽ ഉണ്ടായാലും ജനപ്രളയത്തിന്റെ ചൂഴിയിൽ അകപ്പെട്ട് തങ്ങളിൽ അകന്നുപോവുന്ന പ്രഭാവലയം കൊണ്ടുകൂടിയാണ്.

1943 ഒക്ടോബർ 31നു കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശ്ശേരി എസ് കോളജ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും എറണാകുളം ലോ കോളജിയിൽ നിന്നു നിയമ ബിരുദം നേടി.

സ്കൂൾ പഠന കാലത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടക്കം. കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. പിന്നീട് എഐസിസി അംഗമായി.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി 1970 സെപ്റ്റംബർ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ചാണ് തുടക്കം. സിപിഎം സിറ്റിങ് എംഎൽഎ ആയിരുന്നു ഇഎം ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തിൽ തന്നെ വിജയം. പിന്നീട് വിജയ പരമ്പരകൾ. 1977, 80. 82, 87, 91, 96, 2001, 06, 11, 16, 21 വർഷങ്ങളിലും പുതുപ്പുള്ളിയിൽ നിന്നു വിജയിച്ചു കയറി. പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ തണലിൽ വളർന്ന നേതാവെന്ന വിശേഷണം ഉമ്മൻ ചാണ്ടിക്ക് ചേരില്ല. പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പടയോട്ടം കേരളത്തിലെ കോൺഗ്രസിന് താങ്ങും തണലുമായി എന്നതാണ് ശരിയായ നിരീക്ഷണം.

ജന ഹൃദയങ്ങളിൽ ജീവിച്ച, ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്നായിരിക്കും എതിരാളികൾ പോലും ഉള്ളു കൊണ്ടു അംഗീകരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു. നിയമസഭാംഗമായി 53 വർഷം തികച്ചു. 1977-78ൽ തൊഴിൽ മന്ത്രി, 1982ൽ ആഭ്യന്തര മന്ത്രി, 1991-94 കാലത്ത് ധനകാര്യ മന്ത്രി, 2006-11 വർഷങ്ങളിൽ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മുഖ്യമന്ത്രി നേരിട്ടിറങ്ങി ജനങ്ങളുടെ പരാതി കേൾക്കുന്ന ജനസമ്പർക്ക പരിപാടി കേരളം കണ്ട ഏറ്റവും വലിയ പൊതു പ്രശ്നപരിഹാര വേദിയാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.

വിവാദസൂര്യൻ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെങ്കിലും എല്ലാ സത്യങ്ങളും ഒരുനാൾ വെളിച്ചത് വരുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം സത്യമായി. ജനമനസിൽ എന്നും പ്രോജ്ജ്വലമായ താരകമായ നിലനിൽക്കുന്ന പ്രിയ ഉമ്മൻ ചാണ്ടിക്ക് വിട.
