കോവിഡ് കേവലസംഖ്യകൾ അല്ല
വാർത്തകൾക്കപ്പുറം വരാനിരിക്കുന്ന വാർത്ത
ജോസ് ടി. തോമസ് എഴുതുന്നു
കോവിഡ് ഹോട്ട്‌സ്‌പോട്ടുകളോ ക്ലസ്റ്ററുകളോ സൂപ്പർ ക്ലസ്റ്ററുകളോ അടയാളപ്പെടുത്തിയ ഒരു കേരള ഭൂപടം ഇന്നത്തെ പത്രങ്ങളിലുമില്ല. എന്നാൽ ഓരോ ദിവസവും കേരളം മഹാമാരിയിലേക്കു നടന്നടുക്കുന്നത് ന്യൂ മീഡിയ ചെറുപ്പക്കാർ അവരുടെ മാധ്യമങ്ങളിൽ അവതരിപ്പിക്കുന്നു.
ഗൂഗിൾ മാപ്‌സ് അടക്കം ലഭ്യമായ എല്ലാ സംവിധാനങ്ങളും അവർ ഉപയോഗിക്കുന്നു. (https://goo.gl/maps/3CxRWHYbsRhZuc8QA) അവരാണ് ഈ മണിക്കൂറുകളിൽ മാധ്യമരംഗത്ത് ജീവന്റെ കാവലാളുകളാകുന്നത്.
പേമാരിയും മഹാമാരിയും ഒരുമിച്ചുവരുമ്പോൾ അതു മറ്റൊരു നാടിനുമില്ലാത്ത ബാഡ് ന്യൂസ് ആണ്. നമുക്ക് ഇതിൽനിന്നു കരുതലിന്റെയും പ്രതിരോധത്തിന്റെയും നല്ല വാർത്ത വരണം. സ്വജീവനുവേണ്ടിയുള്ള കരുതൽ എല്ലാ ജീവനും കാവലാകുന്നതിന്റെ നല്ല വാർത്ത.
പരമ്പരാഗത വാർത്താമാധ്യമങ്ങൾക്കു നല്ല വാർത്ത ഫില്ലർ മാത്രം. ഇന്ന് എല്ലാവർക്കും അതറിയാം.
രക്തം ചീറ്റുന്നതോ രക്തം തിളപ്പിക്കുന്നതോ ആണു വ്യാവസായിക മാധ്യമവാർത്ത. അല്ലെങ്കിൽ ഇക്കിളിപ്പെടുത്തുന്നത്. ജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനും അവിടെ ന്യൂസ് വാല്യു കുറയും. എത്ര പട്ടി മനുഷ്യനെ കടിക്കാൻ വന്നാലും ഒരു മനുഷ്യൻ പട്ടിയെ കടിക്കുന്നതുവരെ അവർ കാത്തുനില്ക്കും – ചോര മണക്കുന്ന കഥയ്ക്കുവേണ്ടി; കഥാസപ്ലിമെന്റുകൾക്കുവേണ്ടി.
ചരിത്രം സംഭവിക്കുന്നതു സംഭവങ്ങളായല്ല, പ്രവണതകളായാണ്. അതിനു പ്രസ് റിലീസുകളും ‘മീറ്റ് ദ പ്രസ്സും’ ഇല്ല.
സംഗതി സംഭവത്തിന്റെ രൂപത്തിലായില്ലെങ്കിൽ, പരമ്പരാഗത മാധ്യമങ്ങൾക്ക് ഒന്നും ചെയ്യാനില്ല! ഒറ്റപ്പെട്ട കോവിഡ് മരണം സംഭവമാണ്. അതു റിപ്പോർട്ട് ചെയ്യപ്പെടുന്നു. വൈകുന്നേരം മുഖ്യമന്ത്രി ഇന്നത്തെ ഡാഷ് ബോർഡ് തുറക്കുമ്പോൾ അതും ഒരു സംഭവം. കേവലസംഖ്യകൾ (absolute figures) മാത്രമായി അതു പത്രത്തിലും ചാനലിലും വരുന്നു.
കേവലസംഖ്യകളല്ല, ശതമാനങ്ങളും ശതമാനങ്ങളിലെ ഉയർച്ചതാഴ്ചകളുമാണു പ്രവണതയെ കാണിച്ചുതരിക. പ്രവണതകളാണു ചരിത്രമാവുക.
സംഭവങ്ങളല്ല, സംഭവങ്ങൾ തമ്മിലെ ബന്ധവും അതിന്റെ വ്യാപനവും അതു സൂചിപ്പിക്കുന്ന മാറ്റവുമാണു നാളത്തെ ന്യൂ മീഡിയ ജേർണലിസത്തിൽ പ്രധാനം.
ന്യൂ മീഡിയയിലേക്കു വരുന്ന ചെറുപ്പക്കാർ നമ്മുടെ നാട്ടിലും അതു ചെയ്യും എന്നതുതന്നെയാണ് എന്റെ ഉറച്ച പ്രത്യാശ. ഭാവി അവരുടേതാണ്. ഭാവിവാർത്തകൾ മുഖ്യമായും സംഭവവിവരണങ്ങളല്ല, സംഭവവിശകലനവുമല്ല, പ്രവണതകളുടെ വിലയിരുത്തലുകളും ശാസ്ത്രീയ പ്രവചനവുമായിരിക്കും.
ഒറ്റപ്പെട്ട അസാധാരണ കാര്യങ്ങളുടെ സ്വകാര്യവട്ടങ്ങളിലൊതുങ്ങാതെ, ശരാശരി പൊതുക്കാര്യങ്ങളുടെ സാധാരണതയിൽനിന്ന് ന്യൂജെൻ ജേർണലിസ്റ്റുകൾ വർത്തമാനം പറയും. നല്ല വിശേഷങ്ങൾ പറയും.
കരുതൽ ഒരു നല്ല വിശേഷമാണ്. ഉദാഹരണത്തിന്, സമ്പർക്കരോഗവ്യാപനം ക്ലസ്റ്റർ രൂപീകരണത്തിലൂടെ സാമൂഹികവ്യാപനമായിക്കൊണ്ടിരിക്കുന്ന ഈ മണിക്കൂറുകളിൽ ക്ലസ്റ്ററുകളിൽ, കണ്ടൈൻമെന്റ് സോണുകളിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ, തദ്ദേശഭരണ സ്ഥാപനങ്ങളിൽ എന്തു കരുതൽ നടക്കുന്നു, അവിടെ ‘സാധാരണജീവിതം’ എങ്ങനെ എന്നതു നല്ല വാർത്തയാണ്. ക്ലസ്റ്ററുകളുടെ കേരളഭൂപടം നല്ല വാർത്തയാണ് (അത്യന്തം അടിയന്തരമായ സന്ദർഭമൊഴികെ സമ്പർക്കം പാടേ നിറുത്തിവയ്ക്കുന്നതാണു ഇനിയങ്ങോട്ടു സുരക്ഷ എന്ന കാര്യഗൗരവം കൂടുതൽപ്പേർക്കുണ്ടാവും. അതു മഹാദുരന്ത തീവ്രത കുറയ്ക്കുമെന്നതിനാലാണ് അതു നല്ല വാർത്ത ആകുന്നത്).
അന്യജീവന്നുതകി സ്വജീവിതം ധന്യമാക്കണമെന്ന താല്പര്യത്തിൽ ജേർണലിസത്തിനിറങ്ങുന്ന ചെറുപ്പക്കാർക്ക് നല്ല വാർത്ത അറിയിക്കാൻ സാധിക്കും. അങ്ങനെ ‘സാധാരണ ജീവിത’ത്തിന്റെ ഓരോ മേഖലയുടെയും (പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിനോദം) ശരാശരിച്ചിത്രത്തിനുള്ളിൽമാത്രമാണ് ‘അസാധാരണ സംഭവങ്ങൾ’ക്ക് അർത്ഥമുണ്ടാകുന്നത്.
സാമൂഹികപ്രതിബദ്ധത ഉള്ള വിദഗ്ധരും സന്നദ്ധപ്രവർത്തകരും എല്ലാ മേഖലയിലുമുണ്ട്. അവരോടു ന്യൂജെൻ ന്യൂ മീഡിയ ജേർണലിസ്റ്റുകൾ നെറ്റ്‌വർക്ക് ചെയ്യപ്പെടുന്നതോടെ മലയാള മാധ്യമപ്രവർത്തനം പുതിയൊരു വിതാനത്തിലേക്ക് ഉയരും. പലവട്ടം ‘ചെക്ക്’ ചെയ്തു വിശ്വാസ്യത വരുത്തിയ വിവരം തങ്ങൾക്കേ ഉള്ളൂ എന്ന അച്ചടിമാധ്യമവാദം അവിടെ തീരും.
കഴിഞ്ഞയാഴ്ച സാമൂഹികവ്യാപനം തുടങ്ങുന്നുവെന്ന ഐ.എം.എ.യുടെ വിലയിരുത്തൽ മാധ്യമസംഭവമായില്ല. ‘സൂപ്പർസ്‌പ്രെഡ്’ എന്നു വിളിക്കപ്പെട്ട കോവിഡ് ക്ലസ്റ്റർ രൂപീകരണം വാരാന്തത്തിൽ ഔദ്യോഗിക റിലീസുകളിൽ വന്നുകഴിഞ്ഞുപോലും പത്രങ്ങളുടെ ഒന്നാം പേജിനു മുകളിലത് കൊച്ചുതലക്കെട്ടുപോലുമായില്ല; ചാനലുകളുടെ വാർത്താബുള്ളറ്റിനുകളുടെ തുടക്കത്തിലേക്ക് അതു കയറിവന്നില്ല.
മാർക്കറ്റ് ലീഡേഴ്‌സ് (നമ്പർ 1 പത്രവും നമ്പർ 1 ചാനലും) ആഘോഷിച്ചു തുടങ്ങിയാൽ മറ്റു മാധ്യമങ്ങൾ പിറകേ വരും; അത്രയേയുള്ളൂ – മതസംഹിതകളോ പ്രത്യയശാസ്ത്രങ്ങളോ മുറുകെപ്പിടിക്കുന്ന പരമ്പരാഗത വാർത്താമാധ്യമങ്ങളായാലും.
ഇവിടെയാണ് പാർട്ടി-മത-മൂലധന താല്പര്യങ്ങളില്ലാതെ, തങ്ങളുടെ സ്‌കില്ലും എക്‌സ്‌പെർട്ടൈസും സാമൂഹിക പ്രതിബദ്ധതയും മൂലധനമാക്കി, അവരവരുടെ വർക്ക്‌സ്‌റ്റേഷനുകളിലിരുന്നു നെറ്റ്‌വർക്ക് ചെയ്യുന്ന പുതുതലമുറമാധ്യമ പ്രവർത്തകരുടെ വരവിന്റെ പ്രസക്തി.
ആരവങ്ങളില്ലാതെ അവർ വന്നുകൊണ്ടേയിരിക്കുന്നു.
ട്രോളുകൾ നിസ്സാര തുടക്കം മാത്രം. അതുപോലും പരമ്പരാഗത മാധ്യമങ്ങളെ നിസ്സഹായരാക്കിയെങ്കിൽ, പുതിയ ജേർണലിസം എത്ര വലിയ അമ്പരപ്പുകളാണു കാത്തുവച്ചിരിക്കുന്നത്!
മാസ്‌കും സോപ്പും പോരാ, അകലംതന്നെയാണു പ്രധാനം എന്നും അകലംപാലിക്കൽ നാട്ടിൽ നടക്കാത്തതുകൊണ്ട് വീട്ടിലിരിക്കുകയാണു സുരക്ഷയെന്നും വിളിച്ചറിയിക്കണമെങ്കിൽ, വാർത്താവിനിമയം സംഭവങ്ങളെ കടന്നുനിൽക്കണം. അതിന് ഇനി പുതുമാധ്യമങ്ങളെയേ കാണുന്നുള്ളൂ.
bhavivicharam.com