നക്ഷത്രങ്ങള്‍ പൊലിഞ്ഞ രാവില്‍ കത്തിച്ച വിളക്കുമായി ഇറങ്ങിയ വനിത!

Share News

(ആധുനിക നഴ്സിംഗിന്‍റെ ശില്പിക്ക് 200 വയസ്സ്)


1854 സെപ്റ്റംബര്‍ 15. വില്യം ഹൊവാര്‍ഡ് റസ്സല്‍ എന്ന ഐറിഷ് പത്രപ്രവര്‍ത്തകന്‍റെ വാക്കുകള്‍ ഇംഗ്ലണ്ടിന്‍റെ ആകാശത്ത് നൊമ്പരമായി പടരുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന് അവകാശമുന്നയിച്ച് റഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന ഇംഗ്ലീഷ് സൈനികരുടെ ദൃശ്യമാണ് റസ്സലിന്‍റെ ധര്‍മ്മബോധത്തില്‍ അഗ്നി വിതറിയത്. സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്തിന്‍റെ അന്നെ വരെ കെട്ടിപ്പൊക്കിയ സകല സാംസ്കാരിക ഔദ്ധത്യത്തെയും പിടിച്ചുലച്ച് തീ പാറുന്ന ഭാഷയില്‍ അദ്ദേഹം എഴുതി:

‘ആത്മസമര്‍പ്പണത്തിലും പ്രതിബദ്ധതയിലും ഫ്രഞ്ചുകാരേക്കാള്‍ വളരെ താഴെയാണോ നാം?

പ്രതിസന്ധിയുടെ അതിരൂക്ഷമായ ഈ അത്യാവശ്യനേരത്ത് കാരുണ്യത്തിന്‍റെ ഈ ശുശ്രൂഷ ചെയ്യാന്‍ ഇംഗ്ലണ്ടിന്‍റെ ഒരു മകളും തയ്യാറല്ലേ?

രോഗികളും പീഢിതരുമായ നമ്മുടെ സൈനികരെ ശുശ്രൂഷിക്കാന്‍ സമര്‍പ്പണ ചൈതന്യമുള്ള ഒരു സ്ത്രീയും നമ്മുടെ നാട്ടില്‍ അവശേഷിച്ചിട്ടില്ലെന്നോ?


ആത്മാര്‍ത്ഥതാജന്യമായ വൈകാരിക ധീരതയില്‍ നിന്ന് ഒരു പത്രപ്രവര്‍ത്തകന്‍ തൂലിക ചലിപ്പിച്ചാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് ഭരണാധികാരികള്‍ അറിഞ്ഞു. ഇംഗ്ലീഷ് ജനതയുടെ അസ്വസ്ഥത അതിന്‍റെ അതിര്‍വരമ്പുകള്‍ ലംഘിച്ചേക്കുമെന്ന് തോന്നി. യുദ്ധകാര്യങ്ങളുടെ സെക്രട്ടറി സിഡ്നി ഹെര്‍ബര്‍ട്ട് തന്‍റെ സുഹൃത്തും നഴ്സിംഗ് ജീവിതദൗത്യമാണെന്ന വിശ്വാസത്തില്‍ നിരവധി വിവാഹാലോചനകള്‍ നിരസിച്ചവളുമായ കുലീനയായ ഒരു സ്ത്രീയുടെ പക്കലേക്ക് തിടുക്കത്തില്‍ ദൂതന്‍ മുഖേന ഒരു കത്തെഴുതി കൊടുത്തുവിട്ടു. നിലം താണുള്ള ഒരപേക്ഷയായിരുന്നു അത്: ‘ഭവതീ കരം കൂപ്പി ഞാന്‍ അപേക്ഷിക്കട്ടെ, ഹതഭാഗ്യരായ നമ്മുടെ സൈനികരെ ഓര്‍ത്ത്, ഇംഗ്ലീഷ് ജനതയുടെ ആത്മാഭിമാനം ഓര്‍ത്ത് താങ്കള്‍ മുന്നോട്ട് വരണം.’ ഇംഗ്ലണ്ടിന്‍റെ ആകാശത്ത് നക്ഷത്രങ്ങള്‍ പൊലിഞ്ഞ രാത്രികളായിരുന്നു അത്
ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന ആ മുപ്പത്തിനാലു വയസ്സുകാരി യുവതി തെല്ലൊന്നു ശങ്കിച്ചു. ഒടുവില്‍ ഇംഗ്ലീഷ് ജനതയുടെ അഭിമാനക്ഷതമോര്‍ത്തും തന്‍റെ സുഹൃത്തിന്‍റെ നിസ്സഹായതയോര്‍ത്തും ഇരുള്‍ മൂടിയ ആ രാത്രിയില്‍ കത്തിച്ചുപിടിച്ച വിളക്കിന്‍റെ വെളിച്ചത്തില്‍ ആഗതന്‍റെ മുഖത്തു നോക്കി വ്യക്തമായി അവര്‍ പറഞ്ഞു. ‘ഞാന്‍ തയ്യാറാണ്. ശുശ്രൂഷ കിട്ടാതെ മരിക്കുന്ന എന്‍റെ സൈനികര്‍ക്കുുവേണ്ടി മുന്നോട്ടുവരാന്‍ ഞാന്‍ തയ്യാറാണ്.’ ധീരമായ ആ തീരുമാനത്തിന് അഭിവാദനം അര്‍പ്പിച്ച് പിന്നീട് ഹെന്‍റി ലോംഗ്ഫെലോ പാടി ‘നോക്കൂ! ദുരിതത്തിന്‍റെ ആ ഗേഹത്തില്‍ വിളക്കേന്തിയ ഒരു വനിതയെ ഞാന്‍ കണ്ടു!’

Florence nightingale



നിശീഥിനിയുടെ നിഗൂഢതയില്‍ എല്ലാ മനുഷ്യരും മിഴിപൂട്ടിക്കഴിയുമ്പോള്‍ മുറികളില്‍ നിന്ന് മുറികളിലേക്ക് കത്തിച്ചു പിടിച്ച വിളക്കുമായി വേദനകൊണ്ട് പുളയുന്ന സൈനികരുടെ പക്കലേക്ക് ചടുലമായ കാല്‍വയ്പുകളോടെ അവള്‍ നീങ്ങിക്കൊണ്ടേയിരുന്നു. ഇരുള്‍ നിറഞ്ഞ വഴികളിലേയ്ക്ക് പ്രകാശം കടന്നു വരുമ്പോള്‍ എപ്രകാരമാണാ അന്ധകാരം അകന്നുപോകുന്നത് അപ്രകാരം ‘ശുശ്രൂഷയുടെ മാലാഖയെ’ കാണുമ്പോള്‍ നിരാശതയും കഠിനദു:ഖവും വിട്ടകന്ന് സൈനികരുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ അശ്രുകണങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു. ജെറിബാരറ്റ് എന്ന ചിത്രകാരന്‍ ആദരസൂചകമായി അവരുടെ ചിത്രം വരച്ചിട്ട് എഴുതി: സത്യമായും മാനുഷിക പ്രേരണകളല്ല ഇവരെ വഴിനയിച്ചത്.


അടിമകളുടെ പണിയെ ദൈവത്തിന്‍റെ വിളിയാക്കി മാറ്റുന്നു!


1845ല്‍ ഹാംപ്ഷെയറിലെ എംബ്ലി പാര്‍ക്കില്‍വച്ച് ദര്‍ശനം കിട്ടി എന്നപോലെ നൈറ്റിംഗേല്‍ അമ്മ ഫാന്നിയോട് പറഞ്ഞു. ‘അമ്മേ, എനിക്ക് ദൈവത്തിന്‍റെ വിളി ലഭിച്ചു’. ദൈവവിളി എന്താണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഫ്രാന്‍സസ് എന്ന ഫാന്നിയെ ഞെട്ടിച്ചുകളഞ്ഞു. നഴ്സിംഗിനായി ദൈവം വിളിക്കുന്നത്രേ! അടിമകള്‍ ചെയ്യുന്ന പണിയായി ലോകം കരുതുന്ന പണിക്ക് ദൈവം വിളിക്കുന്നെന്ന്! ഫാന്നിയ്ക്ക് തലയ്ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. കഠിനമായ എതിര്‍പ്പുണ്ടായി. കുടുംബാംഗങ്ങള്‍ ഒന്നടങ്കം ശകാരിച്ചു. പക്ഷേ ഫലമുണ്ടായില്ല. 25-ാം വയസ്സില്‍ നഴ്സിംഗ് തന്‍റെ ജീവിത നിയോഗമായി അവള്‍ തിരഞ്ഞെടുത്തു. ഫ്ളോറന്‍സിലെ ലക്ഷപ്രഭുവായിരുന്നു അപ്പന്‍ എഡ്വേര്‍ഡ്. രണ്ടു പെണ്‍മക്കളില്‍ ഇളയവളായിരുന്നു നൈറ്റിംഗേല്‍. 1820 മെയ് 12നായിരുന്നു ജനനം. ഇളയ മകളെ അപ്പന്‍ ആണ്‍കുട്ടിയെ വളര്‍ത്തുംപോലെയാണ് വളര്‍ത്തിയത്. ഉറച്ച നിലപാടുകളും വ്യക്തമായ തീരുമാനങ്ങളും അവളുടെ സവിശേഷതയായിരുന്നു. വിവാഹാലോചനകള്‍ തുടരെ വന്നെങ്കിലും നഴ്സിംഗിനെ ദൈവവിളിയായി കരുതിയ നൈറ്റിംഗേള്‍ എല്ലാം നിരസിച്ചുകൊണ്ടിരുന്നു. 1849ല്‍ കെയ്റോയില്‍ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയിലെ കത്തോലിക്കരായ കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന വാസവും പിന്നീട് 1851ല്‍ ജര്‍മ്മനിയിടെ കൈസര്‍വര്‍ത്തില്‍ പ്രൊട്ടസ്റ്റന്‍റുകാരായ സ്ത്രീ ഡീക്കന്‍ന്മാരുടെ പക്കല്‍ നിന്നു കിട്ടിയ പരിശീലനവും ഫ്ളോറന്‍സിനെ ആഴത്തില്‍ സ്വാധീനിച്ചിരിക്കാം.

1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാം വയസ്സില്‍ മരിക്കുന്നിടം വരെ ആംഗ്ലിക്കല്‍ സഭാംഗമായിരുന്ന ഫ്ളോറന്‍സിന്‍റെ കാഴ്ചപ്പാടില്‍ നഴ്സിംഗ് ദൈവവിളിയായി തന്നെ തുടര്‍ന്നു. അതിനാലാണ് നഴ്സിംഗ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞത്.


നഴ്സിംഗിനെ പ്രൊഫഷണലാക്കി പീഠത്തിന്മേല്‍ വയ്ക്കുന്നു.
സിഡ്നി ഹെര്‍ബര്‍ട്ട് ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് നൈറ്റിംഗേല്‍ ആദ്യം പോയത് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ബ്രിട്ടീഷ് ഹോസ്പിറ്റലിലേക്കാണ്. അവിടെ അവര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. ശീരീരിക മുറിവുകൊണ്ടല്ല സൈനികര്‍ മരിക്കുന്നത്. ആരും നോക്കാനില്ല എന്ന ചിന്തയില്‍ നിന്നുണ്ടാകുന്ന മാനസിക മുറിവുകൊണ്ടും ശുചിത്വമില്ലായ്മകൊണ്ടുമാണെന്ന് അവര്‍ക്ക് മനസ്സിലായി.സങ്കടം തമസ്സായി മാറിയ ആ അന്തരീക്ഷത്തില്‍ നൈറ്റിംഗേല്‍ തന്‍റെ കാരുണ്യത്തിന്‍റെ കെടാവിളക്ക് ഉയര്‍ത്തിപ്പിടിച്ചു നിന്നു. അത്ഭുതപ്പെടുത്തുന്നതായിരുന്നു ഫലം. മരണനിരക്ക് 42 ശതമാനത്തില്‍നിന്ന് 6 ശതമാനമായി കുറഞ്ഞു.


അവിടെ വച്ച് ആധുനിക നഴ്സിംഗിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ അവര്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കി: ‘കാരുണ്യമാണ് നഴ്സിംഗിന്‍റെ മുഖമുദ്ര. വാക്കുകൊണ്ട് നാം ആരെയും കൊല്ലരുത്. മരണത്തിന്‍റെ കയങ്ങളിലേയ്ക്ക് താണുകൊണ്ടിരിക്കുന്നവരാണ് നമ്മുടെ മുമ്പിലുള്ളത്. അവരെ നാം ആശ്വാസ വചനങ്ങളുടെ തോണിയിലേറ്റി ജീവിതത്തിന്‍റെ തീരങ്ങളിലേക്ക് തിരിച്ചെത്തിക്കണം.’

നഴ്സിംഗിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ അവര്‍ എഴുതി. വൃത്തിയും വെന്‍റിലേഷന്‍ സൗകര്യങ്ങളും എന്തിനേറെ ശബ്ദം പോലും നഴ്സിംഗിന്‍റെ പരിധിയില്‍ പ്രധാനപ്പെട്ടതാണെന്ന് അവര്‍ ലോകത്തെ ബോധ്യപ്പെടുത്തി. ലളിതമായ അഞ്ച് അടിസ്ഥാനപ്രമാണങ്ങളില്‍ പദമൂന്നി നിന്നാണ് അവര്‍ നഴ്സിംങ്ങിനെ പ്രൊഫഷണലാക്കിയത്. ഒന്നാമത്തേത് അണുബാധ നിയന്ത്രണമാണ്. രോഗം പടരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ശുചിത്വം പാലിക്കുകയാണ്. ഹോസ്പിറ്റല്‍, ശുശ്രൂഷകര്‍, രോഗികള്‍ തുടങ്ങി രോഗിയുമായി ബന്ധപ്പെട്ടതെല്ലാം വൃത്തിയുള്ളതായിരിക്കണമെന്ന് അവര്‍ ശഠിച്ചു. രോഗവ്യാപനം തടയുന്നതിന്‍റെ അടിസ്ഥാനം ശുചിത്വമാണെന്ന് ഈ കോവിഡ് കാലത്ത് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. രണ്ടാമത്തേത് സ്വയം പ്രതിരോധമാണ്. രോഗാതുരരായവരെ സ്വയം സൂക്ഷിക്കാന്‍ പഠിപ്പിക്കുന്ന കര്‍ത്തവ്യം നഴ്സുമാരുടേതാക്കി. നഴ്സുമാര്‍ ഡോക്ടര്‍മാരുടെ ജോലി ചെയ്യാന്‍ ശ്രമിക്കരുത്. മറിച്ച് അവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ രോഗികളെക്കൊണ്ട് പാലിപ്പിക്കാന്‍ ശ്രമിക്കുക. മൂന്നാമത്തേത് തുടര്‍ച്ചയായ വിലയിരുത്തലാണ്. ‘റൗണ്ട്സ്’ എന്ന് നാം ഇന്ന് വിളിക്കുന്ന പ്രവര്‍ത്തിയാണത്. രോഗസ്ഥിതിവിവരം അന്വേഷിച്ച് എല്ലാ രാത്രികളിലും ഒരു രോഗിയുടെ പക്കല്‍നിന്ന് മറ്റൊരു രോഗിയുടെ പക്കലേക്ക് തുടര്‍ച്ചയായി സഞ്ചരിച്ച് അവര്‍ മാതൃക കാണിച്ചു. അങ്ങനെയാണ് പടയാളികള്‍ ‘വിളക്കേന്തിയ വനിത’യെന്ന് നൈറ്റിംഗേലിന് പേരിട്ടത്. നാലാമത്തേത് സൗഖ്യദായകമായ സംഭാഷണവും അഞ്ചാമത്തേത് നഴ്സിംഗ് ആത്മീയ ശുശ്രൂഷകൂടിയാണെന്ന ബോധ്യവുമാണ്. മരണാസന്നര്‍ക്ക് അന്തിമനിമിഷങ്ങളില്‍ ആശ്വാസവചനങ്ങള്‍ പകര്‍ന്ന് അവര്‍ കൂട്ട് നിന്നിരുന്നു.


1860ല്‍ നൈറ്റിംഗേല്‍ പ്രൊഫഷണല്‍ നഴ്സിംഗ് പരിശീലനത്തിന് ശിലാ സ്ഥാപനം നടത്തി. വിക്ടോറിയ രാജ്ഞി സമ്മാനമായി നല്‍കിയ രണ്ടരലക്ഷം പൗണ്ട് ചിലവഴിച്ച് അവര്‍ ലണ്ടനില്‍ സെന്‍റ് തോമസ് ഹോസ്പിറ്റലും അതിനോട് ചേര്‍ന്ന് നൈറ്റിംഗേല്‍ ട്രെയിനിംഗ് സ്കൂള്‍ ഓഫ് നഴ്സിംഗും തുടങ്ങി. പിന്നീട് നിരവധി പുരസ്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 1883ല്‍ ഉന്നത ബഹുമതിയായ റോയല്‍ റെഡ്ക്രോസ് അവാര്‍ഡ് നല്‍കപ്പെട്ടു.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ലോകത്തിന്‍റെ മുഖം നഴ്സുമാരിലേക്ക് തിരിയുമ്പോള്‍ ഫ്ളോറന്‍സ് നൈറ്റിംഗേലിനെ നമുക്ക് മറക്കാതിരിക്കാം. യൂറോപ്പിന്‍റെ അക്കാലത്തെ ആത്മീയ മേഖലകളില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊണ്ട് നഴ്സിന് മാലാഖയുടെ മുഖം നല്‍കി ആതുര ശുശ്രൂഷയെ ശ്രേഷ്ഠമായ പ്രൊഫഷനാക്കി ഉയര്‍ത്തി എന്നതാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ലോകത്തിനു നല്‍കിയ അവിസ്മരണീയമായ സംഭാവന. ഓരോ വര്‍ഷവും ആത്മാഭിമാനത്തോടെ അനേകലക്ഷം നഴ്സുമാര്‍ മഹനീയയായ ആ മഹതിയുടെ സ്മരണ പുതുക്കി നൈറ്റിംഗേല്‍ പ്രതിജ്ഞ ഏറ്റുചൊല്ലി തങ്ങളുടെ കര്‍മ്മപന്ഥാവിലേക്കിറങ്ങുന്നു.
‘ദൈവത്തിന്‍റെയും ഈ സദസ്സിന്‍റെയും മുമ്പാകെ ആഘോഷമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു…

. എന്‍റെ ജീവിതം ശുദ്ധമായി കാത്തുകൊള്ളാമെന്നും ജോലി വിശ്വസ്തതയോടെ നിര്‍വ്വഹിച്ചു കൊള്ളാമെന്നും…’


ഫാ. ജോസഫ് ആലഞ്ചേരില്‍
സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി,
രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വൈസ് പ്രിന്‍സിപ്പാൾ

Share News