
ജാഗ്രതയുടെ കാർട്ടൂൺ മതിൽ കോട്ടയത്തുയർന്നു

കൊറോണയെ ചെറുക്കാനുള്ള പോരാട്ടത്തിൽ കാർട്ടൂണും ഒപ്പമുണ്ട്.
ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് കോട്ടയം നഗരമധ്യത്തിൽ കാർട്ടൂൺ മതിൽ ഒരുക്കിയത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായിട്ടായിരുന്നു പരിപാടി. സംസ്ഥാന തലത്തിലുള്ള പരിപാടി അരങ്ങേറുന്ന മൂന്നാമത്തെ ജില്ലയാണ് കോട്ടയം. ‘കൈ കഴുകുന്ന സോപ്പും വാ മൂടുന്ന സോപ്പും.. അടുക്കാനാവില്ല നിനക്ക് എന്ന് പഞ്ച് ഡയലോഗ് കൊറോണയോട് പറയുന്ന മോഹൻലാൽ, ലോക് ഡൗണിൻ്റെ കുട്ടിൽ നിന്ന് സാനിറ്റൈസറുമായി ഉയരെ പറക്കുന്ന മനുഷ്യൻ, അകലമാണ് പുതിയ അടുപ്പമെന്ന് പ്രണയിനിയോട് പറഞ്ഞ് സാമൂഹിക അകലത്തിൽ നിന്ന് സാനിറ്റൈസർ നീട്ടുന്ന കാമുകൻ, കൊറോണക്കാലത്തെ സൂപ്പർ താരങ്ങളായ ആരോഗ്യ പ്രവർത്തകരും പോലീസും, ‘ഇത് കോട്ടയാ എന്ന് പറഞ്ഞ് കൊറോണയെ തുരത്തുന്നവർ, അടുക്കരുത് എന്ന് പറഞ്ഞ് സാനിറ്റൈസറാകുന്ന കുടയാൽ വൈറസിനെ അകറ്റി നിർത്തുന്നവർ, കൊറോണ പോയിട്ട് മതി പന്തുകളിയെന്ന് പറയുന്ന കുട്ടികൾ എന്നിങ്ങനെ പലതരം ചിത്രങ്ങൾ. കൗതുകം ഏറെയുണ്ട് ഓരോന്നിലും.
കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ജോ. സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂർ, രതീഷ് രവി, ഇ.പി.പീറ്റർ, പ്രസന്നൻ ആനിക്കാട്, വി.ആർ. സത്യദേവ്, അനിൽ വേഗ, അബ്ബ വാഴൂർ, ഷാജി സീതത്തോട് എന്നിവരാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ പൊതുമരാമത്ത് വകുപ്പിൻ്റെ മതിലിൽ കാർട്ടൂണുകൾ വരച്ചത്. സാമൂഹിക അകലം ഉൾപ്പടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചിത്രരചന.
മാസ്കും സാനിറ്റൈസറും കാർട്ടൂണിസ്റ്റുകൾക്ക് നൽകി ജില്ലാ കളക്ടർ പി .കെ സുധീർ ബാബു രാവിലെ ഉത്‌ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആർ.എം. ഒ ഡോ. ഭാഗ്യശ്രീ സ്റ്റാഫ് നേഴ്സ് ജെസ്സി ജോസഫ്, ഹോസ്പിറ്റൽ അറ്റൻഡർ മായ പി എസ് (ജനറൽ ഹോസ്പിറ്റൽ, കോട്ടയം) എന്നിവരും പങ്കെടുത്തു.
കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ
ജില്ലാ കോ ഓഡിനേറ്റർ ജോജി ജോസഫ്, കോ ഓഡിനേറ്റർമാരായ ട്രീസ ജോസഫ്, സംഗീത എസ്, ഗീതു രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.











