
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ(84) അന്തരിച്ചതായി രാജകൊട്ടാരം ട്വിറ്ററില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ വച്ചാണ് ഷെയ്ഖ് ഖലീഫയുടെ അന്ത്യമെന്ന് ബഹ്റൈന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്‌കാര ചടങ്ങുകള്‍ മൃതദേഹം നാട്ടിലെത്തിച്ചശേഷം നടക്കുമെന്നും, കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നും രാജകൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒരാഴ്ച ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ജോലികളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതായും ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷെയ്ഖ് ഖലീഫ. 1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്ബാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വതന്ത്രമായത്.
ഇന്ത്യയോടും ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തോടും അത്യധികം അടുപ്പം പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു ഖലീഫ ബിന്‍ സല്‍മാന്‍. ബഹ്റൈന്റെ സമഗ്ര വികസനത്തില്‍ 50 വർഷത്തിലേറെ സുപ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രികൂടിയായിരുന്നു അദ്ദേഹം.