
അഹമ്മദ് പട്ടേൽ എൻ്റെ ആത്മബന്ധു വിടവാങ്ങി
ഞെട്ടലോടെയാണ് അഹമ്മദ് പട്ടേലിൻ്റെ നിര്യാണ വാർത്ത കേട്ടത് .
അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലായത് മുതൽ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളുകൾ എണ്ണിക്കഴിയുന്നതിനിടയിലാണ് കടുത്ത വേദനയുളമാക്കിയ ഈ വാർത്ത.
കോവിഡു കാലത്ത് ഒട്ടേറെ ആത്മ സുഹൃത്തുക്കളെയാണ് എനിക്കു നഷ്ടമായത്. അതിൽ ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒന്നായി അഹമ്മദ് പട്ടേലിൻ്റെ വേർപാട്.നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആത്മസുഹൃത്ത്, കോൺഗ്രസിൻ്റെ പട നായകൻ, പട്ടേലിൻ്റെ ആഘാതം താങ്ങാവുന്നതല്ല .
കോൺഗ്രസിന്റെ തലമുതിർന്ന മുൻനിരനേതാക്കളിൽ ഒരാളായിരുന്നുവെങ്കിലും എന്നും പിന്നിലേക്ക് ഒതുങ്ങി നിന്നയാളാണ് അദ്ദേഹം. ജി.കെ.മൂപ്പനാർക്ക് ശേഷം അഹമ്മദ് പട്ടേലിനെപ്പോലെ വിശേഷമായ നേതൃത്വ പാടവം പുലർത്തിയ മറ്റൊരു കോൺഗ്രസ്സ് നേതാവ് ഇല്ലായെന്നു തന്നെ പറയാം.
1984 ൽ എം.പി യായി ഞാൻ സൽഹിയിൽ എത്തുമ്പോൾ അഹമ്മദ് പട്ടീൽ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ഉപദേശകനാണ് . രാജീവിന്റെ തൊട്ടടുത്ത മുറിയാണ് അദ്ദേഹത്തിൻ്റേത്.
അർദ്ധ രാത്രി കഴിഞ്ഞാലും മുറിയിലെ ലൈറ്റുകൾ അണയില്ല. എല്ലാവരും പോയശേഷമാവും പട്ടേലിന്റെ പ്രവർത്തനം തുടങ്ങുക. ഇന്ത്യയിലെ ഏത് മണ്ഡലത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യും . കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ഗ്രൂപ്പ് സമവാക്യങ്ങളെപ്പറ്റിയും ജാതി മത വിഭാഗങ്ങളെകുറിച്ചും സമ്മർദ്ദവിഭാഗങ്ങളെ കുറിച്ചുമെല്ലാം പട്ടീലിന്റെ പക്കൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നു .
ഓരോ മണ്ഡലത്തിലേയും മികച്ച സ്ഥാനാർഥികളെ കണ്ടെത്തുകയും മന്ത്രിസഭ രൂപീകരണവേളയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും കൗശലത്തോടെ പരിഹരിക്കുമായിരുന്നു. ഏത് ഊരാകുടുക്കും യുക്തിപൂർവ്വം അഴിച്ചെടുക്കും . ആരെയും വേദനിപ്പിക്കില്ല , എല്ലാവരെയും കേൾക്കും തന്ത്രപൂർവ്വം കാര്യങ്ങൾ പറഞ്ഞ് സമാധിപ്പിക്കും, അതായിരുന്നു പട്ടിൽ .
കേന്ദ്രമന്ത്രിസഭയിൽ വളരെ സുപ്രധാനവകുപ്പുകൾ പലവട്ടം ഭരിക്കാൻ കഴിയുമായിരുന്നെങ്കിലും സംഘടന തലത്തിൽ ഒതുങ്ങനായിരുന്നു തീരുമാനം. ഇന്ദിരാഗാന്ധിയുടെ കാലഘട്ടം മുതൽ പാർട്ടിയുടെ സംഘടന രംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നിരുന്നു .
രാജീവിന്റെ വിശ്വസ്തനായി , സോണിയയുടെയും ഉപദേശകനായി, രാഹുലിനോട് ഒപ്പവും പ്രവർത്തിച്ചു . നെഹ്റു കുടുംബവുമായി ഇഴപിരിക്കാനാവാത്ത ബന്ധം . പട്ടീൽ എന്നും വിശ്വസ്തയുടെ പ്രതീകമായിരുന്നു. സഹോദരതുല്യനായ പ്രിയ സഹപ്രവർത്തകന്കൂപ്പുകൈകളോടെ പ്രണാമം.

മുൻ മന്ത്രി കെ വി തോമസ്