
പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്.-ഫ്രാൻസിസ് പാപ്പ
പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്. സഭക്ക് അകത്തുനിന്നും പുറമെ നിന്നും പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിശ്വാസികൾക്ക് ഉതപ്പിന് കാരണമായ പല വീഴ്ചകളും സഭാധികരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന് ആധാരം എന്ന് വത്തിക്കാനിൽ ജോലിചെയ്യുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു.

നാം ഓരോരുത്തരും സുവിശേഷം പ്രഘോഷിക്കാൻ, പ്രത്യേകിച്ച് ദരിദ്രരോട്, വിളിക്കപെട്ടവരാണ്. അതാണ് നമ്മെ നയിക്കേണ്ട ചിന്ത. മറ്റുള്ളവ നമ്മെ ക്രിസ്തു ആകുന്ന വഴിയിൽ നിന്ന് അകറ്റാനേ സാധിക്കൂ. നമുക്ക് ചുറ്റുമുള്ളവരിൽ ക്രിസ്തുവിനെ കാണാതെ, ദൈവത്തെ കാണാൻ സാധിക്കില്ല. എന്നാൽ പഴയ തോൽകുടത്തിൽ പുതിയ വീഞ്ഞോ, പഴയ കുപ്പായത്തിൽ പുതിയ തുണികഷ്ണമോ തുന്നിച്ചേർക്കാൻ പറ്റില്ല… സഭാ ജീവിതത്തിലും അത് തന്നെയാണ് വേണ്ടത്. അതിനായി നാം ദൈവജനത്തിന് സംലഭ്യരാകുകയാണ് വേണ്ടത് എന്ന് പാപ്പ പറഞ്ഞു. ക്രൈസിസുകളും, കോൺഫ്ളിക്റ്റുകളും നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാകാം, എന്നാൽ നാം മറ്റുള്ളവർക്ക് പ്രതീക്ഷ ആകേണ്ടവർ ആണ് എന്ന് ഫ്രാൻസിസ് പാപ്പ കൂരിയ അംഗങ്ങളോട് പറഞ്ഞു. ഈ കൊറോണ കാലഘട്ടം സഭാപരമായി കൂടി ഒരു സംഘർഷ കാലഘട്ടമാണ്. സാധാരണയായി ഫ്രാൻസീസ് പാപ്പാ വരുന്ന വർഷത്തിൽ നടപ്പിൽ വരുത്താൻ പോകുന്ന പുതിയ നയങ്ങളും തീരുമാനങ്ങളും ഈ അഭിസംബോധനയിൽ പറയാറുണ്ട്. എന്നാൽ ഇത്തവണ ക്രൈസിസ് എന്ന വാക്ക് 44 തവണയാണ് പാപ്പ സന്ദേശത്തിൽ പറഞ്ഞത്. ഓരോ ക്രൈസിസും നമ്മെ നവീകരണത്തിലേക്ക് നയിക്കേണ്ടതാണ് എന്നും പാപ്പ പറഞ്ഞു.
നമ്മുടെ സംഘർഷങ്ങളിൽ ദൈവസ്വരം കേൾക്കാനായി നമ്മൾ പഠിക്കണം, അത് കോലാഹലങ്ങളുടെ ശബ്ദം അല്ല, പകരം ശാന്തതയുടെ സ്വരമാണ് എന്നും പാപ്പ പറഞ്ഞു. കൊറോണ സാഹചര്യം ആയതിനാൽ സാമൂഹിക അകലം പാലിക്കാൻ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു സന്ദേശം നൽകിയത്. അവസാനത്തിൽ റോമൻ കൂരിയയിൽ ജോലിചെയ്യുന്ന എല്ലാവർക്കും വാഴ്ത്തപ്പെട്ട ചാൾസ് ഫേകോൾഡിൻ്റെ ജീവചരിത്രവും, ഗബ്രിയേൽ കോറിനി എന്ന ബൈബിൾ പണ്ഡിതൻ്റെ ഹോളോത്രോപ്പി അഥവാ ക്രിസ്തീയ കുടുംബജീവിതത്തിൻ്റെ ക്രിയാപദങ്ങൾ എന്നീ പുസ്തകങ്ങളും പാപ്പ എല്ലാവർക്കും നൽകി.

ഫാ ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമാ.