യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ പൊതു സമൂഹത്തിന്റെ സമ്പത്ത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: യഥാര്‍ത്ഥ ദൈവവിശ്വാസികള്‍, അവര്‍ വസിക്കുന്ന ദേശത്തെ പൊതു സമൂഹത്തിന്റെ സമ്പത്താണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ അല്മായ ഫോറം ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ മത സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസികള്‍ മനുഷ്യസ്നേഹത്തില്‍ ജീവിതം ക്രമീകരിക്കുകയും രാജ്യസ്നേഹികളായി ഭാരത സംസ്കാരത്തിന്റെ ഭാഗമാകുകയും ചെയ്യണം. ഭാഷ, സംസ്കാരം, മതവിശ്വാസം എന്നിവ വ്യത്യസ്തമായാലും വൈവിധ്യമാര്‍ന്ന ഭാരത സംസ്കാരത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടു രാജ്യ പുരോഗതിക്കായി പരിശ്രമിക്കണം. ദൈവസ്നേഹം മനുഷ്യസ്നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ഈശ്വര വിശ്വാസികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പരിപാടിയില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെയും കലാ സാംസ്കാരിക രംഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷനായിരുന്നു. ജസ്റ്റീസ് സി. കെ. അബ്ദുള്‍ റഹീം, സ്വാമി ശിവ സ്വരൂപാനന്ദ, എം.പി. ജോസഫ്, ഇമാം ഫൈസല്‍ അസ്ഹരി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍,സാബു ജോസ് വി.വി. അഗസ്റ്റിന്‍,അഡ്വ ജോസ് വിതയത്തില്‍, തോമസ് പാറക്കല്‍, ബാബു ജോസഫ്, ഈശാനന്‍ നമ്പൂതിരി, സിബി വാണിയപുരക്കല്‍, ഡോ. ലിസി ജോസ്, , ഡെന്നി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആന്റണി പൈനുതറ, മേഴ്സി ടീച്ചര്‍, ബെന്‍സി ബേബി, സൈജി ജോളി, ലക്സി ജോയ്, റാണി മത്തായി, എല്‍സ ജേക്കബ് എന്നിവരെ കര്‍ദ്ദിനാള്‍ ആദരിച്ചു.