നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കാൻ പോകുന്നതെങ്കിൽ ആ പേടി വേണ്ട.

Share News

നാഷണൽ ലോ യൂണിവേഴ്സിറ്റികൾ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മുന്നിലാണ് ഞാൻ “നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി” എന്ന വിചിത്ര നാമമുള്ള ഒരു സ്ഥാപനത്തെ പറ്റി കേൾക്കുന്നത്. അവിടെ ഒരു സെമിനാറിന് ക്ഷണിച്ചതായിരുന്നു. അവിടെ ചെന്നപ്പോഴാണ് അതൊരു അടിപൊളി സ്ഥാപനം ആണെന്ന് മനസ്സിലായത്, എഞ്ചിനീയറിങ്ങിന് ഐ ഐ ടികൾ എങ്ങനെയാണോ അതുപോലെയാണ് നിയമ പഠനത്തിന് നാഷണൽ ലോ സ്‌കൂൾ.

അമേരിക്കയിൽ ഒക്കെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും സ്‌കൂളുകൾ എന്ന് പറയാറുണ്ട്. ലോക പ്രശസ്തമായ ഹാർവാർഡ് ബിസിനസ്സ് സ്‌കൂളും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സും ഒക്കെ ഉണ്ടല്ലോ. പക്ഷെ നമുക്ക് സ്‌കൂൾ ഇപ്പോഴും സ്‌കൂൾ തന്നെയാണ് അങ്ങനെയാണ് ഈ സ്‌കൂൾ യൂണിവേഴ്സിറ്റി വന്നത്.

മലയാളിയായിരുന്ന എൻ ആർ മാധവ മേനോൻ ആണ് ആ സ്‌കൂളിലെ സ്ഥാപക വൈസ് ചാൻസലർ ആയിരുന്നത്. ഇന്ത്യയിലെ നിയമ വിദ്യാഭ്യാസത്തിന് കുതിച്ചു ചാട്ടം ഉണ്ടാക്കിയത് അദ്ദേഹം നേതൃത്വം നൽകിയ ഈ സ്ഥാപനമാണ്. പിൽക്കാലത്ത് എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിൽ ഉള്ള സ്ഥാപനം അവർക്ക് വേണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു, ഇപ്പോൾ രണ്ടു ഡസനോളം നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ഉണ്ട്. മാധവ മേനോന്റെ ഏറെ നിർദ്ദേശങ്ങളും രീതികളും അവിടെ എത്തി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു.നാഷണൽ ലോ സ്‌കൂളുകൾ അഞ്ചു വർഷ ഡിഗ്രി കോഴ്സിലൂടെ കരിക്കുലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. പക്ഷെ ഏറ്റവും വലിയ മാറ്റം ഉണ്ടായത് കരിക്കുലത്തിൽ അല്ല, അവിടെ വരുന്ന വിദ്യാർത്ഥികളുടെ ഗുണ നിലവാരത്തിൽ ആണ്. പണ്ടൊക്കെ എൻജിനീയറിംഗും മെഡിസിനും സയൻസും കൊമേഴ്സും ഒക്കെ കാട്ടാത്ത കുട്ടികളാണ് നിയമം പഠിക്കാൻ പോകാറുള്ളത്. അത് മാറി ഐ ഐ ടി യിലും എയിംസിലും അഡ്മിഷൻ കിട്ടിയവരും കിട്ടാൻ കഴിവുള്ളവരും നിയമ വിദ്യാഭ്യാസത്തിന് വരുന്ന സാഹചര്യം ഉണ്ടായി. അതാണ് നാഷണൽ ലോ സ്‌കൂളുകൾ നിയമപഠനത്തിൽ വരുത്തിയ മാറ്റം.ഏറെ ആളുകൾക്ക് എഞ്ചനീയറിങ്ങും മെഡിസിനും തന്നെയാണ് ഇപ്പോഴും ആകപ്പാടെ കരിയറിനെ പറ്റിയുള്ള ചിന്ത. കുട്ടികൾ ലോ പഠിക്കണം എന്ന് പറഞ്ഞാൽ മാതാപിതാക്കൾക്ക് പേടിയാണ്. നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കാൻ പോകുന്നതെങ്കിൽ ആ പേടി വേണ്ട.ഇന്ന് നീരജ പരിചയപ്പെടുത്തുന്നത് നാഷണൽ ലോ യൂണിവേഴ്സിറ്റികളെ ആണ്. കാണുക, പങ്കു വക്കുക. ഇത് വരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക.

മുരളി തുമ്മാരുകുടി

Share News