
ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് സങ്കടത്താൽ. .ഡോ ജോർജ് തയ്യിൽ
സുഹൃത്തേ,മനുഷ്യന്റെ ജീവനും മഹത്വവും അതിദാരുണമായി പിച്ചിച്ചീന്തപ്പെടുന്നതെങ്ങനെയെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകാം മുണ്ടക്കയത്തേക്ക്. കൃത്യമായിപ്പറഞ്ഞാൽ മുണ്ടക്കയം പഞ്ചായത്ത് ഒൻപതാം വാർഡിലേക്ക്. അവിടെയുള്ള ഒരു വീട്ടിൽ സ്വന്തം മകനും മരുമകളും നായയ്‌ക്കൊപ്പം നാളുകളോളം ഒന്നും കൊടുക്കാതെ പൂട്ടിയിട്ടതിനെത്തുടർന്നു ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒരച്ഛൻ ശോചനീയമായി മരണപ്പെട്ട കഥ. മാനസികനില തെറ്റിയ അമ്മയും അച്ഛനോടൊപ്പം. അയൽക്കാർ ഭക്ഷണം കൊടുക്കാതിരിക്കാനാണ് ഇതേ വീട്ടിൽ താമസിക്കുന്ന ഇളയമകൻ അച്ഛനമ്മമാർ കിടന്ന കട്ടിലിൽ നായയെ പൂട്ടിയിട്ടത്.

ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് സങ്കടത്താൽ. ദയാരഹിതമായ ഒരു ലോകത്തിന്റെ ചോരപുരണ്ട ശ്വാസം ആഞ്ഞുവലിച്ചുകൊണ്ടു ഞാനീ വരികൾ കുറിക്കുന്നു. വേദനകളുടെ പേടകത്തിനകത്തു ജീവിതത്തിലെ തുരുമ്പിച്ച അവശേഷിപ്പുകൾ അനാവരണം ചെയ്യുന്ന കരളലിയിപ്പിക്കുന്ന ചില ദുഃഖസത്യങ്ങൾ! അതെ, കേൾക്കുമ്പോൾ ഞെട്ടിത്തരിക്കരുതേ!
സംസ്ഥാനത്തെ സർക്കാർ, സർക്കാരിതര വൃദ്ധസദനങ്ങളിൽ മക്കളാലും അടുത്ത ബന്ധുക്കളാലും ഉപേക്ഷിപ്പിക്കപ്പെട്ടു നരകയാതന അനുഭവിച്ചു മരണവും കാത്തു കഴിയുന്ന നിരവധി വയോധികരുണ്ടെന്നു പിന്നീട് പത്രവാർത്ത വന്നു. ഈ വയോജനങ്ങളിൽ അന്പത് ശതമാനത്തിലധികം പേരെ കൂടെ നിർത്താനുള്ള സൗകര്യങ്ങൾ മക്കൾക്കുണ്ടെന്നോർക്കണം. ഒന്നിൽ റോഡിലേക്ക് ഇറക്കിവിടുക, അല്ലെങ്കിൽ ഇതുപോലെ മരിക്കാൻ എവിടെയെങ്കിലും പൂട്ടിയിടുക, ചിലർ അല്പം ദയ തോന്നി വൃദ്ധമന്ദിരത്തിൽ കൊണ്ടെആക്കും, അവിടെ അവസാനിക്കുന്നു കഷ്ടപ്പെട്ട് പെറ്റുവളർത്തിവലുതാക്കിയ അച്ഛനമ്മമാരോടുള്ള സ്നേഹവും കടപ്പാടും.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം തലകുനിച്ചു മാപ്പു പറയേണ്ട ഒരു ദിവസം. കുടുംബബന്ധങ്ങൾക്കു ഏറെ പവിത്രത കൽപ്പിക്കുന്ന കേരളം പഴയകാലത്തുനിന്നും എവിടെയെത്തിയിരിക്കുന്നു? 2050 ആകുന്നതോടെ ലോകത്തു അറുപതു വയസ്സിനു മേലുള്ള വൃദ്ധജനങ്ങളുടെ സംഖ്യ 15 വയസ്സിനു താഴെയുള്ളവരേക്കാൾ വളരെക്കൂടുതലാകും. ഇന്ത്യയിൽ 2011 ഇൽ അറുപതു വയസ്സിനു മേലുള്ളവർ 104 ദശലക്ഷമായിരുന്നു. 2026 ആകുമ്പോൾ ഈ സംഖ്യ 173 ദശലക്ഷമായി ഉയരും. കേരളത്തിൽ ഇപ്പോൾ ജനസംഖ്യയുടെ 13 ശതമാനം പേർ 60 നു മുകളിലുള്ളവരാണ്, അതായതു 48 ലക്ഷം പേർ. അക്കൂട്ടരിൽ 15 ശതമാനം 80 വയസ്സിൽ കൂടിയവരാണ്. കേരളത്തിൽ 56 വയസ്സാണ് വാര്ധക്യത്തിലേക്കുള്ള ഒരാളുടെ ലക്ഷ്മണരേഖ. അതുകഴിഞ്ഞാൽ വയസ്സനായേ തീരു, മറ്റു മാർഗമില്ല. പിന്നെ മക്കളുടെ ചൊല്പടിയിലാണ്. വീട്ടുജോലി ചെയ്യുക, പേരക്കുട്ടികളെ നോക്കുക, അവരെ സ്കൂളിൽ കൊണ്ടെവിടുക, എലെക്ട്രിസിറ്റി- ടെലിഫോൺ- വെള്ളക്കരം തുടങ്ങിയ ബില്ലുകളടക്കുക, ഷോപ്പിംഗ് ചെയ്യുക – അങ്ങനെയൊരുജീവിതം മുന്നോട്ട് ഇഴയുന്നു. അധികം താമസിയാതെ, മക്കളെ അന്തോഷിപ്പിക്കാനോ, അവരുടെ നിർബന്ധത്തിനു വഴങ്ങിയോ ഉള്ള വസ്തുവകകളെല്ലാം അവർക്കു എഴുതിക്കൊടുക്കുന്നു. ഞാൻ പറഞ്ഞുവരുന്നത് ഇടത്തരക്കാരുടെയും സാമ്പത്തികമായി താഴേക്കിടയിലുള്ളവരുടെയും കഥയാണ്. ജരാനരകൾ ബാധിച്ചു ശരീരത്തിലെ ചോരയും നീരും വറ്റി ഒന്നിനും കൊള്ളാത്തവരാകുന്നതോടെ മാതാപിതാക്കളുടെ സ്ഥാനം ഒരു വീട്ടിൽ ഇല്ലാതാക്കുകയാണ്, പിന്നെ അവർ വീടിനു ഒരു തീരാ ബാധ്യത മാത്രം. പട്ടിണി കിടന്നു കഷ്ടപ്പെട്ട് ജോലിചെയ്തു തങ്ങളെ വളർത്തിവലുതാക്കിയവരാണ് മാതാപിതാക്കൾ എന്നൊക്കെയുള്ളതു മക്കൾ എന്നേ മറന്നു. വിശപ്പിനു ആഹാരം പോലും സമയത്തു കിട്ടാതെവരുമ്പോഴാണ് മാതാപിതാക്കൾ ഓർക്കുന്നത്, എന്തെങ്കിലും വാങ്ങിക്കാൻ കയ്യിൽ കാശൊന്നുമില്ലല്ലോയെന്ന്, എല്ലാം അവർക്കു എഴുതിക്കൊടുത്തുകഴിഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് ശിക്ഷ ഉണ്ട്, എഴുതിക്കൊടുത്ത വസ്തുവകകൾ തിരിച്ചുവാങ്ങാൻ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ബോധവും ശേഷിയും ഓർമയും നശിച്ചു മൃതപ്രായമായ ഏതു അച്ഛനാണ് അമ്മയാണ് അതിനു തുനിയുക?
ഈ നീർച്ചുഴിയിൽനിന്നു രക്ഷപെടാൻ മാർഗ്ഗമുണ്ടോ? ഉണ്ട് . ഇവിടെ തത്വശാസ്ത്രം പറഞ്ഞു ഒഴിയുകയല്ല വേണ്ടത്. അതുകൊണ്ടു പ്രയോജനവുമില്ല. അതിനെനിക്ക് ഉദ്ദേശവുമില്ല. കാലം മാറുന്നതനുസരിച്ചു ബുദ്ധിപൂർവം പെരുമാറാൻ മാതാപിതാക്കൾ പഠിക്കണം. എല്ലാം വാരിക്കോരി മക്കൾക്ക് കൊടുക്കുന്ന അച്ഛൻ വാർദ്ധക്യത്തിലെ സ്വന്തം ആവശ്യങ്ങൾക്കായി ഒന്നും കരുതിവയ്ക്കാത്തതാണ് ഇവിടത്തെ കാതലായ പ്രശ്നം, മറ്റൊന്നുമല്ല. ജനിപ്പിച്ചു, വളർത്തി, പഠിപ്പിച്ചു, വിവാഹം ചെയ്തുകൊടുത്തു കഴിഞ്ഞു പിന്നെന്തിനു അവർക്കായി എല്ലാം മാറ്റിവയ്ക്കുന്നു. പെൺകുട്ടികളുടെ അച്ഛനാണെങ്കിൽ വിവാഹത്തോടെ നടുവൊടിയും. പിന്നെ അതിൽനിന്നു കരകയറുന്നവർ വിരളം. ഞാൻ പറഞ്ഞുവരുന്നത് പണക്കാരുടെ കാര്യമല്ലെന്നോർക്കണം.
ഇവിടെയാണ് “പ്രാക്ടിക്കൽ വിസ്‌ഡം” വേണ്ടത്. എന്താണ് “പ്രാക്ടിക്കൽ വിസ്‌ഡം”? അതിനു അമേരിക്കക്കാരെ കണ്ടുപഠിക്കണം. അവിടെ വയോധികർ സ്വന്തം വീടും സ്ഥലവും ബാങ്കുകാർക്കു കൊടുക്കുകയാണ് (റിവേഴ്‌സ് മോർട്ടഗേജ് ), പിന്നെ ബാങ്കുകാർ അവരുടെ എല്ലാ ചെലവുകൾക്കും പണം കൃത്യമായി നല്കിക്കൊണ്ടിരിക്കും. ഭക്ഷണവും, മരുന്നും, ചികിത്സയും എല്ലാം കൃത്യമായി നടക്കും, മരണം വരെ. മാതാപിതാക്കളുടെ മരണശേഷം വേണമെങ്കിൽ മക്കൾക്ക് വീടും സ്ഥലവും ബാങ്കിൽ പണമടച്ചു തിരിച്ചു വാങ്ങാം. ഇന്ത്യയിൽ ഈ നിയമം ഉണ്ട്, എന്നാൽ ആരും അത് ചെയ്യുന്നില്ല.
പ്രിയപ്പെട്ട സുഹൃത്തുക്കളെ, നമ്മുടെ അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പണ്ടത്തെ കൂട്ടുകുടുംബവ്യവസ്ഥകളെ പ്പറ്റി ഒന്ന് ഓർമിച്ചുനോക്കു. എത്ര സുന്ദരം. എന്നാൽ ഇന്നത്തെ മനുഷ്യർ ഏറെ സ്വാർഥരായിക്കഴിഞ്ഞു. അതിനൊരു പിറകോട്ടുപോക്കില്ലെന്നു കാലം എന്നെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതേണ്ടിവന്നത്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം തുറന്നെഴുതേണമേ!

ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഡോ ജോർജ് തയ്യിൽ