
6100 കോടിയുടെ വികസനപദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്കാരം, കൊച്ചി, നമസ്കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന് റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും ആധുനികമായ റിഫൈനറികളില്‍ ഒന്നാണ് കൊച്ചിയിലേത് എന്നും മോദി പറഞ്ഞു. ഈ നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ്.
കരയിലൂടെ 30 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് പകരം ഇനിമുതല്‍ റോ റോ കണ്ടെയ്നര്‍ സര്‍വീസിലൂടെ കായലിലൂടെ മൂന്നര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി. സമയലാഭം, മലിനീകരണം കുറയുന്നു,സാമ്പത്തിക ലാഭം എന്നിവയൊക്കെ റോ റോ കണ്ടെയ്നര്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ വിനേദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.