കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?
വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റികളിൽ യു.ജി.സി. പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്സുകളില്‍ ഫീസുതിരികെ ലഭിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും, അസ്സല്‍ രേഖകള്‍ കോളേജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യു.ജി.സി. 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
കോഴ്സുകളില്‍ നിന്ന് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്കുന്നതു സംബന്ധിച്ചും ശേഷിക്കുന്ന ഫീസു അടക്കാത്ത സാഹചര്യങ്ങളില്‍ അവരുടെ അസ്സല്‍ രേഖകള്‍ പടിച്ചുവയ്ക്കുന്നതു സംബന്ധിച്ചും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 1956-ലെ യുജിസി വകുപ്പ് 12(ഡി), വകുപ്പ് 12 (ജെ) അനുസരിച്ച് നോട്ടിഫീക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉള്ളത്?
1. വിദ്യാര്‍ത്ഥി കോഴ്സില്‍നിന്ന് പിന്‍വാങ്ങുന്നപക്ഷം ഫീസ് തിരികെ നല്കണം.
2. അസ്സല്‍ രേഖകളും, മറ്റു രേഖകളും പിടിച്ചു വയ്ക്കുന്നത് ഒഴിവാക്കണം. അണ്ടര്‍ ഗ്രാജ്വുവേഷന്‍, (ബിരുദം) പോസ്റ്റ് ഗ്രാജ്വുവേഷന്‍ (ബിരുദാനന്തരബിരുദം) റിസര്‍ച്ച് പ്രോഗ്രാമുകള്‍, എന്നിവയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകള്‍ക്കും, അവരുമായി ബന്ധമുള്ള എല്ലാ സ്ഥപാനങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാണ്.
എങ്ങിനെയാണ് ഫീസ് മടക്കി നല്കുന്നത് ?
പ്രവേശനത്തിനുള്ള അവസാന തീയതിക്കുമുമ്പ് 15 ദിവസമോ, അതിനുമുമ്പോ, പിന്‍മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് മടക്കി നല്കണം. അവസാന നോട്ടിഫിക്കേഷന് 15 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 90% ഫീസ് മടക്കി നല്കണം.അവസാന തിയതിക്കുശേഷം 15 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 80% ഫീസും, അവസാനതീയതിക്കുശേഷം 15 ദിവസത്തിനും, 30 ദിവസത്തിനും ഇടയ്ക്ക് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50% ഫീസും തിരികെ നല്കണം.
പ്രവേശനത്തിനുള്ള അവസാന 30 ദിവസത്തിനുശേഷം പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി കൊടുക്കേണ്ടതില്ല.
Adv. Sherry J Thomas