
ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ?
വാക്സിന് ദൗർലഭ്യമാണെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി. ഇനിയും നിങ്ങളാൽ കഴിയുന്നത് പോലെ നേരിട്ട് വാങ്ങിച്ചോ എന്ന് കേന്ദ്രം. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന മീഡിയകൾ. ഇത് രണ്ടും ഏറ്റുപിടിച്ച് കുറെപ്പേർ സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങളിലായി നിന്ന് വാക്ക്പോരു നടത്തുന്നു. എന്നാൽ ആറു ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ രണ്ടു ചേരിയിൽ നിന്ന് ജനങ്ങളെ തമ്മിൽതല്ലിക്കരുത്. നമ്മുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒരാളോ രോഗം വന്നു മരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത്. ഇങ്ങനെയുള്ള സന്ദർഭത്തിൽ നമ്മൾക്ക് ഒന്നിച്ചു നിന്നേ മതിയാവൂ. ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ? ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം ചേർക്കരുത്. ഒരു ദുരന്തം വരുമ്പോൾ എല്ലാവരും ഒന്നിച്ചു നിൽക്കണം.
കോവിഡ് മൂലം ഓരോ നിയന്ത്രണങ്ങൾ വരുമ്പോഴും അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സാധാരണക്കാരെയും വ്യാപാരികളുമാണ്. നിയന്ത്രണങ്ങൾ അനിവാര്യമാണ് എന്നാൽ കടകൾ ഒക്കെ നേരത്തെ അടയ്ക്കുമ്പോൾ വ്യാപാരികൾക്ക് വൻപിച്ച നഷ്ടമാണ്. ഈ കോവിഡ് കാലത്ത് വരുമാനമില്ലാത്തതിന്റെ പേരിൽ ആത്മഹത്യയെപ്പറ്റി ചിന്തിച്ച് ഏതെങ്കിലും ജനപ്രതിനിധിയോ സർക്കാർ ഉദ്യോഗസ്ഥന്മാരും ഉണ്ടോ? കാണില്ല, എന്നാൽ അത് ആലോചിച്ച ആയിരക്കണക്കിന് തൊഴിലാളികളുണ്ട് വ്യാപാരികളും പൊതുജനങ്ങളുമുണ്ട്. പലിശ പോലും അടയ്ക്കാൻ നിവൃത്തിയില്ലാതെ കച്ചവടം നിർത്തി പോയ ആളുകളുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരുണ്ട്. ഇപ്പോൾ പകുതി മാത്രം ജോലി ചെയ്താൽ മതി എന്നാണ് സർക്കാർ ഉത്തരവ് ശമ്പളം മുഴുവൻ കിട്ടും. എന്നാൽ കടകൾ പകുതി സമയം മാത്രം തുറക്കുമ്പോൾ ടാക്സ് തൊഴിൽനികുതി ലൈസൻസ് ഫീ ഇവയൊന്നും കുറയ്ക്കില്ല. കോവിഡ് പരത്തിയത് വ്യാപാരികളും സാധാരണക്കാരുമല്ല, എന്നാൽ അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് ഇവരൊക്കെ തന്നെയാണ്. ജീവിതം ഇല്ലാതെ എന്ത് അതിജീവനം.
എന്നാലും നമുക്ക് ഒന്നിക്കാം, ഇത് കേരളമാണ്, നമ്മുടെ ആരോഗ്യപ്രവർത്തകരും ആരോഗ്യരംഗവും മികച്ചതാണ്. കേരളത്തിൽ കിട്ടുന്നതുപോലെ ഒരു ട്രീറ്റ്മെന്റ് കെയറും ഈ കൊറോണക്കാലത്ത് വേറെ എവിടെയും കിട്ടില്ല. കേരളത്തിൽ ജനിച്ച നമ്മൾ ഭാഗ്യവാന്മാരാണ്.ശുഭദിനം
VP