
കോവിഡ്: സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശനിയാഴ്ച മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പള്‍സി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. കോവിഡ് ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കി നിര്‍മാണ സ്ഥലത്ത് തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നല്‍കണം.
ചിട്ടി തവണ പിരിക്കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നവര്‍ ലോക്ക്ഡൗണ്‍ തീരും വരെ ഒഴിവാക്കണം. 24 മണിക്കൂറിനകം 22,325 പേര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും. വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ മുതല്‍ ട്രാന്‍സ്ജെന്ററുകള്‍ വരെ ഉള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സുരക്ഷ ഒരുക്കണം.
തെറ്റായ സന്ദേശം പ്രചരിപിച്ചാല്‍ നടപടി എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവ തുടരുന്നു. ഇങ്ങനെ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡൊമിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.