കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

Share News

കോവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കി. അതിന്റെ ഭാഗമായി സെൻട്രൽ അലോക്കേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിർ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ആവശ്യമായ ഓക്സിജൻ ഉറപ്പുവരുത്താൻ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പ്രതിദിനം 219 മെട്രിക് ടൺ ആണ് നമ്മുടെ ഉത്പാദനം. ഇത് ഒട്ടും തന്നെ ചോർന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡിൽ സമ്മർദ്ദം ചെലുത്താതെ ഇരിക്കത്തക്ക വിധത്തിൽ കേരളത്തിലെ ഓക്‌സിജന്റെ ബഫർ സ്റ്റോക്ക് 450 മെട്രിക് ടൺ ആയി ഉറപ്പുവരുത്തിയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ആവശ്യം കണക്കിലെടുത്ത് നമ്മുടെ ബഫർ സ്റ്റോക്കിൽ നിന്ന് ആവശ്യാനുസരണം അവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. അങ്ങനെ കേരളത്തിനകത്തും പുറത്തുമുള്ള കോവിഡ് രോഗികളെ സംസ്ഥാനം സഹായിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ നമ്മുടെ ബഫർ സ്റ്റോക്ക് 86 മെട്രിക് ടൺ മാത്രമാണ്. മെയ് 6 നു ചേർന്ന കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം മെയ് 10 വരെ തമിഴ്‌നാടിന് 40 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കും. എന്നാൽ, അതിനുശേഷം കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക എന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

ആക്റ്റീവ് കേസുകൾ മെയ് 15 ഓടെ 6 ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെ വന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 മെട്രിക് ടൺ ഓക്സിജൻ നമുക്ക് ആവശ്യമായി വരും.

rime Minister Narendra Modi and Kerala Chief Minister Pinarayi Vijayan after dedicating to the nation Bharat Petroleum’s Propylene Derivatives Petrochemical Complex at Kochi Refinery, in Kochi

രാജ്യത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കുക എന്നത് വിഷമകരമാവും. അതുകൊണ്ട് കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പൊതു സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എത്രയും വേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണമെന്നും അവയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്നും അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

Share News