
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്തുടനീളം ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. ടാങ്കിൽ ഓക്സിജൻ നിറയ്ക്കുന്ന പ്രവർത്തനം വൈകുന്നേരത്തോടെ പൂർത്തിയായി. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകാരം ലഭിച്ചാലുടൻ പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. പെസോ മാനദണ്ഡപ്രകാരം ട്രയല്‍ റണ്‍ നടത്തി പദ്ധതിയുടെ സാങ്കേതികക്ഷമത പെട്ടെന്നുതന്നെ പരിശോധിക്കും.

ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും.ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറകിലായി സ്ഥാപിച്ച അഞ്ചുമീറ്റര്‍ ഉയരമുള്ള ഈ സംഭരണിയുമായി നിലവിലുള്ള വിതരണപൈപ്പുലൈൻ ബന്ധിപ്പിക്കും. തുടർന്ന്, പെസോ മാനദണ്ഡപ്രകാരം ട്രയല്‍ റണ്‍ നടത്തി പദ്ധതിയുടെ സാങ്കേതികക്ഷമത പരിശോധിക്കും. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണ്.
കഞ്ചിക്കോട്ടുനിന്നാണ് ടാങ്കുകൊണ്ടുവന്നത്. ആശുപത്രിക്കടുത്തു റോഡു നിർമ്മിച്ചാണ് വളപ്പിലേക്കു ടാങ്ക് പ്രവേശിപ്പിച്ചത്. ഓക്സിജൻ കൊണ്ടുവരുന്ന വാഹനങ്ങൾക്കും ഈ റോഡാണ് ഉപയോഗപ്പെടുക. റോഡു നിർമ്മാണവും ടാങ്കു കൊണ്ടുവരലും പ്ലാറ്റ്ഫോം നിർമ്മാണവും അടക്കം ULCCS സൗജന്യ സേവനമായാണു നിർവ്വഹിച്ചത്.