ഇന്നത്തെ ബെൻസ് കാറിന്റെ ചെറിയ ചരിത്രങ്ങളിലൊന്നാണിത്…|വെറുതെ ബെർത്ത ബെൻസ് എന്ന് ഗൂഗിളിൽ നോക്കിയാൽ മതി..
പെണ്ണൊരുത്തി
“എന്താ പറഞ്ഞേ…?” മൂക്കിൻ്റെ തുമ്പത്തിരുന്ന കണ്ണട നേരെയാക്കി അവളെ അയാൾ സൂക്ഷിച്ചു നോക്കി. ചെളി പുരണ്ട വസ്ത്രങ്ങളുമായി ഫാർമസിയിലേക്ക് കേറി വന്നേക്കുന്നൊരു പെണ്ണ്…
. പ്രാന്തിയാണെന്നാണ് ആദ്യം കരുതിയത്. ഇഷ്ടമില്ലായ്മയുടെ ലക്ഷണങ്ങൾ അയാളുടെ മുഖത്ത് പ്രകടമായി… അതിനെ ഗൗനിക്കാതെ തൻ്റെ ചോദ്യം വീണ്ടുമവൾ ആവർത്തിച്ചു. “എനിക്ക് പത്ത് ലിറ്റർ ലിഗ്രോയ്ൻ വേണം…”.
അന്നത്തെ കാലത്ത് വസ്ത്രങ്ങളുടെ കറ കളയാൻ ഉപയോഗിച്ചിരുന്ന ദ്രാവകങ്ങളിലൊന്നാണത്… “വെറും ഒരു ലിറ്റർ ഉണ്ടെങ്കി നിൻ്റെ ഡ്രസിലെ മുഴുവൻ കറയും കളയാല്ലോ പെണ്ണേ…” ചെളിപുരണ്ട അവളുടെ വസ്ത്രങ്ങളെ നോക്കി പരിഹാസച്ചിരിയോടെയായിരുന്നു അയാളുടെ മറുപടി…
പക്ഷേ പരിഹാസങ്ങളിൽ പിന്മാറുന്നൊരു പെണ്ണായിരുന്നില്ലവൾ…. “ഇതെൻ്റെ ഡ്രസിനു വേണ്ടിയല്ല. വണ്ടിക്ക് വേണ്ടിയാണ്…. ഈ കടയിലെ മുഴുവൻ ലിഗ്രോയ്നും എനിക്ക് വേണം…” ഇത്രയും കേട്ടതോടെ അയാൾ ഞെട്ടിയെഴുന്നേറ്റു….
സംഭവം നടക്കുന്നത് നൂറു വർഷങ്ങൾക്ക് മുമ്പ്…. കൃത്യമായി പറഞ്ഞാൽ 1888 ലെ ആഗസ്റ്റ് മാസം 5ന്… അവളുടെ പേര് ബെർത്ത. അഞ്ചു മക്കളുടെ അമ്മ. പെണ്ണുങ്ങൾക്ക് വല്യ വിദ്യാഭ്യാസം വേണ്ട എന്നു കരുതിയൊരു കാലത്തായിരുന്നു അവളുടെ ജനനം. “കഷ്ടകാലത്തിന് വീണ്ടുമൊരു പെണ്ണ്” ഇതായിരുന്നു അവളുടെ ജനനത്തെക്കുറിച്ചു അപ്പന്റെ വാക്കുകൾ….
വർഷങ്ങൾ കടന്നു പോയി.. കാൾ ബെൻസ് എന്നൊരാൾ അവൾക്ക് ഭർത്താവായി… ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ആ മനുഷ്യൻ ഒരു കണ്ടുപിടുത്തം നടത്തി….
ഒരു മോട്ടോർ കാർ. അന്നുവരെ കുതിരയെ വച്ചുമാത്രം വണ്ടി ഓടിച്ചിരുന്ന ഒരു ജനത… കണ്ടുപിടിത്തത്തിന് പേറ്റന്റും കിട്ടി. പക്ഷെ എന്ത് കാര്യം?
ആ വീടിന്റെ ഇട്ടാവട്ടത്തു മാത്രം അയാളത് ഓടിച്ചു കാണിച്ചു…. അധിക ദൂരം ഓടിക്കാൻ മാത്രം ധൈര്യം അയാൾക്കുമുണ്ടായിരുന്നില്ല….
ആ വണ്ടി കൊണ്ട് പ്രത്യേകിച്ചൊരു ഉപകാരവും ഇല്ലാത്തത് കൊണ്ട് ആരുമത് വാങ്ങാൻ പോലും തയ്യാറായില്ല…
വെറുതെ ഒരുപാട് പണം കളഞ്ഞെന്ന് അയൽവക്കക്കാർ അയാളെ കളിയാക്കി…. നിരാശയുടെ പടുകുഴിയിലേക്ക് അയാൾ വീണു….
പക്ഷെ തളരാത്ത ഒരാളുണ്ടായിരുന്നു ആ വീട്ടിൽ… ബെർത്ത… അയാളുടെ ഭാര്യ…
ഒരു പുലരിയിൽ ഭർത്താവെഴുന്നേൽക്കുന്നതിനും മുൻപേ, അയാളെ അറിയിക്കാതെ രണ്ടു മക്കളെയും കൂട്ടി ആ വണ്ടിയിലവൾ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു… വലിയൊരു വിപ്ലവ യാത്ര…. വിചാരിക്കുന്ന പോലെ എളുപ്പമല്ലായിരുന്നു കാര്യങ്ങൾ… അങ്ങോട്ടും ഇങ്ങോട്ടും കൂടി 180നു അടുത്തു കിലോമീറ്റർ… അതും പൊട്ടിപ്പൊളിഞ്ഞു ദുർഘടമായ വഴികൾ… കയറ്റിറക്കങ്ങൾ…
ഭർത്താവ് ഉണരാതിരിക്കാൻ ആദ്യത്തെ കുറച്ചു ദൂരം വണ്ടിയുന്തി അകലെത്തിച്ചു. എന്നീട്ട് മാത്രം സ്റ്റാർട്ട് ആക്കി. അന്ന് വരെ കാർ എന്നൊരു കാര്യം കണ്ടീട്ടില്ലാത്ത ആ ജനം സ്വയം നീങ്ങുന്ന ആ വണ്ടി കണ്ട് അമ്പരപ്പോടെ നോക്കി നിന്നു….
കുറേപ്പേർ അവളെ മന്ത്രവാദി എന്ന് വിളിച്ചു… കുതിരവണ്ടി മാത്രം കണ്ടു ശീലിച്ച ജനമായിരുന്നു അവർ…. മറ്റു ചിലരാകട്ടെ അത്ഭുതത്തോടെ ഇക്കാര്യം നാട് മുഴുവൻ അറിയിക്കാൻ ദൈവാലയത്തിലെ പള്ളി മണികൾ മുഴക്കി…. അപ്പോഴും ഇതൊന്നും അറിയാതെ വീട്ടിൽ ഉറങ്ങുകയായിരുന്ന അവളുടെ ഭർത്താവ്….
മുന്നോട്ട് നീങ്ങുന്തോറും ദുരിതം കൂടി വന്നു. വെല്ലുവിളികളുടെ ഘോഷയാത്രയായിരുന്നു പിന്നീടങ്ങോട്ട്…. കയറ്റത്ത് വണ്ടി നീങ്ങാതായി. രണ്ടു മക്കളും വണ്ടിയിൽ നിന്നിറങ്ങി തള്ളേണ്ടി വന്നു… എഞ്ചിൻ ചൂടായി നശിക്കുമെന്ന അവസ്ഥ വന്നു. അതിനവൾ വഴി കണ്ടെത്തി. വെള്ളം ഒഴിച്ച് എഞ്ചിൻ ഇടക്കിടെ തണുപ്പിച്ചു… ഇടക്ക് വച്ച്, വണ്ടിയുടെ വേഗം കുറയ്ക്കാനുള്ള തടികഷ്ണം കൊണ്ടുള്ള ബ്രേക്ക് പ്രവത്തിക്കാതെയായി. അതിനും മാർഗ്ഗം കണ്ടെത്തി. ഷൂസ് പണിയുന്ന ഒരു പണിക്കാരനെക്കൊണ്ട് ലെതറിന്റെ ഒരു കഷ്ണം ചേർത്തു വെപ്പിച്ചു.
അങ്ങനെ ലോകത്തിലെ ആദ്യത്തെ ബ്രേക്ക്പാഡ് നിലവിൽ വന്നു… എഞ്ചിൻ ഇടക്കിടെ പണി മുടക്കി. അതൊക്കെ അവൾ നേരെയാക്കി… ഒടുവിൽ അവൾ വലിയൊരു വെല്ലുവിളി നേരിട്ടു. വെറും നാലര ലിറ്റർ ഇന്ധനം നിറയ്ക്കാൻ ഉള്ള ടാങ്ക് മാത്രമായിരുന്നു ആ വണ്ടിക്ക്.. വഴിയിൽ വച്ച് ഇന്ധനം തീർന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.. അതുവരെ അത്ഭുതത്തോടെ നോക്കി നിന്ന ആളുകൾ അവളെ പരിഹസിക്കാൻ തുടങ്ങി…
അമ്മയുടെ മുഖത്തോട്ടു നോക്കി നിസഹായരായ രണ്ടു മക്കൾ… തിരിച്ച് വീട്ടിലേക്ക് പോകാനാവില്ല. സ്വന്തം വീട്ടിലേക്കാണെങ്കിൽ ഇനിയും ദൂരം ഒരുപാടുണ്ട്… ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു ഫാർമസിയിലേക്ക് അവൾ കയറി ചെന്നു. ലിഗ്രോയ്ൻ എന്ന ദ്രാവകം ആവശ്യപ്പെട്ടു. വണ്ടിക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ”കുതിരക്ക് വിഷം കൊടുത്ത് കൊല്ലാൻ ആണോ…”എന്നായിരുന്നു ആ ഫാർമസിസ്റ്റിന്റെ ചോദ്യം. അന്ന് വരെ കുതിര വണ്ടി മാത്രം കണ്ടു ശീലിച്ചവരായിരുന്നു അവർ. ഒടുവിൽ കടയിലുള്ള ലിഗ്രോയ്ൻ പെട്ടി അയാൾ അവൾക്ക് മുൻപിലേക്ക് വച്ചു…
.അവൾ അതെടുത്ത് വണ്ടിയുടെ ടാങ്കിലേക്ക് ഒഴിച്ചു…. എല്ലാവരും നോക്കി നിൽക്കുകയാണ്… വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു… ശരിയായില്ല… വീണ്ടും ചുറ്റും നിൽക്കുന്നവരുടെ പരിഹാസശരങ്ങൾ. അവളൊന്നുകൂടി പരിശോധിച്ചു…. ഇന്ധനം ഒഴുക്കുന്ന പൈപ്പിൽ എന്തോ കിടക്കുന്നു… തലയിലെ തൊപ്പിയിലുണ്ടായിരുന്ന ഒരു പിൻ എടുത്ത് ആ അഴുക്ക് ഒരുകണക്കിന് നീക്കി. വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കി…. എഞ്ചിനെ ബന്ധിപ്പിക്കുന്ന കമ്പികളിൽ സ്വന്തം വസ്ത്രം കീറി ചുറ്റി ഇൻസുലേഷനായി ഉപയോഗിച്ചു…. ഒടുവിൽ അവളുടെ ശ്രമം വിജയിച്ചു. വണ്ടി സ്റ്റാർട്ടായി. അങ്ങനെ ആ ഫാർമസി ലോകത്തിലെ ആദ്യത്തെ പെട്രോൾപമ്പ് ആയി..
അത് വരെ പരിഹാസത്തോടെ നോക്കിയിരുന്നവരുടെ മുമ്പിലൂടെ ആ യാത്ര തുടർന്നു. പിറ്റേന്ന് പുലരിയിൽ, സ്വന്തം വീട്ടിൽ നിന്ന് ടെലഗ്രാം അടിച്ചാണ് ഭർത്താവിന് യാത്രയെക്കുറിച്ചു വിശദീകരണം കൊടുക്കുന്നത്. ഇന്നത്തെ ബെൻസ് കാറിന്റെ ചെറിയ ചരിത്രങ്ങളിലൊന്നാണിത്…
വെറുതെ ബെർത്ത ബെൻസ് എന്ന് ഗൂഗിളിൽ നോക്കിയാൽ മതി.
.
ഇന്നൊരു വീഡിയോ കണ്ടു..
ഒരു സുഹൃത്തിന്റെ വനിതാ ദിനം പ്രമാണിച്ചുള്ള പോസ്റ്റാണ്…. ആറ്റിങ്ങൽ റൂട്ടിൽ ബസ് ഓടിക്കുന്ന മീനാക്ഷിയെന്നൊരു സ്ത്രീയുടെ…. അതുകണ്ടപ്പോൾ കുറിക്കണമെന്നു തോന്നിയതാണ് ഇത്…. കാർ എന്നൊരു സംഭവം ഇന്ന് നിരത്തിൽ ഓടുന്നുണ്ടെങ്കിൽ അതൊരു പെണ്ണ് കാരണമാണെന്ന്… ആദ്യമായി കാറിൽ നല്ലൊരു യാത്ര നടത്തിയത് ഒരു പെണ്ണായിരുന്നുവെന്ന്.
.. പെണ്ണുങ്ങള് വണ്ടിയുമായി ഇറങ്ങിയാൽ ബാക്കിയുള്ളവർക്ക് സ്വസ്ഥമായി വണ്ടിയോടിക്കാൻ പറ്റില്ല എന്നൊരു ഡയലോഗിനു ഇങ്ങനെയൊരു മറുപടി കൂടെയുണ്ടെന്ന്… “അങ്ങനെ ഒരു പെണ്ണ് വണ്ടിയും കൊണ്ടിറങ്ങിയത് കൊണ്ടാണ് ഇന്ന് നിങ്ങള് ഈ വണ്ടിയിലിരിക്കാൻ കാരണമെന്ന്..
..വനിതാദിനാശംസകൾ..
.റിന്റോ പയ്യപ്പിള്ളി