കതിര്‍മണ്ഡപത്തില്‍ വധുവിന് “അച്ഛനായി” കസവുമുണ്ടുടുത്ത് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കൽ

Share News

തൃശൂർ ഒല്ലൂര്‍ മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. കണ്ടുനിന്നവരുടെ കണ്ണും കരളും കുളിർപ്പിക്കുന്ന ഒരു കല്യാണം. ഹരിതയുടെയും ശിവദാസിന്റെയും താലികെട്ടായിരുന്നു കതിർമണ്ഡപത്തിൽ നടന്നത്.താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളായി കണ്ട് വളര്‍ത്തിയ പെൺകുട്ടിക്കുവേണ്ടി ഫാദർ ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് ഹരിത വളർന്നത്. രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത ഇവിടെ എത്തിപ്പെട്ടത്.

ഇതിനിടെ യു.പി സ്‌കൂള്‍ പഠനത്തിന് മാളയിലെ കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു. ഇതേ സ്‌കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.പഠനശേഷം ഇവര്‍ തമ്മില്‍ കാണുന്നത് വിവാഹപ്പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്. കുറച്ചുനാള്‍മുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യു.എ.ഇ.യില്‍ അക്കൗണ്ടന്റാണ് ശിവദാസ്.

ഹരിത അഹമ്മദാബാദില്‍ നഴ്‌സും. പരിചയം പുതുക്കൽ വിവാഹാലോചനയിൽ എത്തിനിന്നു. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തില്‍ സദ്യയും നല്‍കി. ശിവദാസിനൊപ്പം യു.എ.ഇയിലേക്ക് പോകുമെന്ന് ഹരിത അറിയിച്ചു. ആശ്രമത്തിലുള്ളവർക്ക് ശിവദാസിന്റെ വീട്ടിൽ വിരുന്നും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു.

Share News