
മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ചത് എങ്ങനെ? മിനിറ്റുകളുടെ വ്യത്യാസത്തില്‍ സംഭവിച്ചത് വന്‍ ദുരന്തം
ഭുവനേശ്വർ: മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്.
അപകടം എങ്ങനെ സംഭവിച്ചു എന്നതില്‍ പൂര്‍ണമായ വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് റെയില്‍വേയുടെ വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ. സിഗ്നല്‍ സംവിധാനത്തില്‍ പാളിച്ചയുണ്ടായോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിവേഗത്തില്‍ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്‌റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകള്‍ സമീപ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറമന്‍ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ ട്രാക്കിലേക്കു വീണു.
മൂന്നാമത്തെ ട്രാക്കിലൂടെ എതിര്‍ ദിശയില്‍ അതിവേഗം വരികയായിരുന്ന ബംഗളൂരു – ഹൗറ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈകിട്ട് 6.50നും 7.10നു ഇടയില്‍ ആയിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോറമന്‍ഡല്‍ എക്‌സ്പ്രസിന്റെ പന്ത്രണ്ടോളം കോച്ചുകളും ഹൗറ എക്‌സ്പ്രസിന്റെ മൂന്നു കോച്ചുകളുമാണ് പാളം തെറ്റിയത്.