യുദ്ധം ബാക്കിവച്ച ദുരന്തം; പിന്നീട് അതിജീവനത്തിന്റെ നാളുകൾ

Share News

ഇസ്രയേൽ – ഹമാസ് യുദ്ധത്തെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾ 32 വർഷം പിന്നോട്ടുപോകുകയാണ്. ഗൾഫ് യുദ്ധം അവസാനിച്ച് ഏതാനും മാസങ്ങൾ കഴിയുന്നതേയുള്ളൂ. ആ കാലത്താണ് എന്റെ പിതാവ് (ചാച്ചച്ചൻ) സൗദിയിലേയ്ക്ക് ജോലിക്കായി പോകുന്നത്, 1991 അവസാനം. സഹോദരങ്ങളിൽ ആറു പേർ കുടുംബസമേതം കാനഡയിലാണ്. അതിനാൽ അവരെപോലെ ജീവിതത്തിൽ മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് മമ്മിയെയും നാലും ഏഴും വയസ്സുള്ള എന്നെയും സഹോദരിയെയും നാട്ടിൽ തനിച്ചാക്കി ചാച്ചച്ചൻ സൗദിയിലേയ്ക്ക് പോയത്. സൗദിയിലെ അരാംകോ എന്ന വലിയ കമ്പനിയിൽ ജോലി. നാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ചാച്ചച്ചൻ നാട്ടുകാര്‍ക്കും വീട്ടുകാർക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

1992 ഫെബ്രുവരി ആദ്യവാരം, ഞങ്ങൾ ചെറിയ ക്ലാസുകളിലായിരുന്നു എങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ആ ദിവസങ്ങളിൽ വീട്ടിൽ നിരവധി ആളുകൾ വരാൻ തുടങ്ങി. മമ്മിയെയും ഞങ്ങളെയും ആശ്വസിപ്പിക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷം കാനഡയിൽ നിന്ന് ചാച്ചച്ചന്റെ സഹോദരങ്ങളും എത്തി തുടങ്ങി. സാധാരണ കാനഡയിൽ നിന്ന് അങ്കിൾമാരൊക്കെ വരുമ്പോൾ വലിയ ആഘോഷമായിരിക്കും, പക്ഷെ അത്തവണ ആഘോഷമൊന്നുമില്ല, എവിടെയും മൂകത. വീട്ടിൽ പത്രം ഒന്നുമില്ലാത്ത കാലമാണ്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് മമ്മിക്കൊന്നും മനസ്സിലായില്ല. മമ്മിയും ചേച്ചിയും മറ്റു ബന്ധുക്കളുമൊക്കെ കരയുന്ന കാഴ്ച എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ചാച്ചച്ചന് സൗദിയിൽ വച്ച് ഒരു അപകടം സംഭവിച്ചു എന്ന് മാത്രമാണ് മമ്മിയെയും അമ്മയെയും (ചാച്ചച്ചന്റെ അമ്മ) ഒക്കെ അറിയിച്ചത്. പക്ഷെ ഓരോ ദിവസങ്ങളിലും വീട്ടിലേയ്ക്ക് വലിയ ജനപ്രവാഹമായി. പിന്നീട് മമ്മിയെയും മറ്റുള്ളവരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. സൗദിയിൽ വച്ച് ചാച്ചച്ചൻ ഒരു ബോംബ് സ്ഫോടനത്തിൽ മരിച്ചു എന്ന് ഉൾക്കൊള്ളാൻ ആർക്കും കഴിഞ്ഞില്ല.

ഗൾഫ് യുദ്ധത്തിന്റെ അവശേഷിപ്പുകളായി സൗദിയിലെ ചില പ്രദേശങ്ങളിൽ പൊട്ടാത്ത ബോംബുകൾ പലയിടങ്ങളിലും ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം ചാച്ചച്ചന് ഒപ്പം ജോലി ചെയ്തിരുന്ന ആളുടെ കൈവശം ലഭിച്ചു. റേഡിയോ പോലുള്ള എന്തോ വസ്തുവാണ്, അത് തുറന്ന് പ്രവർത്തിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ആലപ്പുഴ, തൃശൂർ, കോട്ടയം സ്വദേശികളായ നാലു മലയാളികൾ മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇന്നത്തെ പോലെ വലിയ നയതന്ത്ര സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലമാണ്. നോമ്പുകാലമായതിനാൽ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഒന്നും സ്വീകരിക്കുന്നില്ല. അതിനിടെ കാനഡിയിൽ നിന്ന് നാട്ടിലെത്തിയ അസ്സി അങ്കിൾ (ചാച്ചച്ചന്റെ ഇളയ സഹോദരൻ) വിവിധ രാഷ്ട്രീയ നേതാക്കന്മാരെ കണ്ടു, കാര്യങ്ങൾ ബോധിപ്പിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസാണ് ഭരിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഓരോ കുടുംബവും സ്വയം സാമ്പത്തിക ചിലവ് വഹിക്കണമെന്ന നിർദേശമാണ് ലഭിച്ചത്. അങ്ങനെ അസ്സി അങ്കിൾ സ്ഫോടനത്തിൽ മരിച്ച മറ്റ് ആളുകളുടെ കുടുംബാംഗങ്ങളെ കണ്ടു. മറ്റ് മൂന്നു പേരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അങ്ങനെ എല്ലാവരുടെയും സാമ്പത്തിക ചിലവ് വഹിക്കാൻ തയ്യാറായി അസ്സി അങ്കിളിന്റെ ഓട്ടം തുടർന്നു . (1991ൽ 26ാം വയസ്സിൽ കാനഡയിൽ വച്ചുണ്ടായ വലിയൊരു വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നുപോയ വ്യക്തിയാണ് അസ്സി അങ്കിൾ, 35 വർഷമായി വീൽചെയറിലാണ് ജീവിതം) ഒപ്പം ബേബി ചാച്ചനും (മമ്മിയുടെ സഹോദരനും) കുഞ്ഞിച്ചാച്ചനും (ചാച്ചച്ചന്റെ ജ്യേഷ്ഠൻ) ഉണ്ട്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെയും കേന്ദ്രമന്ത്രിയായിരുന്ന എംഎം ജേക്കബിനെയും ഉൾപ്പെടെ പോയി കണ്ട് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏപ്രിൽ 13ാം തീയതി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് അറിയിപ്പും ഉണ്ടായി.

ഏപ്രിൽ 13 മുതൽ വീട്ടിൽ ബന്ധുക്കളും നാട്ടുകാരും എല്ലാം ഉണ്ട്. നാലു വയസ്സ് മാത്രം പിന്നിട്ട ഞാൻ വീട്ടു മുറ്റത്ത് പതിവു പോലെ കളിച്ചു നടക്കുകയാണ്. വീട്ടിൽ എത്തുന്നവരെല്ലാം സഹതാപത്തോടെ നോക്കുന്നുണ്ടായിരിക്കാം. അക്കാലത്ത് യൗവനത്തിലുള്ള (ചാച്ചച്ചന് 32 വയസ്സ്) ഒരു മരണം നാടിന് മുഴുവൻ കണ്ണീരാണ്. രാത്രിയോടെ മൃതദേഹം എത്തിക്കുമ്പോൾ മമ്മിയെയും മറ്റും ആശ്വസിപ്പിക്കാൻ എല്ലാവരും ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. 72 ദിവസത്തിന് ശേഷം മൃതദേഹം പെട്ടിയിൽ നിന്ന് പുറത്തിറക്കുമ്പോൾ വലിയ ദുർഗന്ധം വമിച്ചിരുന്നു എന്നാണ് പലരും പറഞ്ഞുള്ള അറിവ്. ഒരു നാട് മുഴുവൻ വീട്ടിലേയ്ക്ക് ഒഴുകി എത്തിയെന്നാണ് ഓർമ്മവച്ചപ്പോൾ ആൽബങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് (കുട്ടിക്കാലത്ത് ചാച്ചച്ചന്റെ ശവസംസ്കാര ചടങ്ങിന്റെ ആൽബം നോക്കാറില്ലായിരുന്നു). ശവസംസ്കാരം കഴിഞ്ഞെങ്കിലും ബന്ധുക്കളെല്ലാം വീട്ടിലുണ്ട്. 31 വയസ്സുള്ള ജോലി പോലുമില്ലാത്ത ഒരു യുവതി പറക്കമുറ്റാത്ത രണ്ട് കുട്ടികളെയുമായി എങ്ങനെ ജീവിക്കുമെന്ന സഹതാപം പലർക്കും ഉണ്ടായി കാണാം. ഞങ്ങളുടെ ഭാവിയെകുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. റബ്ബറും പാടവുമൊക്കെയായി കുറച്ച് കൃഷി ഭൂമി മാത്രമാണ് വരുമാനമാർഗ്ഗം. ചാച്ചച്ചന്റെ നേരെ ഇളയ സഹോദരനായ അസ്സി അങ്കിളാണ് പിന്നീട് ഞങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് എല്ലാ സഹായങ്ങളും ചെയ്തത്. ചാച്ചച്ചന്റെ ആഗ്രഹം പോലെ ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നും പഠിപ്പിക്കണമെന്ന് അസി അങ്കിളും പറഞ്ഞു. അസ്സി അങ്കിളും റെജി ആന്റിയും മൂന്നു മാസത്തോളം കാനഡയിലേയ്ക്ക് മടങ്ങാതെ ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. മമ്മിയുടെ ചാച്ചനും അമ്മയും കടുത്തുരുത്തിയിൽ നിന്ന് എന്നും വീട്ടിലെത്തും. കാരണം മുന്നോട്ട് എന്ത് ചെയ്യണമെന്ന് മമ്മിക്ക് ഒരെത്തുംപിടിയുമില്ലായിരുന്നു.

ചാച്ചച്ചന്റെ അകാലത്തിലുള്ള മരണത്തെ അതിജീവിക്കാൻ മമ്മി ഏറെ പ്രയാസപ്പെട്ടിരുന്നു. പക്ഷെ രണ്ട് മക്കളെ വളർത്തണം, എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. സൗദിയിൽ വച്ചുള്ള അപകട മരണമായതിനാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. പിന്നീട് നഷ്ടപരിഹാര തുക കിട്ടാൻ വേണ്ടിയുള്ള നിയമപോരാട്ടങ്ങളായിരുന്നു. മുൻ ആര്‍മി ഉദ്യോഗസ്ഥനായ ചാച്ചൻ (മമ്മിയുടെ ചാച്ചൻ) ഒപ്പം ഉണ്ടായിരുന്നത് വലിയ തുണയായി. കലക്ട്രേറ്റുകൾ, വിവിധ സർക്കാർ ഓഫീസുകളൊക്കെയായി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾ… അങ്ങനെ ഞങ്ങളെ വളർത്താൻ മമ്മി ഓടിയ ഓട്ടവും പോരാട്ടവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പ്രാർത്ഥനയായിരുന്നു തുടർന്ന് രണ്ട് മക്കളെയും കൊണ്ടുള്ള മമ്മിയുടെ ജീവിതത്തെ മുന്നോട്ടുനയിച്ചത്. 31ാം വയസ്സിൽ വിധവയായെങ്കിലും ഞങ്ങൾ മക്കളെ ഓർത്ത് മമ്മിക്ക് എല്ലാം സഹിക്കേണ്ടിയും ത്യജിക്കേണ്ടിയും വന്നിട്ടുണ്ട്. അന്നുമുതൽ കൂടെ നടത്തിയ ദൈവത്തിന്റെ ഇടപെടലുകളും പ്രാർത്ഥനയും മാത്രമാണ് ഞങ്ങൾക്കും കരുത്തായത്. എത്ര വലിയ പ്രതിസന്ധിയിലും വീഴാതെ പിടിച്ചുനിർത്തുന്നത് കുട്ടിക്കാലം മുതൽ പകര്‍ന്നുകിട്ടിയ പ്രാർഥനയുടെ ശക്തിയാണ്. ചാച്ചച്ചന്റെയും മമ്മിയുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണ, എന്റെ നാടിന്റെ അന്നുമുതലുള്ള കരുതൽ, അത് മറക്കാനാകാത്ത വലിയ അനുഭവം തന്നെയാണ്. ബാല്യകാലത്തെ ആ അനുഭവങ്ങൾ പിന്നീട് വലിയ കരുത്തായിട്ടുണ്ട്.

ഗൾഫ് യുദ്ധം ഞങ്ങളെ പോലെ നിരവധി കുടുംബങ്ങളെ അനാഥരാക്കിയിട്ടുണ്ടാകാം. പല യുദ്ധങ്ങളും നിരവധി ജീവനുകളെ കവർന്നിട്ടുണ്ട്, ഒട്ടേറെ കുട്ടികളെ അനാഥരാക്കിയിട്ടുണ്ട്, സ്ത്രീകളെ വിധവകളാക്കിയിട്ടുണ്ട്. ഇസ്രയേൽ – ഹമാസ് യുദ്ധം കലുഷിതമാകുമ്പോൾ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. അതിന്റെ അവശേഷിപ്പുകൾ കണ്ണീരും ദുരിതവും അനാഥത്വങ്ങളുമാകും.

(1992 മുതലുള്ള കനൽവഴികളിൽ ആരോടും പറയാത്ത കഥകൾ ഇനിയുമുണ്ട്. കല്ലറ പൊളിച്ച സംഭവം, കേസ്, കോടതി വ്യവഹാരങ്ങൾ, ഉറ്റവരെന്ന് കരുതിയവർ പിന്നിൽ നിന്ന് കുത്തിയ സംഭവങ്ങൾ, അസ്സി അങ്കിളിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ, ദൈവത്തിന്റെ ഇടപെടലുകൾ…. അങ്ങനെ ഒട്ടേറെ അനുഭവങ്ങളുണ്ട്….. അതൊക്കെ പിന്നീട് ഒരിക്കലാകാം)

✍🏽 ടോം കുര്യാക്കോസ് News 18 Kerala

Tom Kuriakose Marangoly

Associate editor and Kochi regional bureau chief at News18 Kerala

മാധ്യമങ്ങളുടെയും പാർട്ടികളുടെയും മനസ്സും നയങ്ങളും തിരിച്ചറിയുന്ന കാലം.- വായനക്കാരെയും പരസ്യദാതാക്കളെയും, വോട്ടർമാരെയും തൃപ്തിപ്പെടുത്തുവാനുള്ള ബോധപൂർവമുള്ള ശ്രമങ്ങൾ.

തിരിച്ചറിയണം വർഗീയതയും വിഭാഗീയതയുമുള്ള മനോഭാവം. യുദ്ധം നിസ്സഹായരായ അനേകരുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നു.

യുദ്ധം – ഒന്നിനും പരിഹാരമല്ല. കാരണം കണ്ടെത്തി ആക്രമണം നടത്തുന്നതും, അവിവേകത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും യുദ്ധം മറയാക്കുന്നതും വലിയ കുറ്റം. യുദ്ധത്തിന് എതിരെയുള്ള ചിന്തകൾ ഉണരട്ടെ. സമാധാനം വീണ്ടെടുക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കാം.🙏🙏🙏

nammude-naadu-logo
Share News