സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം

Share News

സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം ( സെക്സ് ) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല.

തീയേറ്ററിൽ വെച്ചീ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചക്ക് പ്രയാസമുണ്ടാക്കി.

കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ സെക്സ് എന്നത് ഒരു ശരാശരി മലയാളിയുടെ മൊറാലിറ്റിയെ ബാധിക്കുന്ന ഒന്ന് തന്നെയാണ്. സിനിമയിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നു എന്ന പ്രസ്താവനയുടെ ഗൗരവത്തോളം തന്നെ കനപ്പെട്ട ഒന്നാണ് ഇത്തരം ഇൻസെസ്റ്റ് സെക്സ്നെ റൊമാന്റിസൈസ് ചെയ്യൽ ഏർപ്പാടും കുട്ടികളെ സ്വാധീനിക്കുമെന്നതും. വിലക്കപ്പെട്ട സംഗതികളെ കൗതുകത്തോടെ കാണുന്ന സ്ഥായിയായ ഒരു സ്വഭാവം ഏതൊരു മനുഷ്യനിലും കൂടപ്പിറപ്പായുള്ളതിനാൽ പലർക്കും ഇത്തരം കാര്യങ്ങളോട് ആഭിമുഖ്യം തോന്നാനുള്ള സാധ്യതയും അവിടെ കൂടുതലാണ്.

ചിത്രത്തിൽ സഹോദരി – സഹോദരന്മാർ തമ്മിൽ പ്രണയമില്ല. എന്നാലൊരുതരത്തിൽ അവർക്കിടയിലൊരു കണക്ഷൻ കിട്ടുന്നുണ്ട്. മറ്റേതൊരു ബന്ധവും പോലെ മനോഹരമായാണത് ചിത്രീകരിച്ചിരിക്കുന്നത്. അങ്ങേയറ്റം ‘നോർമലൈസ്’ ചെയ്തും. കാണുന്ന കുട്ടികൾക്ക് പോലും അനുകരിക്കാൻ തോന്നുന്ന / സർവ്വസാധാരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നോർമലൈസേഷൻ. സിനിമയിലാണെങ്കിലും ഇത്തരത്തിലുള്ള വിഷയങ്ങൾ വരുമ്പോൾ എന്റെ ഉള്ളിൽ വിയോജിപ്പ് കടന്നു വരുന്നുണ്ട്.

സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം. ഒരുപക്ഷെ, പുരോഗമനജീവികൾ പറഞ്ഞേക്കാം ; അതവരുടെ അവകാശമാണ്, അതവരുടെ സ്വാതന്ത്ര്യമാണ് , പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അത്തരത്തിൽ തീരുമാനമെടുത്താൽ അതിൽ തെറ്റില്ല എന്നൊക്കെ. ബട്ട് എന്റെ പുരോഗമന ആശയങ്ങൾ അത്രത്തോളം വളരാത്തതിനാൽ ഈ വിഷയത്തിലുള്ള എന്റെ അനിഷ്ടം വളരെ വലുത് തന്നെയാണ്.

നല്ല നാടൻ തൂശനിലയിൽ വിളമ്പി വച്ച സദ്യ ആസ്വദിച്ചു കഴിച്ചുക്കൊണ്ടിരിക്കെ പന്തിയിൽ പകുതിക്ക് വച്ച് പട്ടി കാട്ടം ഇലയിൽ വിളമ്പിയാൽ എങ്ങനെയിരിക്കും, ആ ഒരു ഫീലാണ്, അത് മാത്രമാണ് നാരായണീന്റെ ആൺമക്കൾ കണ്ടപ്പോൾ തോന്നിയത്. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന കഥയിൽ, നല്ല റിയലിസ്റ്റിക്കായി ചിത്രീകരിച്ച സിനിമയിൽ പൊടുന്നനെ ഒരു അനാവശ്യ ട്വിസ്റ്റ്‌- അതോടെ ആസ്വാദനം ഠിം !!

സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള ആ ഒരു ബന്ധത്തെ, അവരുടെ സെക്സിനെ ഇനി എത്രയൊക്കെ റൊമാന്റിസൈസ് ചെയ്താലും നോർമലൈസ് ചെയ്താലും അത് മൊറാലിറ്റിയെ ബാധിക്കുന്ന വളരെ വലിയ ഒരു പ്രശ്നം തന്നെയാണ്. ഒരിക്കലും കാണിച്ച് കൂടാതിരുന്ന ഒരു രംഗം തന്നെയാണ് അവർക്കിടയിൽ സംഭവിച്ച സെക്സ്. അതിനെ സാധൂകരിക്കാൻ ഇനി എത്രയൊക്കെ ഔട്ട്‌ഡേറ്റഡ് ആയ മുറപ്പെണ്ണ് -മുറച്ചെറുക്കൻ -അക്ക പൊണ്ണ് -മാമാ ബന്ധം വച്ച് താരതമ്യം ചെയ്താലും മൂല്യബോധം തൊട്ട് തീണ്ടാത്ത രണ്ട് കഥാപാത്രങ്ങൾ മാത്രമാണ് ആതിരയും നിഖിലും.

വിദേശത്ത് ജനിച്ച് വളർന്ന, നാട്ടിലെ ബന്ധുക്കളെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആ പയ്യന് ബന്ധങ്ങളുടെ മൂല്യത്തെ കുറിച്ച് അറിയില്ലെന്ന് വയ്ക്കാം. എന്നാൽ ആതിരയ്ക്കോ? അവൾക്ക് അറിയാം അത് അരുതാത്ത ബന്ധം തന്നെയെന്ന്. എന്നിട്ടും ബ്രേക്ക്‌ അപ്പിന്റെ ട്രോമയിൽ പെട്ട രക്തബന്ധത്തിന്, അനിയന് അവൾ വച്ചു നീട്ടുന്ന കംഫേർട്ട് സോൺ സെക്സ്. ഫിലോസഫിക്കലായിട്ട് സംസാരിക്കുന്ന, പ്രാക്ടിക്കൽ ആയിട്ട് ജീവിതത്തെ കാണുന്ന, സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു പെണ്ണിന് തിരിച്ചറിയാൻ കഴിയുന്നില്ല സമൂഹത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ സുഗമം ആക്കുന്നത് സൊസൈറ്റി സെറ്റ് ചെയ്ത് വച്ച ചില അരുതുകൾ കൂടി ആണെന്ന്. കൈയിൽ വന്നിരുന്ന പൂമ്പാറ്റ പറന്ന് പോകുന്നത് പോലെയേ ഉളളൂ പ്രണയനഷ്ടമെന്ന് വിലയിരുത്തിയ ആതിര നാലഞ്ചു ദിവസം കൊണ്ട് സഹോദര തുല്യനായ വ്യക്തിയുമായി ശാരീരിക ബന്ധത്തിന് തയ്യാറാകുന്നു. അവിടെ ബലൂൺ പോലെ പൊട്ടി പോകുന്നുണ്ട് ആ കഥാപാത്രത്തെ വല്ലാണ്ട് ബൗദ്ധികമായി ചിത്രീകരിച്ച പാത്ര സൃഷ്ടി. ആണും പെണ്ണും രണ്ട് ജൈവിക ശരീരം ആണെന്ന് തിരിച്ചറിയുമ്പോഴും അമ്മ-മകൻ അല്ലെങ്കിൽ അച്ഛൻ-മകൾ, സഹോദരീ-സഹോദരൻ തമ്മിലുള്ള ബന്ധങ്ങൾക്ക് കേവലം ജൈവികമായ സ്ഥാനം മാത്രം നൽകിയാൽ പിന്നെ ഇവിടെ ധാർമ്മികതയ്ക്കും മൂല്യബോധത്തിനും ഒക്കെ എന്ത് സ്ഥാനം ?

രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹം അംഗീകരിക്കാൻ മനസ്സ് കാണിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് നമ്മൾ എത്രയോ ദൂരം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. അന്നത്തെ ചിന്താഗതി വച്ചു പുലർത്തുന്നവർ ഇന്ന് തുലോം കുറവ്. മനുഷ്യൻ വിദ്യാഭ്യാസപരമായി മുന്നേറുമ്പോൾ, ശാസ്ത്രീയ വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുമ്പോൾ മാറി ചിന്തിക്കും. മുറപ്പെണ്ണ് എന്ന സിനിമ കണ്ടിട്ട് സ്വന്തം അമ്മാവന്റെ മകളുടെ തിങ്കളാഴ്ച വ്രതം മുടക്കും എന്ന് പറയുന്ന യുവത്വങ്ങൾ ഇന്നില്ല. കിരീടം, മഴവിൽ കാവടി, എന്നെന്നും കണ്ണേട്ടൻ കാലഘട്ടത്തിൽ നിന്ന് എത്രയോ മുന്നോട്ട് പോയി നമ്മൾ. കസിൻസിന്റെ കളിയും ചിരിയും കലപിലയും ആസ്വദിക്കുന്ന ബാംഗ്ലൂർ ഡേയ്സിൽ എത്തിയിട്ട് എത്രയോ നാളായി. അത് കൊണ്ട് ദയവായി നാരായണീന്റെ പേരമക്കൾ തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ നോർമലൈസ് ചെയ്യാൻ ഔട്ട്‌ഡേറ്റഡ് ആയ മുറപ്പെണ്ണ്-മുറച്ചെറുക്കൻ ബന്ധം കൊണ്ട് വരരുത്. രണ്ടും പുരയ്ക്ക് പുറത്ത് നിറുത്തേണ്ടത് തന്നെയാണ്. അതിൽ തർക്കമില്ല.

മാലദ്വീപിലെ അദ്ധ്യാപന ജീവിതത്തിൽ ഞാൻ ഒരുപാട് തലസീമിയ രോഗികളെ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുണ്ട്.പെണ്മക്കളെ ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് വിവാഹം കഴിച്ചയയ്ക്കാൻ വിസമ്മതിച്ചിരുന്ന ഒരു സാമൂഹ്യ തലത്തിൽ നിന്നും അവർ മാറി ചിന്തിക്കാൻ കാരണമായത് അവർക്കിടയിൽ വ്യാപകം ആയിരുന്ന ഈ രക്തബന്ധുക്കൾ തമ്മിലുള്ള ബന്ധവും അത് വഴി ജനിതക വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് കാരണമാണ്.

സോഷ്യൽ മീഡിയയിൽ ഈ സിനിമയിൽ കാണിച്ചിരിക്കുന്ന സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെ ഗ്ലോറഫൈ ചെയ്യുന്ന, ഈ സിനിമ ലോകോത്തര സൃഷ്ടി ആണെന്ന തരം ചില ഘടാഘടിയൻ പുരോഗമന നരേറ്റീവുകൾ കണ്ടിരുന്നു. ഇവിടെ നടക്കുന്ന സർവ്വ വയലൻസിനും കാരണം മാർക്കോ എന്ന ഒറ്റ സിനിമ ആണെന്ന് ഗർജ്ജിച്ചു നടന്ന ഒട്ടു മിക്ക പ്രൊഫൈലും ഈ സിനിമയെ പുകഴ്ത്തി നടപ്പുണ്ട്. ശരിയാണ്. ഇടതോരം മാത്രം മണ്ടി നടക്കുന്ന അലൻസിയർ, സുരാജ്, ജോജു എന്നീ കമ്മൂ ആൺപിറന്നോന്മാരുടെ സിനിമ ആയോണ്ട് ഗ്ലോറിഫിക്കേഷൻ സ്വാഭാവികം. അതോണ്ട് തന്നെ സഹോദര മക്കൾക്ക് മുന്നിൽ ഇരുന്ന് കമ്മ്യൂണിസ്റ്റ് പച്ച പുകച്ചു വിടുന്ന ജോജു റിയലിസ്റ്റിക് കഥാപാത്രം ആവുന്നുണ്ട്. അവർക്ക് മുന്നിൽ ഇരുന്ന് കഞ്ചാവ് വലിച്ചിട്ട് അരുത് മക്കളെ, ഇത് വലിക്കാൻ നിങ്ങൾക്ക് പ്രായം ആയില്ലെന്ന് പറയുന്ന പാപ്പൻ സേതു സാരോപദേശകൻ ആവുന്നു.

വളരെ നല്ല രീതിയിൽ എടുക്കാമായിരുന്ന ഒരു സിനിമയെ, നല്ല രീതിയിൽ പ്രെസെന്റ് ചെയ്യാമായിരുന്ന ഒരു കുടുംബ ചിത്രത്തെ വേണ്ടാത്ത പുരോഗമന-അശ്ലീല മൂശയിൽ വാർത്തെടുത്തപ്പോൾ അത് വെറും മൂന്നാംകിട കാഴ്ചയായി മാറി. ഒന്നും വേണ്ടായിരുന്നു ആ കുട്ടികൾക്ക് അവർ ചെയ്തത് തീർത്തും അരുതാത്തത് എന്ന ഒരു ബോധ്യം വരുത്തി, തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന കംഫോർട്ട് സോൺ പ്രണയം അല്ല മറിച്ച് കാമം ആയിരുന്നു എന്ന ഒരു തിരിച്ചറിവ് എങ്കിലും കാണിച്ചിരുന്നുവെങ്കിൽ അത് നല്കുന്ന സന്ദേശം മറ്റൊന്ന് ആയേനെ. ഇവിടെ ആ പിള്ളേർക്ക് അത്തരം ഉൾക്കാഴ്ച പകർന്നു നല്കുവാൻ കഴിയുന്ന ഒരു കഥാപാത്രം സേതു ആയിരുന്നു. അതിന് അയാൾക്ക് കഴിയുകയും ചെയ്തേനെ. മറിച്ച് അയാളെ വെറും ഒരു കഞ്ചാവ് തീനി ആക്കി കാണിച്ച് ആ കാരക്റ്റർ ഡെപ്ത്ത് പോലും ഇല്ലാതാക്കി.

എന്തായാലും നാരായണീന്റെ മക്കൾ സിനിമ OTT യിൽ ഉണ്ട്. പേര് കേട്ട് ഇത് ഒരു സാധാരണ കുടുംബചിത്രം ആണെന്ന ധാരണയിൽ കുട്ടികൾക്ക് ഒപ്പം ഇരുന്ന് കാണരുത്. സിനിമ ഉണ്ടാക്കുന്ന ഇമ്പാക്ടുകൾ എന്തെന്ന് പിള്ളേർ ഓരോ ദിവസവും കാണിച്ചു തരുന്നുണ്ട്. ഒരുമിച്ച് കൂടുമ്പോൾ ഇമ്പം ഉണ്ടാവുന്നത് കുടുംബം എന്ന concept പകർന്നു കൊടുക്കാനോ ഇന്ന് നമ്മിൽ പലർക്കും കഴിയുന്നില്ല. എങ്കിലും കസിൻസ് എന്ന ഏറ്റവും ഈസി അവൈലബിൾ ആവുന്ന ഇടങ്ങൾ സെക്സിന് സാധ്യതയുള്ള ഇടം ആണെന്ന പിന്തിരിപ്പൻ ബുദ്ധി പിള്ളേർക്കിട്ട് പകരാതെ ഇരിക്കാനെങ്കിലും കഴിയട്ടെ.

എന്തായാലും ഈ ഒരു പ്ലോട്ട് -ഇറ്റ്സ് നോട്ട് മൈ കപ്പ് ഓഫ് ടീ.

Anju Parvathy Prabheesh

Share News