
കൂടുതൽ നവീൻ ബാബുമാരെ കേരളീയ സമൂഹത്തിൻ്റെ ദുഃഖങ്ങളിലേക്ക് ഇട്ടുകൊടുക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ദയവായി ശ്രദ്ധിക്കണം.
മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരത്ത് കനകക്കുന്നിൽ നടത്തിയ ചടങ്ങിൽ സദസ്സിൽ ആളില്ലാത്തതു കൊണ്ട് ബഹു: മന്ത്രി ചടങ്ങ് റദ്ദ് ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു!

സത്യത്തിൽ സർക്കാർ ചടങ്ങിൽ ആളെ കൂട്ടുക എന്നത് ഉദ്യോഗസ്ഥന്റെ ജോലിയാണോ ?
ആണെങ്കിൽത്തന്നെ, ആളെക്കൂട്ടുന്നതിൽ ഒരു ഉദ്യോഗസ്ഥൻ വിജയിച്ചില്ല എങ്കിൽ അയാളെ ശിക്ഷിക്കുന്നത് ശരിയാണോ ?
ലക്ഷങ്ങൾ ചെലവാക്കി ആളെക്കൂട്ടി എല്ലാ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും പരിപാടികളിലൂടെയും ചടങ്ങുകളിലൂടെയും ആഘോഷമാക്കേണ്ടതുണ്ടോ?
അല്ലാതെ തന്നെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലേക്ക് എത്തിച്ചാൽ പോരെ?
ജനങ്ങൾക്ക് ഇഷ്ടമുള്ള ചടങ്ങുകളിൽ അല്ലേ അവർ പങ്കെടുക്കുകയുള്ളൂ?
അല്ലാതെ എത്തിച്ചേരുന്നവരെ ശരിക്കും ‘എത്തിച്ചേർക്കുകയല്ലേ’ ചെയ്തുവരുന്നത്?
ചടങ്ങ് റദ്ദാക്കിയ ബഹു:മന്ത്രിയും ശരിക്കും കുറ്റക്കാരനല്ലേ?
റദ്ദാക്കിയ ആ ചടങ്ങിനും ഏറെ ചെലവ് വന്നിട്ടുണ്ടാവില്ലേ ?
അതും സർക്കാർ ഖജനാവിലെ കാശ് തന്നെയല്ലേ?
ഫ്ലാഗ് ഓഫിന് ഒരു വണ്ടി തന്നെ ധാരാളമല്ലേ എന്നതും ചോദ്യമാണ്.
കനകക്കുന്ന് വളരെ പ്രത്യേകതകളുള്ള, ചില നിയന്ത്രണങ്ങളും ഉള്ള ഒരു വെന്യു ആണ്.
ആ നിയന്ത്രണങ്ങൾ ഇല്ലാതിരുന്നെങ്കിൽ, ആ കൊട്ടാരവും പരിസരവും എന്നേ പൂർണ്ണമായും നശിച്ചുപോയേനെ!
അവിടെ ടൈൽസിൽ പത്തമ്പത് വണ്ടികൾ നിരത്തി ഇടാൻ പറ്റില്ല എന്ന് ടൂറിസം വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളും നിർദ്ദേശങ്ങളും പ്രിസിഡൻസും ഉണ്ടായിരിക്കും.
പക്ഷേ അത്തരത്തിൽ കനകക്കുന്ന് അധികാരികൾ അനുവാദം നൽകാത്ത വിവരം ചുമതലയുള്ള ബന്ധപ്പെട്ട MVD ഉദ്യോഗസ്ഥൻ മുകളിലേയ്ക്ക് യഥാ സമയം റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിൽ അത് വീഴ്ച തന്നെയാണ്.
അത് പറഞ്ഞ ഉദ്യോഗസ്ഥൻ അല്ല ആ ടൈൽസ് ഇട്ടതെന്ന് ബഹു: മന്ത്രി ഓർക്കേണ്ടിയിരുന്നു.
അതുകൊണ്ടുതന്നെ ആ ഉദ്യോഗസ്ഥനു മേൽ യാതൊരു നടപടിയും ബഹു: ടൂറിസം മന്ത്രി സ്വീകരിക്കില്ല എന്നതും ഉറപ്പാണ്.
ഇത്തരം ചടങ്ങുകൾ കനകക്കുന്നിന് പുറകുവശം സൂര്യകാന്തിയിൽ വച്ചാണ് ശരിക്കും നടത്തേണ്ടത്.
അത് വ്യാവസായിക പ്രദർശനങ്ങൾക്കും മറ്റുമുള്ള ഒരു വേദിയാണ് .
അവിടെ ആവശ്യത്തിന് സ്ഥലവും ഉണ്ട്.
കനകക്കുന്നും പരിസരങ്ങളും പ്രധാനമായും കലയുടെ കാൽച്ചിലമ്പൊലി കേൾക്കേണ്ട, അല്ലെങ്കിൽ പൂക്കൾ നിറയേണ്ട ഇടങ്ങളാണ്.
ബസ്സുകളും ലോറികളും നിരത്തിയിടേണ്ട സ്ഥലങ്ങളല്ല !
ചില ഓർമ്മകളിലേക്ക് ഞാൻ പോവുകയാണ്.
ടൂറിസം വകുപ്പിൽ ധാരാളം പരിപാടികളുടെ കോഡിനേറ്ററും ചീഫ് കോഡിനേറ്ററും ആയിരുന്നു ഞാൻ.
പക്ഷേ ആ പരിപാടികൾക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു !
എന്തെന്നാൽ അവയെല്ലാം തന്നെ ജനങ്ങളെ ആകർഷിക്കുന്ന പരിപാടികളാണ്.
ഒന്നുകിൽ നൃത്തസംഗീത പരിപാടികൾ, അല്ലെങ്കിൽ ഭക്ഷ്യമേള, ഓണാഘോഷം, വസന്തോത്സവം എന്ന പുഷ്പോത്സവം തുടങ്ങിയ പരിപാടികൾ.
ഈ പരിപാടികളുടെ ഉദ്ഘാടനത്തിന് ജനങ്ങളെ എത്തിക്കാൻ വല്ലാത്ത ടെൻഷൻ അനുഭവിച്ചിട്ടുണ്ട്!
പരിപാടികൾക്ക് ആളുകൾ എത്തിച്ചേരും.
പക്ഷേ ഉദ്ഘാടനത്തിന് എത്താൻ അവർക്ക് താല്പര്യം ഉണ്ടായിരിക്കില്ല.

അത്തരം സന്ദർഭങ്ങളിൽ പലവട്ടം പ്രസ് റിലീസുകൾ , അവ യഥാസമയം വരാതിരുന്നാൽ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരെ സ്നേഹപൂർവ്വം നിർബന്ധിച്ച് അവ വാർത്തയാക്കൽ, ഇന്ന് ഞാൻ യോജിക്കുന്നില്ല എങ്കിൽ കൂടിയും ഹോർഡിംഗുകളും ബാനറുകളും, വർണ്ണാഭമായ ബ്രോഷറുകൾ എമ്പാടും വിതരണം ചെയ്യൽ തുടങ്ങി വിവിധ രീതികളിലാണ് പബ്ലിസിറ്റി ചെയ്തിരുന്നത്!
എന്നിട്ടും ആറരയ്ക്കുള്ള ഉദ്ഘാടനത്തിന് ആറുമണിക്കും ആളെത്തിയില്ലെങ്കിൽ നെഞ്ചിടിപ്പാണ്!
പക്ഷേ സർവീസിൽ ഇരുന്ന കാലം മുഴുവൻ കോർഡിനേറ്റ് ചെയ്ത എല്ലാ പരിപാടികൾക്കും സാമാന്യം നിറഞ്ഞ സദസ്സ് തന്നെയായിരുന്നു !
അപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആളെക്കൂട്ടുക എന്ന ചുമതല ഇല്ല എന്ന് പറയാനാവില്ല.
ഇവിടെ MVD യിലെ ആ ഉദ്യോഗസ്ഥൻ ഇതിനായി എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹത്തിന് വിശദീകരിക്കാവുന്നതാണ്.
മതിയായ ശ്രമം അദ്ദേഹം നടത്തിയിട്ടും ആൾക്കൂട്ടം ഇല്ലാതിരുന്നതാണ് എങ്കിൽ അത് അദ്ദേഹത്തിൻറെ തെറ്റല്ല മറിച്ച് ആ ചടങ്ങിനോടുള്ള ജനങ്ങളുടെ താല്പര്യം ഇല്ലായ്മയാണ് !
ജനങ്ങളെ ആകർഷിക്കുന്ന പരിപാടികൾ അല്ല എങ്കിൽ ഉദ്ഘാടനത്തിനും മറ്റും
നമ്മൾ സെലിബ്രിറ്റികളുടെ ഉൾപ്പെടെ സഹായം തേടിപ്പോകേണ്ടി വരുന്നു എന്നതും വസ്തുതയാണ്.
മറ്റൊന്ന്, പലവട്ടം മന്ത്രി ആയിട്ടുള്ള ശ്രീ.ഗണേഷ് കുമാർ ഇത്തരം സന്ദർഭങ്ങളിൽ കാണിക്കേണ്ട പക്വതയാണ് .
അദ്ദേഹത്തിന് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ ശകാരിക്കാനും ശിക്ഷിക്കാനുള്ള അവകാശമുണ്ട്.
പക്ഷേ ഒരു പൊതുചടങ്ങിൽ പരസ്യമായി പരാമർശിച്ച് ( പേര് പറഞ്ഞില്ല എങ്കിൽക്കൂടിയും) മാനസികമായി വിഷമിപ്പിക്കാനും പീഡിപ്പിക്കാനും ഉള്ള അവകാശമില്ല.
(കണ്ണൂരിൽ 2021 -22ൽ ബഹു: മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥരുടെ പദ്ധതി പുരോഗതി റിപ്പോർട്ടിംഗ് മീറ്റിംഗിൽ ഗൗരവമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് പോലും ഒരു ഹെഡ്മാസ്റ്റർ എന്ന പോലെ മാതൃകാപരമായി ഇടപെട്ടത് ഓർത്തു പോകുന്നു.)
മാധ്യമങ്ങളുടെയും കനകക്കുന്നിൽ കൂടിയിരുന്നവരുടെയും സാന്നിധ്യത്തിൽ ബഹു: മന്ത്രി ആ ഉദ്യോഗസ്ഥനെയാണ് ഇടയ്ക്ക് സ്റ്റേജിൽ വിളിച്ചതെന്നും അതൃപ്തി പ്രകടിപ്പിച്ചതൊന്നും തോന്നുന്നു.
എങ്കിൽ അത് ശരിയായില്ല തന്നെ .
ഒരു നവീൻ ബാബുവിന്റെ അനുഭവം നമ്മുടെ മുന്നിലുള്ളതാണല്ലോ !
അഥവാ ആ ഉദ്യോഗസ്ഥനെയല്ല ബഹു: മന്ത്രി സ്റ്റേജിൽ വിളിച്ചതെങ്കിൽ ക്ഷമ ചോദിക്കുന്നു.
മനോരമ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
ഇത്തരം ചടങ്ങുകൾക്ക് പൊതുവേ വേദിയാകേണ്ടുന്ന പുത്തരിക്കണ്ടം പോലുള്ള സ്ഥലങ്ങൾ ഇപ്പോൾ MVD തെരഞ്ഞെടുക്കാത്തത് അത് മുൻ ഗതാഗതവകുപ്പ് മന്ത്രിയായ ശ്രീ. ആൻറണി രാജുവിന്റെ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതാകയാൽ ആണത്രേ!
അവിടെയാണെങ്കിൽ അദ്ദേഹത്തെ ആ ചടങ്ങുകളിൽ പ്രോട്ടോകോൾ പ്രകാരം അധ്യക്ഷൻ ആക്കേണ്ടി വരും!
അവർ തമ്മിലുള്ള ചില പ്രശ്നങ്ങളുള്ളതുകൊണ്ട് അത് ഒഴിവാക്കാനാണത്രേ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കനകക്കുന്ന് ഇത്തരം പരിപാടികൾക്ക് തിരഞ്ഞെടുക്കുന്നത് എന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അങ്ങനെയാണെങ്കിൽ അവിടെയും പ്രശ്നമുണ്ട്.
എന്തായാലും എൻറെ അഭിപ്രായത്തിൽ, സർക്കാരിന്റെ എല്ലാ നേട്ടങ്ങളെയും, എല്ലാ വികസന പ്രവർത്തനങ്ങളെയും തുടക്കങ്ങളെയും ഏതെങ്കിലും ഒരു വേദിയിലെ ഒരു ചടങ്ങിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആഘോഷിക്കുന്നതിനു പകരം സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും മറ്റു മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്.
ഫ്ലാഗ് ഓഫ് പോലുള്ള ചടങ്ങുകൾ ലളിതമായി നടത്തിയും കോടിക്കണക്കിന് ജനങ്ങളിൽ എത്തിയ്ക്കാം.
പ്രത്യേകിച്ചും ആനവണ്ടിക്കായി എത്രയോ ഗ്രൂപ്പുകളും പേജുകളും ആണ് സോഷ്യൽ മീഡിയയിൽ !
ഇതൊക്കെ അവർ ഏറ്റെടുത്ത് ആഘോഷമാക്കുന്ന സംഗതികളാണ്.
ഇതിലൊന്നും ഉദ്യോഗസ്ഥരെ ആവശ്യമില്ലാതെ ബലിയാടാക്കേണ്ട കാര്യവുമില്ല.
അവർ അവരുടേതായ ചുമതലകൾ നിർവഹിക്കട്ടെ.
അത് ചെയ്തില്ലെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.
കൂടുതൽ നവീൻ ബാബുമാരെ കേരളീയ സമൂഹത്തിൻ്റെ ദുഃഖങ്ങളിലേക്ക് ഇട്ടുകൊടുക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ദയവായി ശ്രദ്ധിക്കണം.
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും .![]()
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടന്റ്.
പി. കു : ( കൂട്ടിച്ചേർത്തത്) KSRTC യെ ഒരു മഹാദുരന്തത്തിൽ നിന്ന് കരകയറ്റിയതും ഇന്നത്തെ നിലയിൽ എത്തിച്ചതും ഇതേ മന്ത്രി തന്നെയാണ് എന്നത് മറക്കുന്നില്ല.
അതിൽ ബഹു: മന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്നു.
Photo source: News Malayalam 24×7
