
വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുന്നത് ക്രൈസ്തവ വിശ്വാസത്തെ ബാധിക്കുമോ?|മാത്യൂ ചെമ്പുകണ്ടത്തില്‍
ബംഗാളി സാഹിത്യകാരന് ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച “വന്ദേമാതരം” എന്ന കവിതയിൽ നിറഞ്ഞത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ ആവേശംവിതറിയ വരികളായിരുന്നു. ഈ ഗീതത്തിനു ഭാരതത്തിന്റെ ദേശീയഗാനമായ “ജനഗണമന”യ്ക്കു തുല്യമായി നിയമപരിരക്ഷയാണ് ഇപ്പോള്‍ നല്കപ്പെട്ടിരിക്കുന്നത്. ഈ ഗാനത്തോടു അനാദരവു കാണിക്കുകയോ ആലപിക്കുന്നതു തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഇനി മുതൽ ക്രിമിനല്‍ കുറ്റമാണ്.
വന്ദേമാതരം എന്ന വാക്കിന്റെ അര്‍ത്ഥം “അമ്മയെ വന്ദിക്കുന്നു” എന്നാണ്. ഭാരതം എന്ന മാതൃദേശമാണ് ഇവിടെ അമ്മ. പാട്ടിന്റെ ആദ്യത്തെ രണ്ടു ഖണ്ഡികകളില്‍ പ്രകൃതിരമണീയ സൗന്ദര്യത്തിൽ ആറാടിനിൽക്കുന്ന ഭാരതാംബയെ പ്രകീര്‍ത്തിക്കുന്നു. എന്നാൽ തുടർന്നുള്ള വരികളിൽ ഭാരതഭൂമിയെ വെറുമൊരു ഭൂപ്രദേശമായിട്ടല്ല, ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി ദേവീസങ്കല്പ്പങ്ങളോടു ഉപമിച്ചുകൊണ്ടാണു വിശേഷിപ്പിക്കുന്നത്. ഹിന്ദുമത ദൈവസങ്കല്‍പ്പങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഭാഗങ്ങളുടെ ആലാപനമാണ് ഇപ്പോള്‍ പലരേയും അസ്വസ്ഥരാക്കുന്നത്.
എല്ലാ മതസ്ഥര്‍ക്കും പാടാന്‍ സാധിക്കുന്ന വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു ഖണ്ഡികകള്‍ മാത്രം പാടിയാല്‍ മതിയെന്ന നിലപാടാണ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികൾ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍ ഇസ്ലാമിക സംഘടനകള്‍ ഈ വിഷയത്തിൽ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല. തങ്ങളുടെ ഏകദൈവവിശ്വാസ പ്രമാണങ്ങള്‍ക്ക് ഈ ഗാനം എതിരാണെന്ന് ഇസ്ലാമിക പണ്ഡിതര്‍ വാദിക്കുന്നു. ഇക്കൂട്ടരുടെ എതിര്‍പ്പ് വിശ്വാസപരമാണെന്നു മനസ്സിലാക്കാം.
സെമിറ്റിക് മതങ്ങളുടെ
ഏകദൈവവിശ്വാസം
ഏകദൈവവിശ്വാസം സംബന്ധിച്ചു സെമിറ്റിക് മതങ്ങള്‍ വച്ചുപുലര്‍ത്തുന്നതു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്. “ദൈവത്തിന്റെ ഏകത്വം” എന്നത് സെമിറ്റിക് മതബോധത്തിന്റെ അടിത്തറയാണ്. ആ അടിസ്ഥാന വിശ്വാസത്തെ മാറ്റിവച്ച് രാഷ്ട്രനിയമങ്ങള്‍ക്കു വിധേയരാകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ രക്തംചൊരിഞ്ഞും വിശ്വാസം സംരക്ഷിച്ച നിരവധി സംഭവങ്ങള്‍ ഈ മതചരിത്രത്താളുകളില് കാണാൻ കഴിയും. നെബുക്കദ്നേസര്‍ എന്ന ബാബേല്‍ രാജാവ് ഉണ്ടാക്കി ദുരാ താഴ്വരയില് സ്ഥാപിച്ച വിഗ്രഹത്തെ ആരാധിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തീച്ചൂളയില്‍ എറിയപ്പെട്ട യഹൂദബാലന്മാരുടെ കഥ ബൈബിളില്‍ ദാനിയേല്‍ പ്രവചനത്തില്‍ കാണാം (മൂന്നാം അധ്യായം). ദാരിയൂസ് രാജാവിനോടു പ്രാര്‍ത്ഥിക്കാതെ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ സിംഹക്കൂട്ടില്‍ എറിയപ്പെടുകയും അത്ഭുതകരമായി അതില്‍നിന്നു രക്ഷപ്പെടുകയും ചെയ്ത ദാനിയേലിനെ (ദാനിയേല്‍ 6) വിശ്വാസ വീരന്മാരുടെ പട്ടികയില്‍ പ്രമുഖസ്ഥാനത്ത് കാണാം.
ക്രൈസ്തവ സഭയുടെ ആരംഭകാലത്ത് റോമിലെ ചക്രവര്‍ത്തിമാര്‍ പലരും തങ്ങളെ ദൈവസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നു. ക്രിസ്ത്യാനികളോടു റോമാ ചക്രവര്‍ത്തിയോടു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട സംഭവങ്ങളും അതിനു തയ്യാറാകാതെ വന്നവരെ തീകൊളുത്തിയും സിംഹങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തും കൊലപ്പെടുത്തിയ സംഭവങ്ങളും ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.
ജീവന് കൊടുത്തും മതവിശ്വാസം സംരക്ഷിക്കാന്‍ തയ്യാറായ സെമിറ്റിക് മതബോധത്തിൽ ജീവിക്കുന്നവര്‍ക്കു വന്ദേമാതരം ഗീതത്തില്‍ മാതൃഭൂമിയെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവീസങ്കല്പ്പങ്ങളോടു ഉപമിച്ചു പാടി വന്ദിക്കുന്നതു വിശ്വാസപ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. എന്നാല്‍ യഹൂദ, ഇസ്ലാമിക മതങ്ങളെ മാറ്റിനിര്‍ത്തി, മറ്റൊരു സെമിറ്റിക് മതമായ ക്രൈസ്തവ വിശ്വാസത്തെ ഈ നിയമം എപ്രകാരമാണ് സ്വാധീനിക്കുക? ഈ ഗാനം വിഗ്രഹാരാധനയുടെ പരിധിയിൽ വരുമോ? ഈ വിഷയങ്ങളാണ് ബൈബിളിന്റെയും തിരുസ്സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ ഇവിടെ പരിശോധിക്കുന്നത്.
വന്ദേമാതരം ആലപിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിശ്വാസപ്രതിസന്ധി
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുമ്പോള്‍ പ്രധാനമായും ഉണ്ടായേക്കാവുന്നതു രണ്ടുവിധത്തിലുള്ള സംശയങ്ങളാണെന്നു കാണാം. ക്രിസ്തീയവിശ്വാസത്തിന്റെ നെടുംതൂണായ ഏകദൈവ വിശ്വാസം അടിയുറച്ചിരിക്കുന്നത് പഴയനിയമത്തിലെ പത്തു കല്‍പ്പനകളിലാണ്. ഇതിലെ ആദ്യ കല്‍പ്പന ഏകദൈവത്തില്‍ അല്ലാതെ മറ്റൊന്നിലും ദൈവത്വം ആരോപിക്കാനോ ആരാധിക്കാനോ പാടില്ല എന്നതാണ്. മാതൃഭൂമിയെ സ്നേഹിക്കുന്നതിനു ക്രൈസ്തവ വിശ്വാസം ഒരുവിധത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ ഭൂമിയെ അല്ലെങ്കില്‍ രാജ്യത്തെ ഒരു ദേവിയായി സങ്കല്പ്പിച്ചു വന്ദിക്കുമ്പോള്‍ അത് ബഹുദൈവ ആരാധനയാകില്ലേ എന്നതാണ് പ്രധാന സംശയം.
രണ്ടാമതായി, “വന്ദനം” എന്ന വാക്കിൻ്റെ അർത്ഥം കേവലം ആദരവ് പ്രകടിപ്പിക്കലാണോ അതോ ആരാധനയാണോ എന്ന സംശയമാണ്. വന്ദനത്തെ ആരാധനയായി മനസ്സിലാക്കുന്നവര്‍ ആകെ അസ്വസ്ഥരാണ്. അവർ വന്ദേമാതരത്തിലെ മുഴുവന്‍ ഖണ്ഡികകളും പാടുന്നിതിനോടു എതിർപ്പുള്ളവരാണ്.
അഭിപ്രായ സ്വാതന്ത്ര്യമെന്നത്
ശബ്ദിക്കാനും നിശ്ശബ്ദിക്കാനുമുള്ള
സ്വാതന്ത്ര്യം
വന്ദേമാതരം ആലപിക്കുമ്പോഴുണ്ടാകുന്ന വിശ്വാസപ്രതിസന്ധിയെ അതിജീവിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം സാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതിനു 1986ലെ പ്രസിദ്ധമായ Bijoy Emmanuel v State of Kerala (1986) കേസില്‍ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സഹായകമാകും.
“യഹോവയുടെ സാക്ഷികള്‍” എന്ന പ്രൊട്ടസ്റ്റന്റ് സംഘടനയിലെ സ്കൂള്‍ കുട്ടികള്‍ ദേശീയഗാനം പാടുന്ന സമയത്ത് ആദരവോടെ എഴുന്നേറ്റു നിന്നെങ്കിലും ഗാനം പാടുവാന്‍ വിസമ്മതിച്ച സംഭവം കേരളത്തിൽ ഉണ്ടായി. ഇത് കേസാവുകയും ഈ കേസ് സുപ്രീംകോടതിയിൽ എത്തുകയും ചെയ്തു. ഒടുവില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരുന്നു. ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം പോലെ നിശ്ശബ്ദമാകാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍, വന്ദേമാതരം ആലപിക്കുന്നത് വിശ്വാസപ്രതിസന്ധി സൃഷ്ടിക്കുമെന്നു കരുതുന്ന ക്രൈസ്തവര്‍ക്ക് ഈ ഗാനാലാപന സമയത്ത് ആദരവോടെ നിശ്ശബ്ദമായി നിന്നുകൊണ്ട് രാജ്യനിയമത്തെ ബഹുമാനിക്കാൻ സാധിക്കും.
വന്ദേമാതരം പൂര്‍ണ്ണമായി
ആലപിക്കുന്നത് ക്രൈസ്തവ
വിശ്വാസത്തെ ബാധിക്കുമോ?
മാതൃഭൂമിയെ സ്നേഹിക്കുന്നതും രാജ്യത്തോടുള്ള കടമകള്‍ നിര്‍വ്വഹിക്കുന്നതും ക്രൈസ്തവജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ടാണ് വിശുദ്ധ ബൈബിളും തിരുസ്സഭയും ഒരുപോലെ പഠിപ്പിക്കുന്നത്. “സീസര്‍ക്കുള്ളതു സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും” (മത്തായി 22:21) എന്ന ക്രിസ്തുമൊഴികള്‍ രാജ്യത്തോടുള്ള നിയമപരമായ പ്രതിബദ്ധതയും ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കുവാൻ ആവശ്യപ്പെടുന്നതോടൊപ്പം ദൈവത്തോടുള്ള വിധേയത്വവും ബഹുമാനവും നിലനിര്‍ത്താനും ആവശ്യപ്പെടുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് (സി.സി.സി 2239) സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നതും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതും അധികാരികളോടുള്ള വിധേയത്വവും ക്രൈസ്തവ വിശ്വാസികളുടെ കടമയുമായി നിര്‍വ്വചിച്ചിട്ടുണ്ട്. ക്രിസ്തുമൊഴികളുടെയും തിരുസ്സഭയുടെ പ്രബോധനത്തിന്റെയും അടിസ്ഥാനത്തില്‍ ഈ വിഷയത്തെ മനസ്സിലാക്കേണ്ടത് ഇന്നു വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
വന്ദേമാതരം എന്ന ദേശീയ ഗീതത്തില്‍ “വന്ദേ” (വന്ദനം) എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം ”ആദരിക്കുക, ബഹുമാനിക്കുക, നമസ്കരിക്കുക, പൂജിക്കുക, സ്തുതിക്കുക….” എന്നൊക്കെയാണ്. പത്തു കല്പ്പനകളില് നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന തത്വം തന്നെയാണ് മാതൃഭൂമിയോടും പ്രകടിപ്പിക്കേണ്ടത് എന്ന് കരുതുന്നതില്‍ തെറ്റുമില്ല.
വന്ദേമാതരത്തില്‍ ആവശ്യപ്പെടുന്ന ഭാരതമാതാ പൂജയും ക്രൈസ്തവ വിശ്വാസപ്രകാരം ദൈവത്തെ ആരാധിക്കുക എന്ന പ്രവൃത്തിയും തമ്മില്‍ ഇരുളും വെളിച്ചവും പോലുള്ള അന്തരമുണ്ട്. ഈ അന്തരം വ്യക്തമായി മനസ്സിലാക്കിയാല്‍ വന്ദേമാതരം എന്ന ദേശീയഗീതം പൂർണമായി പാടുന്നതു ക്രൈസ്തവരെ സംബന്ധിച്ചു യാതൊരു വിശ്വാസപ്രതിസന്ധിയും സൃഷ്ടിക്കില്ല എന്നു മനസ്സിലാക്കാൻ കഴിയും.
ആരാധനയും
വിഗ്രഹാരാധനയും
വന്ദേമാതരത്തില്‍ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവതകളുടെ പേരുകളോടു ചേർത്തു ഭാരതത്തെ ഉപമിക്കുന്ന വരികളുണ്ട്. എന്നാല്‍ ഒരു സാഹിത്യസൃഷ്ടിയായി ഈ കൃതിയെ മനസ്സിലാക്കുമ്പോള്‍ ഇത് അക്ഷരാര്‍ത്ഥത്തിലുള്ള വിഗ്രഹാരാധനയല്ല, മാതൃഭൂമിയുടെ വ്യത്യസ്ത ഭാവങ്ങളെ വിവരിക്കാന്‍ കവി ഉപയോഗിച്ച ആലങ്കാരിക (metaphor) പ്രയോഗങ്ങൾ മാത്രമാണ് ഇതിലെ ദേവീനാമങ്ങൾ എന്നു മനസ്സിലാക്കാന്‍ കഴിയും. ബൈബിള്‍ സാഹിത്യത്തിലും ഇപ്രകാരം പ്രകൃതിയെയും മലകളെയും രാജ്യങ്ങളെയും ചിത്രീകരിക്കുന്നുണ്ട്. “സീയോന്” (Zion) എന്നത് ദൈവത്തിന്റെ വാസസ്ഥലമായി നിരവധിയിടങ്ങളില്‍ പരാമർശിക്കുന്നുണ്ട്. വാസ്തവത്തില്‍ സീയോനെക്കുറിച്ചുള്ള വര്‍ണ്ണനകളാല്‍ ബൈബിള്‍ പുതിയനിയമവും പഴയനിയമവും മത്സരിക്കുന്നതായി തോന്നും. “ജെറുസലേമിനെ മറന്നാല്‍ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകുന്ന” ശിക്ഷ ലഭിക്കുന്ന കുറ്റമായി യഹൂദന് കണക്കാക്കുന്നു (സങ്കീര്‍ത്തനം 137). ജെറുസലേമിനെ മണവാട്ടിയായി കണക്കാക്കുന്നതാണ് പുതിയനിയമ ക്രൈസ്തവ ബോധനം. സ്വര്‍ഗ്ഗത്തില്‍ കുടികൊള്ളുന്ന ജെറുസലേമിനെ അമ്മയായി (ഗലാത്യ 4:26) പൗലോസ് ശ്ലീഹാ അവതരിപ്പിക്കുന്നു. അതായതു, രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും മഹത്വം പ്രഘോഷിക്കുന്നതു ഭാരതസംസ്കാരത്തില്‍ മാത്രമല്ല, ക്രൈസ്തവ സാഹിത്യത്തിലും കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്.
ഭൂമിയെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും ദൈവം ഇഷ്ടപ്പെടുന്ന കാര്യമാണ്. “ഭൂമിയെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കുമെന്നാണ്” വെളിപാടു പുസ്തകത്തില്‍ വായിക്കുന്നത് (വെളി 11:18). മനുഷ്യനോടുള്ള ബന്ധത്തിൽ, ദൈവപുത്രൻ്റെ മനുഷ്യാവതാരത്തോടുള്ള ബന്ധത്തിൽ ഭൂമി, ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഇടമാണ്. സങ്കീര്‍ത്തനത്തില്‍ “സൗന്ദര്യത്തികവാര്‍ന്ന സീയോനെ” പ്രകീര്‍ത്തിക്കുന്നതുപോലെ (സങ്കീര്‍ത്തനം 50:2) വന്ദേമാതരത്തിന്റെ അഞ്ചാം ഖണ്ഡികയില്‍ സൗന്ദര്യവതിയായ ഭാരതാംബയെ പ്രകീര്‍ത്തിക്കുന്നു. ബൈബിള്‍ സാഹിത്യത്തിന്റെ ഭാരതീയമായ ഒരു ശൈലിയാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി വന്ദേമാതരത്തില്‍ അവലംബിച്ചതെന്നു പറയാന്‍ കഴിയും.
ഭാരതാംബയെ വന്ദിക്കുന്നത്
ആരാധനയാണോ ?
വന്ദേമാതരം ആലപിക്കുമ്പോൾ ഭാരതാംബയെ വന്ദിക്കുവിൻ എന്നു പാടുന്നത് ബഹുദൈവാരാധനയാണെന്നു ഭയപ്പെടുന്ന ക്രൈസ്തവരുണ്ട്. ഇസ്ലാമിക പക്ഷത്തുനിന്നു നോക്കിയാല്‍ ഇത് ദൈവകോപത്തിന് കാരണമായേക്കാവുന്ന ഗുരുതരമായ കുറ്റമാണ്. എന്നാല്‍ ക്രൈസ്തവ പക്ഷത്തുനിന്നു നോക്കിയാല്‍ ഈ ഗാനത്തില്‍ ആരാധനയുടെ ഘടകമുണ്ടോ എന്ന് നോക്കാം.
ബൈബിളിന്റെയും ക്രൈസ്തവ സഭയുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ “ആരാധന” എന്നത് വാക്കുകളിലോ പാട്ടുകളിലോ ഉള്‍പ്പെടുത്താന്‍ കഴിയുന്നൊരു പ്രവൃത്തിയല്ല. ആരാധനയെന്നത് ബലിയര്‍പ്പണമാണ്. ക്രൈസ്തവ വിശ്വാസത്തില്‍ ആരാധന എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദൈവത്തിനു മാത്രം അര്‍പ്പിക്കുന്നതും (latria) തികച്ചും അനന്യവുമായ ഒരു കർമ്മമാണ്. സര്‍വ്വ പ്രപഞ്ചത്തിന്റെയും നാഥനായ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു (ആരാധന) എന്നത് “സീറോമലബാര്‍ സഭ”യുടെ വിശുദ്ധ കുര്‍ബാനയിലെ അതീവപ്രാധാന്യമുള്ള പ്രാര്‍ത്ഥനയും പ്രഖ്യാപനവുമാണ്.
ക്രൈസ്തവ വിശ്വാസത്തില്‍ ആരാധന എന്നത് ബലിയര്‍പ്പണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതിനാല്‍ ഒരു ഗാനം താളമേളങ്ങളോടെ പാടുന്നതോ തുള്ളിച്ചാടുന്നതോ ആര്ത്തുവിളിക്കുന്നതോ ഒന്നും ബലിയര്‍പ്പണത്തിന് പകരമാകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബലിയര്പ്പണമല്ലാത്ത യാതൊരു പ്രവൃത്തിയിലേക്കും “ആരാധന” എന്ന പദത്തിന്റെ ആന്തരികാര്‍ത്ഥത്തെ സന്നിവേശിപ്പിക്കാന്‍ ക്രൈസ്തവ വിശ്വാസപ്രകാരം സാധ്യമല്ല. അതുകൊണ്ട്, വന്ദേമാതരം എന്ന ഗാനത്തിന്റെ മുഴുവന്‍ സ്റ്റാന്സകളും പാടിയാലും അവിടെ ബലിയർപ്പണമോ ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ആരാധനയോ സംഭവിക്കുന്നില്ല. അത് കേവലം വാക്കുകള്‍കൊണ്ടുള്ള ഒരു ആദരവ് പ്രകടമാക്കല് മാത്രമായി നിലകൊള്ളും.
കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് ദൈവത്തെ ആരാധിക്കുക എന്നതിന്റെ അര്‍ത്ഥം, ”ദൈവത്തെ ദൈവമായി, സൃഷ്ടാവും രക്ഷകനുമായി, അസ്തിത്വമുള്ള സകലത്തിന്റെയും കര്‍ത്താവും അധിനാഥനുമായി, അനന്തവും കരുണാര്‍ദ്ര സ്നേഹവുമായി അംഗീകരിക്കുക” എന്നാണ് അര്‍ത്ഥമാക്കുന്നത് (സിസിസി 2096). ദൈവത്തെ ആരാധിക്കുന്നതൊടൊപ്പം ”സൃഷ്ടിയുടെ ശൂന്യതയെ ആദരവോടും പൂര്ണ്ണവിധേയത്വത്തോടും കൂടെ അംഗീകരിക്കുക” എന്നും (സിസിസി 2097) കത്തോലിക്കാ സഭ അസന്നിഗ്ധമായി പഠിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍, ഈ ഭൂമിയിലുള്ള സകലവും നശ്വരമായ സൃഷ്ടപ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ ഉള്‍പ്പെടുന്ന മാതൃദേശത്തെയും അതിന്റെ സംസ്കൃതിയെയും ആദരവോടെ മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും ക്രിസ്ത്യാനിയുടെ കടമയായി തിരുസ്സഭ പ്രബോധിപ്പിക്കുന്നു.
ചുരുക്കത്തിൽ, ബൈബിളിന്റെയും സഭയുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ പഠിച്ചാൽ, വന്ദേമാതരം എന്ന ദേശീയഗീതത്തിലെ മുഴുവൻ ഖണ്ഡികകളും ഒരു ക്രിസ്തുവിശ്വാസി പാടുമ്പോൾ അവിടെ ഒരുവിധത്തിലുമുള്ള വിശ്വാസപ്രതിസന്ധിയും സംഭവിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

മാത്യൂ ചെമ്പുകണ്ടത്തില്‍
