ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ…|കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു
ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ…
കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു എന്ന വസ്തുത വെളിച്ചത്തു കൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി പ്രശംസ അർഹിക്കുന്നു.
സൂപ്പർ താരങ്ങൾ, സൂപ്പർ സംവിധായകർ, സൂപ്പർ സംഘടനാ നേതാക്കൾ, സൂപ്പർ കങ്കാണികൾ എന്നിവരെല്ലാം രാവണപ്രഭുക്കളും പ്രമാണിമാരുമായി വിരാചിക്കുന്ന കാര്യവും ഈ റിപ്പോർട്ട് സമർത്ഥിക്കുന്നു. ദു:ശ്ശാസനന്മാർ പരസ്യമായി പെണ്ണിൻ്റെ ഉടുതുണി ഉരിഞ്ഞുകൊണ്ട് മദലഹരിയിൽ അഴിഞ്ഞാടുന്ന അരങ്ങ് കൂടിയാണ് സിനിമ എന്നും ഈ റിപ്പോർട്ട് വെളിവാക്കുന്നു.
ജസ്റ്റിസ് ഹേമയോട് ഈ സന്ദർഭത്തിൽ, ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ല. സംഭവിച്ചതോ സംഭവിച്ചുകൊണ്ടിരിക്കുന്നതോ സംഭവിക്കാവുന്നതോ ആയതും നിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്നതുമായ കുറ്റകൃത്യത്തെ കുറിച്ച് ഒരു ഭാരതപൗരന് അറിവു ലഭിച്ചാൽ അക്കാര്യം പോലീസിനെ അറിയിക്കുക എന്നത് അയാളുടെ നിയമാനുസൃത ബാദ്ധ്യതയാണ് (Cr. PC 43).
അങ്ങനെ അറിവ് ലഭിച്ചാൽ പോലീസ് FIR എഴുതണം. അതിൻ്റെ പകർപ്പ് ഈ വിവരം നൽകിയ വ്യക്തിക്ക് നൽകുകയും വേണം (Cr. PC 154). കുറ്റകൃത്യം സ്റ്റേറ്റിന് എതിരെയാണെങ്കിൽ നിർബന്ധമായും പൗരൻ അക്കാര്യം പോലീസിനെ അറിയിച്ചിരിക്കണം. ബലാത്സംഗ കേസിൽ സ്റ്റേറ്റാണ് വാദി എന്നും ഓർക്കണം. ഈ സാഹചര്യത്തിൽ ബലാത്സംഗ കേസിലെ ഇര പരാതി എഴുതിക്കൊടുത്താൽ മാത്രമേ FIR എഴുതൂ എന്ന ദുർവാശി നിയമ വിരുദ്ധമാണ്.
ഈ സാഹചര്യത്തിൽ ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ല. ജസ്റ്റിസ് ഹേമ കമ്മറ്റി മുമ്പാകെ ഹാജരായവരിൽ ചിലർ തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു മൊഴി നൽകിയിട്ടുണ്ട്. ബലാത്സംഗം സ്റ്റേറ്റിന് എതിരെയുള്ള ജാമ്യമില്ലാ കുറ്റമാണ്. നിയമപ്രകാരം അക്കാര്യം പോലീസിനെ അറിയിക്കേണ്ടതല്ലേ? എന്നിട്ടും എന്തുകൊണ്ട് ജസ്റ്റിസ് ഹേമ അക്കാര്യം പോലീസിനെ അറിയിച്ചില്ല?
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഏത് നിയമമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഈ പൊതുനിയമത്തിൽ നിന്നും ഇളവ് നൽകുന്നത്?
കയ്യൂക്കുള്ള 15 കുറ്റവാളികളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇരകൾ നൽകിയ മൊഴിയിലാണ് അവരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കറ്റവാളികളുടെ പേരുകൾ, അവരുടെ സ്വകാര്യതയെ മാനിച്ച്, മൂടിവെയ്ക്കണമെന്ന് ജസ്റ്റിസ് ഹേമ നിർദ്ദേശിച്ചു.
ഒരു ജാമ്യമില്ലാ കുറ്റത്തെ കുറിച്ചു അറിവ് ലഭിച്ചാൽ അക്കാര്യം രഹസ്യമാക്കി വെയ്ക്കാനും കറ്റാരോപിതരുടെ പേരുകൾ, അവരുടെ സ്വകാര്യതയെ മാനിച്ചു മറച്ചു വെയ്ക്കാനും ഏത് നിയമമാണ് സാധുത നൽകുന്നത്?
സ്വകാര്യതയുടെ പേരിൽ ഇരകൾക്ക് മാത്രമാണ് സംരക്ഷണമുള്ളത്; കുറ്റാരോപിതർക്കില്ല. എന്നിട്ടും, ജസ്റ്റിസ് ഹേമ എങ്ങനെയാണ് ഇവ്വിധമൊരു സുരക്ഷ അവർക്ക് നൽകിയത്?
(ഡോ. കെ. എസ്. രാധാകൃഷ്ണൻ)