ഭാര്യയുടെ ഓർമ്മകളുമായിഒരു ഏകാകി
പ്രായമേറിയിട്ടും ആ ദമ്പതികളുടെ സ്നേഹത്തിന് ഒട്ടും കുറവില്ലായിരുന്നു.
മണിക്കൂറുകളോളം സംസാരിക്കാൻ
അവർക്ക് വിഷയങ്ങളുണ്ടായിരുന്നു.
ഇതിനിടയിൽ ഭാര്യ രോഗിണിയായി.
അവളെയും കൊണ്ട്
ഒട്ടും മടുപ്പില്ലാതെ അയാൾ
ആശുപത്രികൾ കയറിയിറങ്ങി.
അവരിരുവരും ആശുപത്രി കാൻ്റീനിൽ നിന്ന് ചായയും പലഹാരങ്ങളും വാങ്ങിക്കഴിക്കും. അവരുടെ സ്നേഹം കണ്ട് പലരും
അസൂയ പൂണ്ടിരുന്നു.
വർഷങ്ങൾ കടന്നുപോയി.
പ്രതീക്ഷിച്ചതു പോലെ
ഒരുനാൾ അയാളെ തനിച്ചാക്കി
അവൾ യാത്രയായി.
വല്ലാത്ത ഒരു ഒറ്റപ്പെടൽ
അയാളെ വിഴുങ്ങിയെങ്കിലും
വീടിൻ്റെ അകത്തളങ്ങളിൽ
അവളുടെ സാമീപ്യം അനുഭവപ്പെട്ടപ്പോൾ അയാൾ വീണ്ടും പുഞ്ചിരിച്ചു.
പറഞ്ഞു വരുന്നത് മലയാളത്തിൻ്റെ
സ്വന്തം എഴുത്തുകാരനായ പെരുമ്പടവം ശ്രീധരനെക്കുറിച്ചാണ്.
തൻ്റെ ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ലോകത്തോട് പറഞ്ഞതിങ്ങനെയാണ്:
“അവളായിരുന്നു എൻ്റെ എല്ലാം.
പ്രസാധകരും എഴുത്തുകാരുമെല്ലാം അവളെയാണ് വിളിച്ചിരുന്നത്.
അപ്പോൾ അവൾ വന്നു പറയും:
‘എത്ര തവണയാ ഒരാളെക്കൊണ്ട് വിളിപ്പിക്യാ….
അതങ്ങ് എഴുതിക്കൊടുത്തു കൂടെ?’
ആ വാക്കുകളുടെ ഊർജത്തിൽ
ഞാനെഴുതി തുടങ്ങും.
അവൾ മരിക്കുന്നതിനു മുമ്പ്
എഴുതി തുടങ്ങിയ ഒരു നോവലുണ്ട്.
പതിനാറു വർഷം മുമ്പ് മാറ്റിവച്ചിരുന്നത്. അതാണ് ഞാനിപ്പോൾ പുനർവായന നടത്തി എഴുതിപ്പൂർത്തിയാക്കുന്നത്.
എഴുത്തിലുടനീളം അവളുടെ സാന്നിധ്യം ഞാനനുഭവിക്കുന്നു.”
തൻ്റെ ഭാര്യയെ മനസിൽ ധ്യാനിച്ച് ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം തുടർന്നു:
“അവൾ ആറേഴു വർഷത്തോളം രോഗിണിയായിരുന്നു.
എൻ്റെ ജീവിതത്തിൽ ഞാനെന്തെങ്കിലും
പുണ്യ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ,
അത് എൻ്റെ ഭാര്യക്കുവേണ്ടി
മരണം വരെ കാവലിരുന്നു എന്നതാണ്!”
(കടപ്പാട്: സോഫിയ ടൈംസ് ഓൺലൈൻ
https://youtu.be/MLwYSIx5Yvw )
എത്രയോ സുദൃഢവും
വിശുദ്ധവുമായ ദാമ്പത്യം!
പ്രേമിച്ചു വിവാഹം കഴിച്ചവർ വരെ
വേർപിരിയാൻ വെമ്പൽ കൊള്ളുന്ന
ഈ കാലഘട്ടത്തിൽ,
പെരുമ്പടവം ശ്രീധരനെപ്പോലുള്ളവർ
എല്ലാ ദമ്പതികൾക്കും ഒരു
വെല്ലുവിളി തന്നെയാണ്.
സ്നേഹത്തിൻ്റെ ആഴങ്ങൾ
അളക്കുന്നത് സഹനത്തിലും രോഗത്തിലും
ദാരിദ്ര്യത്തിലും വാർദ്ധക്യത്തിലുമാണെന്ന സത്യം നമ്മൾ മനസിലാക്കണം.
ഇവിടെയാണ് മൂന്നാവർത്തി തള്ളിപ്പറഞ്ഞ പത്രോസിനോടുള്ള ക്രിസ്തുവിൻ്റെ ചോദ്യത്തിന് അർത്ഥമേറുന്നത്:
“യോഹന്നാന്റെ പുത്രനായ ശിമയോനെ,
നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ?”
(യോഹ 21 :15).
വാക്കുകൾകൊണ്ട് ഉത്തരം കൊടുക്കാൻ കഴിയുന്ന ചോദ്യമല്ലിത്.
ഒരു നിമിഷം ധ്യാനിക്കാമോ…
ക്രിസ്തുവിനോടും
ജീവിത പങ്കാളിയോടും
മക്കളോടുമെല്ലാം
എനിക്കെത്രമാത്രം സ്നേഹമുണ്ടെന്ന്?
ഫാദർ ജെൻസൺ ലാസലെറ്റ്