സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ ജീവൻ എല്ലായ്പോഴും തുറന്നുവയ്ക്കപ്പെട്ട ഒരു വേഗയന്ത്രമാണ് ഇരുചക്രവാഹനങ്ങൾ

Share News

ഇരുമെയ്യാണെങ്കിലും…12.O

വാഹനയാത്രയിൽ സുരക്ഷയാണ് പ്രധാനം, യാത്രാസുഖം രണ്ടാമതാണ്. ഇന്ന് പക്ഷെ വീടിനുള്ളിലെ സുഖസൗകര്യങ്ങളും സ്വകാര്യതയും വാഹനയാത്രയിലും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന കാലഘട്ടമാണ്. പഴി സൂര്യനും ചൂടിനുമാണെങ്കിലും കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ എന്നിവ ഈ സ്വകാര്യകാരണങ്ങളാൽ പ്രചാരം നേടിയ നിയമലംഘനങ്ങളുമാണ്

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കംഫർട്ട് കൺവീനിയൻസ് പ്രൈവസി അതായത് സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. ടൂവീലറുകളുടെ ഇനവിവരണം അഥവാ specification-നിൽ Comfort and Convenience എന്നൊരു കോളം തന്നെ ഉണ്ടാകില്ല…!!

സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ ജീവൻ എല്ലായ്പോഴും തുറന്നുവയ്ക്കപ്പെട്ട ഒരു വേഗയന്ത്രമാണ് ഇരുചക്രവാഹനങ്ങൾ. റോഡിൽ ഏറ്റവും സുരക്ഷിതർ കാർ, ട്രക്ക്, ബസ്സ് ഡ്രൈവർമാരാണെന്ന ബോധ്യം ഏറ്റവും വേണ്ടത് ഇരുചക്ര വാഹനയാത്രക്കാർക്കാണ്. “ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്ക്ക് തന്നെ”

ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹനയാത്രക്കാർ മിക്കപ്പോഴും രക്ഷപ്പെടുന്നത് മറ്റു ഡ്രൈവർമാരുടെ കാരുണ്യത്താലാണ്. ടൂവീലർവീരന്മാരോട് “വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ“ എന്ന് ഹോൺ മുഴക്കേണ്ടിവരുന്നത് അവരെ പേടിച്ചിട്ടുകൂടിയാണ് എന്നത് ഒരു വസ്തുതയല്ലെ. ഈ ബോധ്യം ഒട്ടുമില്ലാത്തത് ഒരു പക്ഷെ ഇരുചക്രാസനക്കാർക്ക് തന്നെയാകും

ഘടാഘടിയന്മാരായ മറ്റു വണ്ടികളുടെ ബ്ലൈൻഡ് സ്പോട്ടുകൾ, ടൂ വീലറുകളുടെ “ബ്ലാക്ക് സ്പോട്ടുകൾ“ ആണ് എന്ന് മനസ്സിലാക്കുക. ടെയിൽ ഗേറ്റിംഗ്, ഓവർടേക്കിംഗ് (വലതായാൽക്കൂടി) തുടങ്ങിയ കസർത്തുകളൊക്കെ ‘ചേട്ടന്മാരുടെ’ കാണാമറയത്താണ് എന്ന കാര്യം, ബ്ലൈൻഡ് സ്പോട്ടുകളില്ലാത്ത ഇരു’ചക്രശ്വാസ’ക്കാരൻ സ്പോട്ട് ബ്ലൈൻഡ് ബാധിച്ച് മറന്നുപോകുന്നു

വിവിധ ക്യാമറകൾ, അപകടദൃശ്യങ്ങൾ കണ്ട് കാരണങ്ങൾ മനസ്സിലാക്കാൻ വളരെ സഹായിക്കുന്നുണ്ട്. അപകടങ്ങളെക്കാൾ ഭാഗ്യം, ദൈവാധീനം, ആയുസ്സിൻ്റെ ബലം ഇവ കൊണ്ടു മാത്രം രക്ഷപ്പെടുന്ന യഥാർത്ഥജീവദൃശ്യങ്ങൾ ഇന്ന് കൈവെള്ളയിൽ ലഭ്യമാണ്. അപകടങ്ങൾ കുറയ്ക്കാൻ റോഡുകളിലെ ഈ Near miss incidents പൂർണ്ണമായും ഇല്ലാതായാലെ സാദ്ധ്യമാവുകയുള്ളു

റോഡുകളിൽ ഒരു ഇരുചക്രയാത്രക്കാരൻ്റെ ‘സുഖസൗകര്യം‘ എന്നത് സ്വരക്ഷയ്ക്കുള്ള സുരക്ഷാസ്വഭാവം മാത്രമാണ്. പരീക്ഷണശാലയിലെ തെറ്റ് തിരുത്തൽ തത്വം (Trial & Error method) റോഡിൻ്റെ വിശാലതയിൽ വേണ്ടേ വേണ്ട. മറ്റുള്ളവരുടെ കാരുണ്യം മാത്രമായ ഈശ്വരാധീനഭാഗ്യപരീക്ഷണങ്ങൾ പരിരക്ഷാഭീഷണമായതിനാൽ തീരുമാനിക്കണം, തീരുമാനിച്ചേ മതിയാവൂ, “ഇനിയില്ല റോഡിൽ ഭാഗ്യപരീക്ഷണങ്ങൾ”

Share News