എഐ കാമറകള്‍ തുണച്ചില്ല,2023ല്‍ കേരളത്തിലെ റോഡില്‍പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങള്‍

Share News

നിര്‍മ്മിതബുദ്ധി കാമറകള്‍ (എഐ കാമറകള്‍) സ്ഥാപിച്ചാല്‍ റോഡപകടങ്ങളും അപകടമരണങ്ങളും കുറയുമെന്ന കേരള സര്‍ക്കാരിന്‍റെ വാദങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും 2023-ല്‍ കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പെട്ടു പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങളാണെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ റോഡപകടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പേജിലാണ് 2023ലെ അപകടങ്ങളില്‍ മരിച്ചവരുടെ സംഖ്യ വ്യക്തമാക്കുന്നത്.

https://keralapolice.gov.in/crime/road-accidents?fbclid=IwAR21cee7Ap5Bv8Q6rSuDO2k9JnohEoY0IwM2NRuMN5MSkClUn2h51oJxhqI

റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഭയാനകമായ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Businessman on blurred background using digital artificial intelligence icon hologram 3D rendering

2023-ല്‍ 48,141 അപകടങ്ങളാണ് കേരളത്തിലെ റോഡുകളിലുണ്ടായത്. 2022ല്‍ 43,910 അപകടങ്ങള്‍; അതായത് 2022നെക്കാള്‍ അധികമായി 4,231 അപകടങ്ങള്‍ 2023ല്‍ ഉണ്ടായി.

2023 ൽ കേരളത്തിലെ വാര്‍ഷിക റോഡപകടങ്ങളുടെ എണ്ണം അമ്പതിനായിരം കടന്നിരിക്കുന്നു.

2023ല്‍ 54,369 പേര്‍ക്കാണ് പരിക്കേറ്റതെങ്കില്‍ 2022ല്‍ പരിക്കേറ്റത് 49,307 പേര്‍ക്കായിരുന്നു. 2022നെ അപേക്ഷിച്ച് 2023ല്‍ 5,062 അധികമാളുകള്‍ക്കാണ് പരിക്കേറ്റത്.

2016 മുതല്‍ കഴിഞ്ഞ ഏട്ടു വര്‍ഷങ്ങളിലായി 31,896 പേരാണ് റോഡപകടങ്ങളിലൂടെ കേരളത്തില്‍ മരിച്ചത്. ഇത് കേരളത്തിലെ ഒരു പഞ്ചായത്തിലെ ശരാശരി ജനസംഖ്യയാണെന്നു തിരിച്ചറിയുമ്പോഴാണ് ഈ മരണനിരക്കിന്‍റെ ഗൗരവം വര്‍ദ്ധിക്കുന്നത്. ഓരോ വര്‍ഷവും കേരളത്തിലെ ഒരോ പഞ്ചായത്ത് വാര്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമായ ജനങ്ങളാണ് റോഡപകടത്തെ തുടര്‍ന്ന് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ ഒരു പഞ്ചായത്തിലെ ജനസംഖ്യയേക്കാള്‍ അധികമാളുകള്‍ക്ക് വർഷം തോറും പരിക്കേല്‍ക്കുകയോ അപകടങ്ങളെത്തുടർന്ന് അംഗവൈകല്യം സംഭവിക്കുകയോ തീരാരോഗികളാവുകയോ ചെയ്യുന്നു.

യു.കെയില്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് റോഡപകടങ്ങള്‍ 68% കുറഞ്ഞപ്പോള്‍ കേരളത്തില്‍ 25% കുറവു മാത്രമേ ഉണ്ടായുള്ളൂ എന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. ഇതിനാൽ കേരളത്തിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും സർക്കാരോ സർക്കാരിതേര സംഘടനകളോ പഠന വിധേയമാക്കേണ്ടതും പരിഹാരമാർഗ്ഗങ്ങൾ അടിയന്തരമായി കണ്ടെത്തുകയും വേണം.

വന്യമൃഗശല്യം രൂക്ഷമാവുകയും ഒരു മാസത്തിനുള്ളിൽ രണ്ടു വ്യക്തികളെ കാട്ടാനകള്‍ ആക്രമിച്ചു കൊല്ലുകയും ചെയ്തതിനാല്‍ വയനാട് ജില്ലയില്‍ പ്രത്യേകിച്ചും കേരള സംസ്ഥാനത്ത് പൊതുവിലും വന്യമൃഗങ്ങളുയര്‍ത്തുന്ന ഭീഷണിക്കെതിരേ ഒരു പൊതുവികാരം ഉയർന്നിട്ടുണ്ട്. ഇപ്രകാരമൊരു പൊതുജനശ്രദ്ധ അടിയന്തരമായി റോഡപകടങ്ങളുടെ പേരിലും ഉയരേണ്ടതുണ്ട്.

കേരളത്തിലെ റോഡുകളിൽ ദിവസേന ശരാശരി 10 പേർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. 130-ലേറെ അപകടങ്ങളും ഉണ്ടാകുന്നു. Al കാമറകൾ സ്ഥാപിച്ച് ശക്തമായ ഗതാഗത നിരീക്ഷണവും വേഗത പരിശോധനകളും നടക്കുമ്പോഴും അരലക്ഷത്തിലേറെ റോഡപകടങ്ങള്‍ ഉണ്ടായതും അത്രതന്നെ ആളുകള്‍ക്ക് പരിക്കേറ്റതും നാലായിരത്തിലേറെ ആളുകള്‍ മരിച്ചുവെന്നതും സർക്കാർ അതീവഗൗരവമായി കാണേണ്ടതുണ്ട്.

ഇന്ത്യന്‍ റോഡുകളില്‍

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;

ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ റോഡപകടങ്ങളിലൂടെയുള്ള മരണനിരക്ക് അഞ്ച് ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇത് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് ലോകാരോഗ്യ സംഘടന 2023 ഡിസംബര്‍ 18ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡപകടങ്ങളെക്കുറിച്ച് ഇന്ത്യയിലെ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയുടെ കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് റിസേര്‍ച്ച് വിംഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2022ല്‍ മാത്രം ഇന്ത്യയില്‍ 4,61,312 അപകടങ്ങളിലൂടെ 1,68,491 മരിച്ചു എന്നാണ്.

2021ല്‍ 3,84,448 അപകടങ്ങളിലൂടെ 1,53,972 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ശരാശരി 19 പേര്‍ റോഡപകടത്തില്‍ മരണപ്പെടുന്നു, അതായത് ദിവസേന 462 പേര്‍ ഇന്ത്യന്‍ റോഡുകളില്‍ അപകടത്തിലൂടെ മരണപ്പെടുന്നു. 2023-ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.

യു.എന്‍ അംഗരാജ്യങ്ങളിലെ ജപ്പാന്‍, റഷ്യ, യുഎഇ തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍ അമ്പത് ശതമാനത്തിലേറെ റോഡപകടങ്ങളുടെയും മരണത്തിന്‍റെയും നിരക്കു കുറഞ്ഞപ്പോള്‍ മറ്റ് 35 ഓളം രാജ്യങ്ങളില്‍ 30 മുതല്‍ 50 ശതമാനം വരെയും അപകട, മരണനിരക്കുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റോഡപകടനിരക്കുകള്‍ ഉയര്‍ന്നുപോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റോഡ് അപകടങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ 5-7% ജിഡിപിക്കു തുല്യമായ ധനനഷ്ടമാണ് ഓരോ വര്‍ഷവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ റോഡപകടങ്ങളില്‍ ഏറ്റവുമധികം സംഭവിക്കുന്നത് തമിഴ്നാട്ടിലാണ്. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശും മൂന്നാം സ്ഥാനത്ത് കേരളവുമാണ്.

ഇന്ത്യന്‍ റോഡുകളിലെ അപകടങ്ങളുടെ മുഖ്യകാരണം 72% അമിതവേഗതയും രണ്ടാം സ്ഥാനത്ത് എതിര്‍ദിശയിലൂടെയുള്ള ഡ്രൈവിംഗ്, ഓവര്‍ടേക്കിംഗ് എന്നിവയും മൂന്നാം സ്ഥാനത്ത് മദ്യപിച്ചുള്ള ഡ്രൈവിംഗും നാലാം സ്ഥാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള അപകടവുമാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.

2030 ഓടെ റോഡപകടങ്ങളും മരണനിരക്കും പകുതികണ്ട് കുറയ്ക്കണമെന്ന് 2020ല്‍ സ്റ്റോക്ക്ഹോമില്‍ ചേര്‍ന്ന വേള്‍ഡ് റോഡ് കോണ്‍ഗ്രസ് ലോകരാജ്യങ്ങളോടു നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ 2023 കഴിഞ്ഞിട്ടും റോഡ് അപകടങ്ങളോ മരണനിരക്കോ കുറയ്ക്കുന്നതിനുള്ള യാതൊരു നീക്കവും ഇന്ത്യയില്‍ ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യന്‍ റോഡ് സേഫ്റ്റി കാമ്പയിന്‍ വക്താവ് ഡി ഗുപ്തയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News